റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിച്ചുകൂടേ? സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കാമെന്ന് ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ച് പുടിനെ നിലപാട് നേരിട്ടറിയിച്ച് മോദി; ആലിംഗനം ചെയ്ത് സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ്
റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യ
റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യ
കസാന്‍: റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കാന്‍ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ കസാനില്‍, ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മോദി. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു.
' റഷ്യ-യുക്രെയിന്‍ പ്രശ്‌നത്തില്‍ എല്ലാവരുമായും ബന്ധപ്പെട്ട് വരികയാണ്. എല്ലാതരത്തിലുള്ള സംഘര്‍ഷവും ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്നതാണ് ഇന്ത്യയുടെ നിലപാട്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം തേടണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സമാധാനം കൈവരിക്കാനായി സഹായിക്കാന്‍ ഇന്ത്യ സദാ സന്നദ്ധമാണ്', മോദി പറഞ്ഞു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. മറ്റുപല രാജ്യങ്ങളും ബ്രിക്‌സ് കൂട്ടായ്മയില്‍ ചേരാന്‍ താല്‍പര്യം കാണിക്കുന്നത് സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ അഭിനന്ദനം.
റഷ്യ ചെയര്‍മാന്‍ പദവി വഹിക്കുന്ന ഉച്ചകോടി ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് കസാനില്‍ നടക്കുന്നത്. സാമ്പത്തിക സഹകരണം, കാലാവസ്ഥാ മാറ്റം, എന്നിവയടക്കം വിപുലമായ വിഷയങ്ങളാണ് ഉച്ചകോടി കൈകാര്യം ചെയ്യുന്നത്. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ തലവന്മാരുമായും മറ്റു ക്ഷണിക്കപ്പെട്ട നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം മോദി ഇതുരണ്ടാം തവണയാണ് റഷ്യയിലെത്തുന്നത്. ജൂലൈയില്‍ 22 ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുകയും പുടിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.