'ഇസ്‌കോണ്‍' നിരോധിക്കണമെന്ന ഹര്‍ജി തള്ളി ബംഗ്ലാദേശിലെ ഹൈക്കോടതി; അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ്; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോടതി

'ഇസ്‌കോണ്‍' നിരോധിക്കണമെന്ന ഹര്‍ജി തള്ളി ബംഗ്ലാദേശിലെ ഹൈക്കോടതി

Update: 2024-11-28 13:13 GMT

ധാക്ക: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നെസിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിക്കാന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി. വിഷയത്തില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധന ആവശ്യം കോടതി തള്ളിയത്.

ദേശദ്രോഹ കുറ്റം ചുമത്തി ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹത്തിന് നേര്‍ക്ക് വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി മുന്‍പാകെ എത്തിയത്. അസുഖകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചിറ്റഗോങ്, രംഗ്പുര്‍ നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇസ്‌കോണിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഇസ്‌കോണ്‍ വിഷത്തിന് വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്ന് അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മതമൗലികവാദ സംഘടനയെന്ന് ആരോപിച്ചാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇസ്‌കോണ്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹര്‍ജിയില്‍ വാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കോടതി ആവശ്യം നിരസിച്ചത് സര്‍ക്കാര്‍ ഒത്താശയോടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഏകപക്ഷീയ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായി മാറി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പുലര്‍ത്തേണ്ട ജാഗ്രത വാദത്തിലുടനീളം കോടതി ഊന്നിപ്പറഞ്ഞു. ഇസ്‌കോണുമായി ബന്ധപ്പെട്ട പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ അനീക് ആര്‍ ഹഖ്, ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മൊഹമ്മദ് അസാദ് ഉദ്ദിന്‍ എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു.

അഭിഭാഷകനായ സെയ്ഫുള്‍ ഇസ്ലാം ആലിഫ് കൊല്ലപ്പെട്ടതുമായും ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇവര്‍ പറഞ്ഞു. 33 ഓളം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ഇസ്‌കോണ്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും മതമൗലിക സംഘടനയാണെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയാണെന്നും ഉള്‍പ്പെടെയുളള ആരോപണങ്ങളുമായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് ഇസ്‌കോണിനെ ബംഗ്ലാദേശില്‍ നിരോധിക്കാന്‍ ഗൂഢനീക്കം നടത്തിയത്. രാജ്യദ്രോഹക്കുറ്റത്തിന് ബംഗ്ലാദേശ് സുരക്ഷാസേന പിടികൂടിയ ഇസ്‌കോണ്‍ പുരോഹിതന്‍ ചിന്‍മയ് കൃഷ്ണദാസിനെ വിട്ടയയ്ക്കണമെന്ന് ആഗോള തലത്തില്‍ ആവശ്യം ശക്തമായിട്ടുണ്ട്.Bangladesh high court rejects Iskcon ban plea

Tags:    

Similar News