പാകിസ്ഥാനെയോ ബംഗ്ലാദേശിനെയോ പരാമര്‍ശിക്കാതെ മോദിയുടെ വിജയ് ദിവസ് സന്ദേശം; അപലപിച്ച് ബംഗ്ലാദേശ് ഭരണകക്ഷി നേതാക്കള്‍; ബംഗ്ലാദേശിന്റെ വിജയ ദിനമെന്ന് അവകാശവാദം; ഇന്ത്യ സഖ്യകക്ഷി മാത്രമെന്നും പരാമര്‍ശം; ഇന്ത്യ വിരുദ്ധ നിലപാട് മറനീക്കി പുറത്ത്

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ഇന്ത്യ വിരുദ്ധ നിലപാട് മറനീക്കി പുറത്ത്

Update: 2024-12-17 06:45 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് ദിവസ് സന്ദേശത്തിന് പിന്നാലെ ഇന്ത്യ വിരുദ്ധ നിലപാട് പരസ്യമാക്കി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരില്‍ അംഗങ്ങളായ നേതാക്കള്‍. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ ഭാഗമായ നിരവധി നേതാക്കളാണ് മോദിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

പാകിസ്താനെയോ ബംഗ്ലാദേശിനെയോ പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിജയ് ദിവസ് സന്ദേശം. എന്നാല്‍ ബംഗ്ലാദേശ് നേതാക്കള്‍ സന്ദേശത്തെ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നാണ് വിമര്‍ശനം. യൂനസിന്റെ നിയമോപദേഷ്ടാവ് ആസിഫ് നസ്രുള്‍, ഇന്ത്യാ വിമര്‍ശകനും വിദ്യാര്‍ഥി നേതാവുമായ ഹസ്‌നത്ത് അബ്ദുള്ള എന്നിവരുള്‍പ്പെടെയാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

'ഇന്ന്, വിജയ് ദിവസില്‍, 1971-ല്‍ ഇന്ത്യയെ ആത്മാര്‍ത്ഥമായി സേവിക്കുകയും നിര്‍ണായക വിജയം ഉറപ്പാക്കുകയും ചെയ്ത എല്ലാ ധീര വീരന്മാര്‍ക്കും ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധീരതയും അര്‍പ്പണബോധവും രാജ്യത്തിന് അഭിമാനമാണ്. അവരുടെ ത്യാഗവും അചഞ്ചലമായ ചൈതന്യവും ജനഹൃദയങ്ങളിലും രാജ്യത്തിന്റെ ചരിത്രത്തിലും എക്കാലവും നിലനില്‍ക്കും. അവരുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു, അവരുടെ അജയ്യമായ ആത്മാവിനെ ഓര്‍ക്കുന്നു,' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.

എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ ശക്തമായി പ്രതിഷേധിച്ചാണ് മുഹമ്മദ് യൂസഫിന്റെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ രംഗത്ത് വന്നത്. ബംഗ്ലാദേശിന്റെ വിമോചനത്തിനായി ഒപ്പം നിന്ന ഇന്ത്യയെ തള്ളിപ്പറയുന്ന രീതിയിലായിരുന്നു പ്രതികരണം. ഇന്ത്യ വിരുദ്ധ നിലപാടിന്റെ പരസ്യ പ്രഖ്യാപനം കൂടിയായിരുന്നു ആ വാക്കുകള്‍. 'ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. 1971 ഡിസംബര്‍ 16 ബംഗ്ലാദേശിന്റെ വിജയ ദിനമായിരുന്നു. ഈ വിജയത്തില്‍ ഇന്ത്യ ഒരു സഖ്യകക്ഷിയായിരുന്നു, അതില്‍ കൂടുതലൊന്നുമില്ല,' മുഹമ്മദ് യൂസഫിന്റെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഇത് ബംഗ്ലാദേശിന്റെ വിമോചന യുദ്ധമാണ്. പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുദ്ധം നടന്നത്. എന്നാല്‍ ഇത് ഇന്ത്യയുടെ യുദ്ധവും നേട്ടവുമാണെന്ന് മോദി അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ ബംഗ്ലാദേശിന്റെ അസ്തിത്വത്തെ പൂര്‍ണ്ണമായും അവഗണിച്ചു, ഈ സ്വാതന്ത്ര്യം തങ്ങളുടെ വിജയമാണെന്ന് ഇന്ത്യ അവകാശപ്പെടുമ്പോള്‍, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് ഞാന്‍ അതിനെ കാണുന്നത്.' പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് ഹസ്‌നത്ത് അബ്ദുള്ള ഫേസ്ബുക്കില്‍ കുറിച്ചു.

1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ നിര്‍ണായക വിജയത്തിന്റെ അനുസ്മരണമായി എല്ലാ വര്‍ഷവും ഡിസംബര്‍ 16ന് വിജയ് ദിവസ് ആചരിക്കുന്നു. കിഴക്കന്‍ പാകിസ്ഥാനെ ഇസ്ലാമാബാദിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും ബംഗ്ലാദേശിന്റെ പിറവിക്കും യുദ്ധം കാരണമായി.

1971 ഡിസംബര്‍ 16-നാണ് പാകിസ്ഥാന്‍ സേനാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എഎ ഖാന്‍ നിയാസി ഇന്ത്യന്‍ കമാന്‍ഡര്‍ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. പടിഞ്ഞാറന്‍ പാകിസ്താനിലെ ക്രൂരമായ ഭരണകൂടത്തിനെതിരായ കിഴക്കന്‍ പാകിസ്ഥാന്റെ വര്‍ഷങ്ങളായി തുടര്‍ന്ന പ്രക്ഷോഭത്തിന് നിയാസിയുടെ കീഴടങ്ങല്‍ വിരാമമിട്ടു.

അതേ സമയം ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ ഇന്ത്യ പ്രതിഷേധം കടുപ്പിച്ചിരുന്നു. തുടര്‍ന്ന് അക്രമ സംഭവങ്ങളില്‍ 70 പേരെ അറസ്റ്റു ചെയ്തിരുന്നു. ആഗസ്റ്റ് 5 മുതല്‍ ഒക്ടോബര്‍ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 88 കേസുകളിലാണ് അറസ്റ്റ്.

Tags:    

Similar News