ഹൈക്കോടതി നിര്‍ദ്ദേശത്തിന് പുല്ലുവിലയെന്ന് അഞ്ജലി നായര്‍; തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതിയെ സമീപിക്കും; റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചത് രാഷ്ട്രീയ പ്രേരിതവും ഏകപക്ഷീയവുമായ നിലപാടെന്ന് അഞ്ജലി നായര്‍

Update: 2026-04-05 05:21 GMT

തൃപ്പൂണിത്തുറ : വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിലും ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന ആവശ്യത്തെ അനുകൂലമായി പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം റിട്ടേണിംഗ് ഓഫീസര്‍ അട്ടിമറിച്ചുവെന്ന് അഞജിലി നായര്‍ പറഞ്ഞു. രാഷ്ടീയ ഗൂഢലക്ഷ്യത്തോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ നിലപാട് സ്വീകരിച്ചതെന്നും ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അഞ്ജലി നായര്‍ പറഞ്ഞു.

തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തന്നെ സിനിമാ മേഖലയിലും, പൊതുവായും അഞ്ജലി നായര്‍ എന്നാണ് അറിയപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോസ്റ്ററടിച്ചതും, പ്രചരണം നടത്തിയതും അങ്ങനെയാണെന്നും അതിനാല്‍ ഇപ്പോള്‍ ബാലറ്റില്‍ ചേര്‍ത്തിരിക്കുന്ന അഞ്ജലി പി.വി. എന്ന തന്റെ പേര്് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിച്ചില്ല.

തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ നാലാം തിയതി ഹിയറിംഗ് നടത്തി അന്നുതന്നെ അനുഭാവപൂര്‍വ്വം തീരുമാനം എടുക്കണമെന്നും റിട്ടേണിംഗ് ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ ഹിയറിംഗ് നടത്തിയെങ്കിലും തന്റെ ആവശ്യം നിഷ്‌കരുണം തള്ളുകയായിരുന്നുവെന്ന് അഞ്ജലി നായര്‍ പറഞ്ഞു. നീതിക്കായി തിങ്കളാഴ്ച്ച ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും അഞ്ജലി നായര്‍ പറഞ്ഞു

Similar News