സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിച്ചില്‍ 'കരുണാകര വികാരവും' ഘടകമായി; പാലാക്കാട്ടെ കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ 'ലീഡര്‍' ചര്‍ച്ച സജീവമാക്കാന്‍ സിപിഎം; എവി ഗോപിനാഥിന്റെ രാഷ്ട്രീയ ബുദ്ധി മനസ്സിലാക്കി കോണ്‍ഗ്രസ്; മാങ്കൂട്ടത്തിലിനെ ജയിപ്പിച്ചെടുക്കാന്‍ മുരളീധരന്‍ സജീവമാകുമ്പോള്‍

Update: 2024-10-24 12:58 GMT

പാലക്കാട്: തൃശൂരില്‍ ബിജെപി അട്ടിമറി ജയം നേടിയത് പൂര വിവാദത്തിനൊപ്പം കരുണാകര വികാരവും ആളികത്തിച്ചാണെന്നാണ് സിപിഎം വിലയിരുത്തല്‍. തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ എത്തി. സുരേഷ് ഗോപിക്കെതിരെ മത്സരിച്ചത് കരുണാകരന്റെ മകന്‍ കെ മുരളീധരനായിട്ട് പോലും ആ വികാരം ആളിക്കത്തിയെന്നാണ് സിപിഎം കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ തൃശൂരിലെ ആ വിജയ ഫാക്ടര്‍ പാലക്കാട്ടേക്കും കൊണ്ടുവരികയാണ് സിപിഎം ലക്ഷ്യം. അതിനു വേണ്ടിയാണ് പാലക്കാട് മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ് കരുണാകര ചര്‍ച്ചയുമായി എത്തുന്നത്. എന്നാല്‍ ഗോപിനാഥിന്റെ വാദമൊന്നും നിലനില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ കെ മുരളീധരനെ പാലക്കാട്ട് സജീവമാക്കി ഇത് പൊളിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കരുണാകരന്റെ ആത്മാവ് പി.സരിനൊപ്പമാണെന്ന് ഗോപിനാഥ് പറയുന്നു. അവിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശനം നടത്താത്തത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയുെം ഭാഗമാണ് എന്നു എ.വി. ഗോപിനാഥ് അഭിപ്രായപ്പെട്ടു. രാഹുലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം. 'കരുണാകരന്‍ എല്ലാവരുടെയും ആളാണ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നുമില്ല. എല്ലാ ആളുകളെയും സഹായിക്കാന്‍ കഴിയാവുന്നതിനപ്പുറം സഹായിക്കുന്നയാളാണ്. മാത്രമല്ല വലിയ സ്നേഹബന്ധങ്ങളുള്ള കേരളത്തിലെ നേതാക്കന്മാരിലൊരാളാണ്. കരുണാകരനെ ഒരിക്കല്‍ കണ്ടവര്‍ പിന്നെ മറക്കില്ല. അതുകൊണ്ട് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പോവുക എന്നത് എല്ലാ കക്ഷികളും ചെയ്യും. അവിടെ പോകാത്തത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഗമാണ്. സരിന്‍ പോയി എന്നുള്ളത് സാമാന്യമര്യാദയുടെ ഭാഗമായാണ്-ഗോപിനാഥ് പറയുന്നു.

