കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ഗ്ലാസ്ഗോയിലും തെരുവിലിറങ്ങി; നേരിടാന്‍ കുടിയേറ്റക്കാരും തെരുവില്‍; റിഫോമിനെ പേടിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക്; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ഗ്ലാസ്ഗോയിലും തെരുവിലിറങ്ങി
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഗ്ലാസ്‌ഗോയിലേക്കും പടര്‍ന്നു. ഇന്നലെ ഉച്ചക്ക് നടന്ന കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധ പ്രകടനം, കുടിയേറ്റ അനുകൂലികളുടെ പ്രകടനമെത്തിയതോടെ അക്രമാസക്തമായി. ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്തു. ലണ്ടനില്‍, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വലതുപക്ഷ റാലി നടന്ന് ഒരാഴ്ച കഴിയുമ്പോഴാണ് ഇത് നടക്കുന്നത്. ഹോളിറൂഡ് പാര്‍ലമെന്റിന്റെ പിതാവ് എന്നറിയപ്പെടുന്ന സ്‌കോട്ടിഷ് രാഷ്ട്രീയ അതികായന്‍ ഡൊണാള്‍ഡ് ഡെവറുടെ പ്രതിമയ്ക്ക് ചുറ്റും ബോട്ടുകള്‍ തടയുക, യുണൈറ്റ് ദി കിംഗ്ഡം എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.ഒപ്പം ബ്രിട്ടീഷ് പതാകകളും അവര്‍ ഉയര്‍ത്തി പിടിച്ചിരുന്നു.
അല്പം അകലെ മാറി, നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായ ബുക്യാനന്‍ സ്ട്രീറ്റില്‍ ട്രേഡ് യൂണിയനുകളെയും, വംശീയ വിരുദ്ധ കൂട്ടായ്മകളുടെയും, പാലസ്തീന്‍ അനുകൂലികളുടെയും പ്രതിനിധികള്‍ പ്രതിഷേധവുമായി ഒത്തു ചേര്‍ന്നു. കുട്ടികള്‍ മതഭ്രാന്തന്മാരല്ലെന്നും, അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു എന്നും, ദൈവം ഫാസിസ്റ്റുകളെ വെറുക്കുന്നു എന്നും എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു അവരുടെ പ്രകടനം. ഉച്ചക്ക് ഒരു മണിയോടെ നൂറുകണക്കിന് ആളുകള്‍, തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും, ആശങ്കപ്പെടുന്ന അമ്മ എന്നും എഴുതിയ പ്ലക്കാര്‍ഡുകളുമായി ഗ്ലാസ്‌ഗോ റോയല്‍ കണ്‍സേര്‍ട്ട് ഹോളിലെക്ക് നയിക്കുന്ന പടികളില്‍ നിരന്നു.
ഫാള്‍കിര്‍ക്കിലെ ഹോട്ടലില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന സേവ് അവര്‍ ഫ്യൂച്ചര്‍ ആന്‍ഡ് അവര്‍ കിഡ്‌സ് ഫ്യൂച്ചര്‍ ഉള്‍പ്പടെയുള്ള മറ്റ് സംഘങ്ങളുടെ പ്രതിനിധികളും അവര്‍ക്കൊപ്പം ചേര്‍ന്നു. ലനത്ത പോലീസ് സാന്നിദ്ധ്യമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ ബുക്യാനന്‍ സ്ട്രീറ്റിന്റെ തുടക്കത്തില്‍ വെച്ച് പോലീസ് തടഞ്ഞു. അതേസമയം, കുടിയേറ്റാനുകൂലികളുടെ പ്രതിഷേധവും ശക്തി പ്രാപിക്കുകയായിരുന്നു. ഇരു കൂട്ടരും മുഖാമുഖം എത്തിയതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. എന്നാല്‍, പോലീസ് ഇടപെടല്‍ സാഹചര്യം കൂടുതല്‍ വഷളാകാതെ കാത്തു.
ലിബറല്‍ ഡെമോക്‌റാറ്റുകളും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക്
അനധികൃത കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവ് സര്‍ എഡ് ഡേവിയും രംഗത്തെത്തി. ഇന്ന് ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ കുടിയേറ്റ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം സ്‌കൈ ന്യൂസിനോട് പറഞ്ഞു. ജനങ്ങള്‍ ഏറെ ആശങ്കയോടെ കാണുന്ന ഒരു കാര്യമായതിനാല്‍ അതില്‍ വ്യക്തമായ ഒരു നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആളുകള്‍ ചെറു യാനങ്ങളില്‍ ബ്രിട്ടനിലെത്തുന്നത് തടയേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍, തികച്ചും വ്യത്യസ്തമായ നയവുമായി റിഫോം യു കെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് ലിബറല്‍ ഡെമോക്രാറ്റുകള്‍ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാര്‍ട്ടിയുടെ നയരേഖയില്‍ പറയുന്നത് യൂറോപോളുമായും ഫ്രഞ്ച് അധികൃതരുമായും യോജിച്ച് പ്രവര്‍ത്തിച്ച് മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം തടയും എന്നാണ്. എന്നാല്‍, കുടിയേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു വിഷയമായി മാറുകയും, കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടുകള്‍ എടുത്ത് റിഫോം യു കെ പാര്‍ട്ടിയുടെ ജനപ്രീതി കുതിച്ചുയരുകയും ചെയ്തതോടെ കൂടുതല്‍ കടുത്ത നയങ്ങള്‍ പിന്തുടരാന്‍ സര്‍ എഡ് നിര്‍ബന്ധിതനായിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
അതിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്കിനെ തത്സ്ഥാനത്തു നിന്നും മാറ്റുന്നതിനായി പുതിയ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യു കെയിലേക്കുള്ള ഒഴുക്ക് തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം. ഇതില്‍ അവസാനമായി റിഫോം യു കെയിലേക്ക് കൂറുമാറിയത് മുന്‍ ആരോഗ്യ മന്ത്രിയായ മറിയ കോള്‍ഫീല്‍ഡ് ആണ്. റിഫോം യു കെയിലേക്ക് കൂറുമാറുന്ന പതിനഞ്ചാമത്തെ മുന്‍ ടോറി എം പിയാണിവര്‍. അതിനു മുന്‍പായി ഈസ്റ്റ് വിറ്റ്ഷയര്‍ എം പി ഡാനി ക്രുഗര്‍ പാര്‍ട്ടി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ പാര്‍ട്ടി തകരുമെന്ന് പാര്‍ട്ടി നേതാവ് സര്‍ ജോണ്‍ ഹേയെസ് പറഞ്ഞത്. റിഫോം യു കെയിലേക്ക് കൂറുമാറിയേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന നേതാവാണ് അദ്ദേഹം.
അതിനിടയില്‍ എക്സില്‍ വന്ന കെമി കൗണ്ട്ഡൗണ്‍ എന്ന ഹാന്‍ഡിലില്‍, ദിവസേനയെന്നോണം കെമി ബെയ്ഡ്‌നോക്കിന്റെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ ജനസ്സമ്മതിയും കുത്തനെ ഇടിയുകയാണ്. അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ തെളിഞ്ഞത് ഇപ്പോള്‍ ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ രണ്ടക്കത്തില്‍ ഒതുങ്ങുമെന്നാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ നിരവധി ടോറി എം പിമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയും പരക്കുന്നുണ്ട്.