നിലമ്പൂര്‍ പിടിക്കാന്‍ വീണ്ടും അന്‍വറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമോ? ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ല; ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അന്‍വര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍; യുഡിഎഫിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന സിപിഎം ഇനി എന്തു ചെയ്യും? മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം; നിലമ്പൂരില്‍ കാറും കോളും മാത്രം

Update: 2025-05-26 07:04 GMT

കോഴിക്കോട്: നിലമ്പൂരില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല! നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. ഇത് പിവി അന്‍വര്‍ അംഗീകരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ചാനലുകളില്‍ അത്തരത്തില്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് ഷൗക്കത്തിനെതിരെ ആര്യാടന്‍ രംഗത്തു വന്നു. വിഎസ് ജോയിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. അന്‍വര്‍ ഇടഞ്ഞതോടെ യുഡിഎഫില്‍ പ്രതിസന്ധിയായി. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ താന്‍ മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. സിപിഎമ്മിനും നിലമ്പൂരില്‍ വ്യക്തയില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന തരത്തിലാണ് വിലയിരുത്തല്‍ എത്തുന്നത്. കോണ്‍ഗ്രസിലും യുഡിഎഫിലും ഉയരുന്ന വിമത സ്വരം അറിയാനായിരുന്നു ഇതെല്ലാം. എന്നാല്‍ ഇപ്പോള്‍ അന്‍വറാണ് ഇടയുന്നത്. ഇതോടെ അന്‍വറിനെ വീണ്ടും സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന രാഷ്ട്രീയ കൗതുകം സജീവമാകുകയാണ്. ഏതായാലും അന്‍വറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കില്ല. പക്ഷേ യുഡിഎഫിലെ പ്രതിസന്ധി മുതലെടുക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ സിപിഎം മത്സരിപ്പിക്കും. ബിജെപിയും മത്സരിക്കണമോ എന്നതില്‍ തീരുമാനം എടുത്തിട്ടില്ല. ജയസാധ്യത ഇല്ലാത്ത സ്ഥലത്ത് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. ഏതായാലും അടിയൊഴുക്കുകളാകും നിലമ്പൂരിലെ വിജയിയെ നിശ്ചയിക്കുക. അതിന്റെ സൂചനകളാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുന്നണിയ്ക്കുള്ളിലുണ്ടാകുന്ന അസ്വാരസ്യങ്ങളില്‍ നിറയുന്നത്. അന്‍വറിന്റെ ഉടക്ക് യുഡിഎഫ് ചര്‍ച്ച ചെയ്യും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൊട്ടിത്തെറിയിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നല്‍കി പിവി അന്‍വര്‍ രംഗത്ത് എത്തി. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താന്‍ രാജിവച്ചത്. പിണറായിസത്തെ തോല്‍പ്പിക്കാന്‍ ചെകുത്താന്റെ ഒപ്പം നില്‍ക്കും, പക്ഷെ ചെകുത്താന്‍ നല്ലത് ആയിരിക്കണം. താന്‍ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനം വൈകുന്നതില്‍ കടുത്ത എതിര്‍പ്പും പി വി അന്‍വര്‍ ഉന്നയിച്ചു. അസോസിയേറ്റഡ് മെമ്പര്‍ ആക്കും എന്നാണ് പറഞ്ഞത്, അതും ആക്കിയില്ല. 'അസോസിയേറ്റഡ് മെമ്പര്‍ എന്നാല്‍ ബസിന്റെ വാതിലില്‍ നില്‍ക്കുന്നത് പോലെയാണ്. സീറ്റ് കിട്ടിയാല്‍ അല്ലേ ഇരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രവര്‍ത്തകര്‍ക്ക് അതൃപ്തി ഉണ്ട്. യുഡിഎഫില്‍ നടക്കുന്നത് അന്തം വിട്ട ആലോചനയാണ്. ഇപ്പോഴും ഗൗരവം നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടില്ല. താന്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചിട്ടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയോട്, സണ്ണി പ്രസിഡന്റ് ആയിട്ട് ദിവസങ്ങള്‍ അല്ലേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം മറുപടി നല്‍കി. ഇതോടെയാണ് പൊട്ടിത്തെറി വ്യക്തമാകുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരിക്കാനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫില്‍ അന്‍വറിനെ ഉള്‍പ്പെടുത്തി പ്രശ്‌ന പരിഹാരവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ അന്‍വര്‍ പറഞ്ഞിരുന്നു. വി എസ് ജോയിയെ നിര്‍ദേശിച്ചത് കുടിയേറ്റ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ വോട്ട് സിപിഐഎമ്മിലേക്ക് പോകുമ്പോള്‍ മത്സരം കടുക്കും. ജാതി മത സമവാക്യം മാത്രം വീക്ഷിച്ചാണ് സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം. കോണ്‍ഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നല്‍കേണ്ടത് നിലമ്പൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണ്. ഒറ്റുകാരനാരാണ് യൂദാസ് ആരാണെന്നൊക്കെ പിന്നീടറിയാം. യൂദാസ് അല്ലെന്ന് ഏറ്റവുമധികം അറിയുന്നത് ഗോവിന്ദന്‍ മാഷിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുക്കുന്നത് പറയേണ്ട ഗതികേടിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. ഗോവിന്ദന്‍ മാഷിന് എല്ലാ വസ്തുതകളും അറിയാമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അന്‍വറിന്റെ സമ്മര്‍ദ തന്ത്രത്തോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അന്‍വര്‍ നല്‍കിയത്.

സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ വിഎസ് ജോയ് പക്ഷവും കടുത്ത എതിര്‍പ്പ് അറിയിച്ചു. പരസ്യമായി അതൃപ്തി അറിയിക്കാനാണ് ജോയിയെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികളുടെ നീക്കം. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിഎസ് ജോയി പരസ്യമായി അതൃപ്തി അറിയിക്കും. അതേസമയം, പിവി അന്‍വറിന്റേത് വിലപേശല്‍ തന്ത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉപാധിയില്ലാതെയുള്ള പിന്തുണ പിവി അന്‍വര്‍ ഉറപ്പു നല്‍കിയതാണെന്നാണ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, കോണ്‍ഗ്രസില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നിലമ്പൂര്‍ എല്‍ഡിഎഫിന്റെ വാട്ടര്‍ ലൂ മൊമന്റാണ്. നിലമ്പൂരില്‍ നിന്നാകും പിണറായി സര്‍ക്കാരിന്റെ താഴോട്ടുള്ള വീഴ്ച തുടങ്ങുക.

നേതൃത്വത്തിന് മുമ്പാകെ സ്ഥാനാര്‍ത്ഥിയുടെ പേര് വന്നാല്‍ ഉടന്‍ ഒരു നിമിഷം കൊണ്ട് പ്രഖ്യാപനമുണ്ടാകും. ഐക്യകണ്‌ഠേന ഒരു പേര് നല്‍കും. പിവി അന്‍വറിന്റെ പിന്തുണ മുഖവിലക്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ ഒരു ആശയക്കുഴപ്പവുമില്ല. സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിക്കും. പാര്‍ട്ടിക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഒരു സംവിധാനമുണ്ട്. അത് അനുസരിച്ച് പ്രഖ്യാപനം വരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Tags:    

Similar News