കരുണാകരന്റെ ആത്മാവ് സരിനൊപ്പമായിരിക്കും. കരുണാകരനെയും കല്യാണിക്കുട്ടിയമ്മയെയും പരസ്യമായി ആക്ഷേപിച്ച ഒരാളുടെ കൂടെ കരുണാകരന്റെ ആത്മാവ് എങ്ങനെ നില്‍ക്കും. അതൊരിക്കലും കഴിയില്ല. അങ്ങനെ കേരളരാഷ്ട്രീയത്തില്‍ ആദ്യമായി ചെയ്ത ഒരു വ്യക്തിയാണ് ഇവിടെ മത്സരിക്കുന്നത്. നയനാരുടെ ശവകുടീരത്തില്‍ പോയി ആരെങ്കിലും നയനാരെ ആക്ഷേപിക്കുമോ. കരുണാകരനെ വ്യക്തിപരമായി അധിക്ഷേപിച്ച ഒരു വ്യക്തി പോയില്ലെങ്കില്‍ അതില്‍ അത്ഭുതമില്ല. കരുണാകരനെ ആക്ഷേപിച്ചയാള്‍ക്ക് ആ മണ്ണില്‍ ചവിട്ടാനുള്ള യോഗ്യതയില്ല. അത് സരിനുള്ളത് കൊണ്ടാണ് ഇടതുപക്ഷസ്ഥാനാര്‍ഥിയായിട്ടും സരിന്‍ പോയത്. കരുണാകരന്റെ സ്മൃതികുടീരത്തിന്റെ എട്ടുകിലോമീറ്റര്‍ അപ്പുറത്തല്ലാതെ ഈ സ്ഥാനാര്‍ഥിക്ക് ചവിട്ടാന്‍ അധികാരമില്ല. അങ്ങനെ ചെയ്താല്‍ ആത്മാവ് പരസ്യമായി പുറത്തുവരും', എ.വി. ഗോപിനാഥ് അഭിപ്രായപ്പെട്ടു.

അതിനിടെയാണ് കെ മുരളീധരനെ അതിശക്തമായി കോണ്‍ഗ്രസ് പാലക്കാട് അവതരിപ്പിക്കുന്നത്. സരിന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി.പി.എം.-ബി.ജെ.പി. രണ്ടാം ഡീലാണെന്ന് കെ. മുരളീധരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വതന്ത്രനെ ഇറക്കിയത് സി.പിഎമ്മിന് വോട്ട് മറിക്കാനാണെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസ് കുറഞ്ഞത് അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം കേരളത്തില്‍ മൊത്തം പാര്‍ട്ടിയ്ക്ക് ഉണര്‍വ്വ് ഉണ്ടാക്കാന്‍ സഹായിക്കുമെന്നതിന് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിനെ സംബന്ധിച്ച് ഷാഫി വന്നപ്പോള്‍ ബഹളം ഉണ്ടായിരുന്നു. എ.വി ഗോപിനാഥൊക്കെ ബഹളമുണ്ടാക്കിയിരുന്നു. ഫ്രഷായിട്ട് ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുമ്പോള്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാകും .അത് പാലക്കാടിന്റെ വീര്യത്തെ ബാധിക്കില്ല.

പാര്‍ട്ടി സ്ഥാനാര്‍ഥി ജയിച്ചു കാണണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ജനവും ഒക്കെ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ വേറെ സ്ഥാനാര്‍ത്ഥിയില്ലേയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷെ ആളുകള്‍ പാര്‍ട്ടി വിടുന്നത് കഴിയുന്നത്ര തടയാന്‍ ശ്രമിക്കേണ്ടതാണ്. സരിന്‍ കൂടെ പോയപ്പോള്‍ കൈപ്പത്തിയില്‍ മത്സരിച്ച മൂന്നാമത്തെയാളാണ് പാര്‍ട്ടി വിട്ടുപോകുന്നത്. ഒരാള്‍ പോകുമ്പോള്‍ ഒരു കുടുംബത്തിന്റെ വോട്ടാണ് പോകുന്നത്. അതു തടയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പാലക്കാട് ജില്ലയില്‍ നല്ല സ്വാധീനമുള്ള ജില്ലയാണ്, അതില്ലെന്ന് പറഞ്ഞൂട, പക്ഷെ, അവര്‍ക്ക് പാലക്കാട് അസംബ്ലിയില്‍ സംഘടനാ സംവിധാനം ദുര്‍ബ്ബലമാണ്. ഉള്ള ശക്തി ബി.ജെ.പിക്കാണ്, എന്നാല്‍ ബി.ജെ.പിയിലുണ്ടായ വിഭാഗീയത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അങ്ങനെ നോക്കുമ്പോള്‍ തിരഞ്ഞെടുപ്പ് യു.ഡി.എഫ്.- എല്‍.ഡി.എഫ്. മത്സരമായി മാറാം. എന്തായാലും യു.ഡി.എഫ്. സേഫാണ്. വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

