ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ പക്ഷത്തും ആള്‍നാശം; ഏറ്റുമുട്ടലില്‍ ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങവേ ഏറ്റമുട്ടല്‍; ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു

ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ പക്ഷത്തും ആള്‍നാശം

Update: 2024-11-14 09:42 GMT

ടെല്‍ അവീവ്: ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തെക്കന്‍ ലെബനനിലെ ഗ്രൗണ്ട് ഓപ്പറേഷന്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വന്‍ തിരിച്ചടിയുണ്ടായത്.

അതിര്‍ത്തിയില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഗോലാനി ബ്രിഗേഡിന്റെ 51-ാം ബറ്റാലിയനിലെ അംഗങ്ങളായ 19, 20, 21, 22 വയസ്സ് പ്രായമുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഐ.ഡി.എഫ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, തെക്കന്‍ ലെബനനിലെ ഒരു ഗ്രാമത്തിലെ കെട്ടിടത്തിനകത്ത് നാല് ഹിസ്ബുല്ല അംഗങ്ങളുമായി ഉണ്ടായ വെടിവെപ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്.

അതേസമയം, ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുകയാണ്. പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇതില്‍ 20ലേറെ പേര്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പ് ഇസ്രായേലിനെ ഞെട്ടിച്ച ലെബനന്‍ നടത്തിയിരുന്നു. വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുള്ള. ബെയ്റൂത്തിലെ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആക്രമണം. നൂറുകണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ആക്രമണം നടത്തിയതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഒരു വീഡിയോ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. വടക്കന്‍ ഇസ്രയേല്‍ ആക്രമണത്തിനിരയായതായും ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്നും ഐഡിഎഫ് എക്‌സില്‍ കുറിച്ചു. അതിനിടെ ഗാസയ്ക്ക് പുറമേ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്ന ഇസ്രായേല്‍ ധനമന്ത്രിയുടെ പ്രസ്താവനയില്‍ ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. പ്രസ്താവന പ്രകോപനപരവും അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

വെസ്റ്റ് ബാങ്ക് അടുത്ത വര്‍ഷം പിടിച്ചടക്കുമെന്നും യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയത് അതിനുള്ള അവസരമാണ് എന്നുമുള്ള ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ചിന്റെ പ്രസ്താവനയ്ക്കെതിരെയാണ് യുഎഇ രംഗത്തെത്തിയത്. ഫലസ്തീന്‍ പ്രദേശങ്ങളുടെ സ്വഭാവം മാറ്റിമറിക്കാനുള്ള പ്രകോപനപരമായ എല്ലാ പ്രസ്താവനയും തങ്ങള്‍ തള്ളിക്കളയുന്നു. അന്താരാഷ്ട്ര പ്രമേയങ്ങളോടുള്ള വെല്ലുവിളിയാണ് പ്രസ്താവന. മേഖലയിലെ സംഘര്‍ഷം വിപുലപ്പെടുത്താന്‍ മാത്രമേ അതു സഹായിക്കൂവെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

പ്രശ്നപരിഹാരത്തിനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര പദ്ധതി മാത്രമണ്. സ്വതന്ത്ര ഫലസ്തീന്‍ രൂപവത്കരിക്കപ്പെടേണ്ടതുണ്ട്. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളില്‍ അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്. ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തെ ഇല്ലാതാക്കുന്ന എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിലീജ്യസ് സയണിസം പാര്‍ട്ടിയുടെ പ്രതിവാര യോഗത്തിന് മുമ്പോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇസ്രായേല്‍ മന്ത്രിയുടെ പരാമര്‍ശങ്ങള്‍. വെസ്റ്റ് ബാങ്കില്‍ പരമാധികാരം സ്ഥാപിക്കാന്‍ ഒരു ചുവടു മാത്രം അകലെയാണ് നമ്മള്‍. ഈ വര്‍ഷം നമ്മള്‍ അധികാരം സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ പ്രതിരോധ മന്ത്രാലയത്തിലെ സെറ്റില്‍മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News