വോട്ടിംഗ് ശതമാനം കൂടിയത് ബിജെപി ഭരിക്കുന്ന നഗരസഭയില്‍; പാലക്കാട് ബിജെപി വിജയം ഉറപ്പ്, യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്ന് കെ സുരേന്ദ്രന്‍; എല്‍ഡിഎഫ് വിജയം ഉറപ്പെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ അവകാശവാദവുമായി മുന്നണികള്‍

വോട്ടിംഗ് ശതമാനം കൂടിയത് ബിജെപി ഭരിക്കുന്ന നഗരസഭയില്‍;

Update: 2024-11-20 14:07 GMT

പാലക്കാട്: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ ഇക്കുറി ആര് വിജയിച്ചു കയറുമെന്നാണ് ഇനി അറിയേണ്ടത്. വോട്ടെടുപ്പ് അവസാനിച്ചെങ്കിലും ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂവുണ്ട്. നിലവില്‍ 70 ശതമാനത്തിന് മുകളില്‍ വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് അനുഭവപ്പെട്ടിരിക്കുന്നത്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

വോട്ടിംഗ് പൂര്‍ത്തിയായതോടെ വിജയം അവകാശപ്പെട്ട് മുന്നണികള്‍ രംഗത്തുവന്നു. പാലക്കാട് ബിജെപി വിജയം ഉറപ്പെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് സുരേന്ദ്രന്‍ അവകാശപ്പട്ടത്. അതേസമയം എല്‍ഡിഎഫ് വിജയം ഉറപ്പെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു അവകാശപ്പട്ടത്. യുഡിഎഫും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാവിലെ പല സ്ഥലത്തും മെഷീനുകള്‍ തകരാറായതിനാല്‍ വോട്ടിങ് വൈകി. ഉച്ചകഴിഞ്ഞാണ് പോളിങ് വേഗത്തിലായത്. ഇതിനിടയില്‍ വോട്ടിങ് മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല.

ഇരട്ട വോട്ട് ആരോപണത്തില്‍ കുടുങ്ങിയ ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റിനെതിരായ ഇരട്ട വോട്ട് ആരോപണം പാലക്കാട് ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷീണമുണ്ടാക്കിയിരുന്നു.

ഹരിദാസിന് ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് 73-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു. ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ബൂത്ത് ഏജന്റ് ഒബ്ജക്ഷന്‍ ഉന്നയിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞിരുന്നു. ആറ് മണിവരെ ബൂത്തിന് പുറത്ത് തമ്പടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തുന്നില്ല എന്ന് കണ്ടതോടെ പിരിഞ്ഞുപോകുകയായിരുന്നു.

കെ എം ഹരിദാസിന് ഇരട്ടവോട്ടുണ്ടെന്ന ആരോപണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് രംഗത്തെത്തിയത്. ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടുമായി ഇരട്ടവോട്ടുണ്ടെന്നായിരുന്നു ആരോപണം. അതേസമയം ആരോപണം തള്ളി ഹരിദാസും രംഗത്തെത്തി. താന്‍ കുറേക്കാലമായി പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേയ്ക്ക് മാറ്റിയതെന്നുമായിരുന്നു ഹരിദാസിന്റെ പ്രതികരണം. ഇരട്ട വോട്ട് ഒഴിവാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഹരിദാസ് പറഞ്ഞിരുന്നു.

അതേസമയം മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ ശ്രമം. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. സംസ്ഥാനത്ത് ഏറ്റവും വിജയസാധ്യതയുള്ള സീറ്റില്‍ ഏത് വിധേനെയും വിജയിച്ച് കയറാനാണ് ബി.ജെ.പിയുടെ ശ്രമം. ഇനി അന്തിമ വിജയി ആരെന്ന് 23ന് അറിയാം.

Tags:    

Similar News