'കഴിഞ്ഞ അസംബ്ലിയില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ ആരും ബി.ജെ.പിക്കാരനായി കണ്ടില്ല. 3800 എന്നത് ബി.ജെ.പി.- കോണ്‍ഗ്രസ് വ്യത്യാസമായി കാണാന്‍ കഴിയില്ല. മെട്രോമാന്റെ കഴിവിനുള്ള അംഗീകാരമായി നിഷ്പക്ഷ വോട്ടന്മാര്‍ വോട്ട് ചെയ്തു. ബി.ജെ.പിക്ക് വിജയസാധ്യത കാണുമ്പോള്‍ ഇടതുപക്ഷത്തിനോട് ആഭിമുഖ്യമുള്ള വോട്ടര്‍മാര്‍ യു.ഡി.എഫിന് വോട്ട് ചെയ്യാറുണ്ട്. യു.ഡി.എഫിനോട് താത്പര്യമുള്ള വോട്ടര്‍മാര്‍ ബി.ജെ.പി. ജയിക്കുമെന്ന് തോന്നുമ്പോള്‍ എല്‍.ഡി.എഫിനും ചെയ്യാറുണ്ട്. അത് സംസ്ഥാനത്തിന്റെ ഡീലിന്റെ ഭാഗമല്ല.- അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഞാന്‍ വട്ടിയൂര്‍കാവില്‍ നില്‍ക്കുമ്പോള്‍ മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലായപ്പോള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ഒരു വിഭാഗം എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ പരസ്യമായി പറഞ്ഞ കാര്യമാണ്. അങ്ങനെയാണ് ഞാന്‍ ജയിച്ചത്. എന്നാല്‍ അവിടെയാരും ഡീല്‍ ഉണ്ടാക്കിയില്ല. സ്വയം ജനങ്ങള്‍ അറിഞ്ഞു ചെയ്തതാണ്. അതിനെ ഡീലായി വിശേഷിക്കാന്‍ പറ്റില്ല. ബി.ജെ.പി. ജയിക്കുമെന്നാവുമ്പോള്‍ മതേതര വോട്ടുകള്‍ സ്വഭാവികമായി ഒരുമിക്കാറുണ്ട്, അത് ഭാവിയില്‍ ഉണ്ടാകും. ഇപ്പോള്‍ പാലക്കാട് ബി.ജെ.പി. ഒരു ഘടകമല്ല.

തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകളുടെ യോജിപ്പ് കണ്ടിട്ടില്ല. അതില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥ്വം ഒരു ഘടകമായിരിക്കാം. അദ്ദേഹത്തെ ആരും ആര്‍.എസ്.എസുകാരനായി കാണുന്നില്ല. എങ്കിലും ആ പ്രവണതയ്ക്ക് മാറ്റം ഉണ്ടായിട്ടുണ്ട്. തൃശൂരും തിരുവനന്തപുരത്തും നേതൃത്വം അറിഞ്ഞുള്ള ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇത്രയും ഇടതുപക്ഷ വോട്ടുകള്‍ ഒലിച്ചുപോകില്ല. സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സംശയമുള്ളത് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കുമ്പോഴാണ്. സരിന്‍ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാമെന്ന് പറഞ്ഞതാണ്. അതില്‍ നിന്നെല്ലാം സിപി.എം വോട്ടുകള്‍ക്ക് ഷിഫ്റ്റുണ്ടാകുമോയെന്ന് സംശയിക്കുന്നുണ്ട് . പാലക്കാട് ബി.ജെ.പിയെടുത്തോളൂ ചേലക്കരയില്‍ ഞങ്ങളെ ശല്യം ചെയ്യാതിരുന്നാല്‍ മതിയെന്ന ഡീലുണ്ടോയെന്ന് സംശയമുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News