ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി കാനഡ; യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രൂഡോ; 'പ്രതികാരവുമായി' ചൈനയും മെക്‌സിക്കോയും; മേഖലയില്‍ വ്യാപാരയുദ്ധത്തിന് സാധ്യത; വഷളായി കാനഡ-യുഎസ് ബന്ധം

വഷളായി കാനഡ-യുഎസ് ബന്ധം

Update: 2025-02-02 07:46 GMT

വാഷിങ്ടന്‍: അമേരിക്കയുടെ ഇറക്കുമതി തീരുവയ്ക്ക് എതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കാനഡ. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി കാനഡ 25% തീരുവ ചുമത്തും. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടേത് ആണ് തീരുമാനം. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചൊവ്വാഴ്ച മുതല്‍ 25 ശതമാനം തീരുവ ചുമത്താനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കാനഡയുടെ പ്രതികരണം.

''സ്വതന്ത്ര വ്യാപാര കരാറിനെ ലംഘിക്കുകയാണ് ട്രംപ് ചെയ്തത്. തീരുമാനം അമേരിക്കയ്ക്ക് തിരിച്ചടിക്കും. കാനഡയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നടപടികളാണ് വന്നിരിക്കുന്നത്.'' ട്രൂഡോ പറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 10 ശതമാനവും കാനഡ, മെക്‌സിക്കോ, എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും തീരുവ ചുമത്താനുള്ള ഉത്തരവില്‍ ശനിയാഴ്ച ട്രംപ് ഒപ്പുവച്ചിരുന്നു. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനം നികുതിയാണ് ചുമത്തുന്നത്.

അമേരിക്കയുടെ വലിയ വാണിജ്യ പങ്കാളികളാണ് കാനഡയും മെക്‌സിക്കോയും എന്നതിനാല്‍ തീരുമാനം അമേരിക്കയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മെക്‌സിക്കോയും യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം ഇന്നലെ രാത്രി യുഎസിനെതിരെ പ്രതികാര താരിഫുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചത്. ഇതോടെ മേഖലയില്‍ വ്യാപാരയുദ്ധത്തിനുള്ള സാധ്യത ഉച്ചസ്ഥായിയിലെത്തി.

ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്ചകളില്‍ മറ്റു ഉല്‍പന്നങ്ങള്‍ക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ പറഞ്ഞു. അമേരിക്കന്‍ ബിയര്‍, വൈന്‍, മദ്യം, പഴം, പച്ചക്കറി, പ്ലാസ്റ്റിക് തുടങ്ങി യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും തീരുവ ബാധകമായിരിക്കും. പ്രശ്‌നം വഷളാകാതിരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കുമെങ്കിലും കാനഡയ്ക്കും കനേഡിയന്‍ ജനതയ്ക്കും അവരുടെ തൊഴിലുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു.

യുഎസിന്റെ ഇരുണ്ട നാളുകളില്‍ കാനഡ അവര്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ഇറാനിലെ ബന്ദി പ്രതിസന്ധി, അഫ്ഗാന്‍ യുദ്ധം, കത്രീന കൊടുങ്കാറ്റ്, കലിഫോര്‍ണിയ കാട്ടുതീ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ യുഎസിനൊപ്പം കാനഡ നിന്നു. യുഎസിന്റെ സുവര്‍ണയുഗമാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് കാനഡയുമായി മികച്ച സഹകരണമാണ് വേണ്ടത്. ഞങ്ങളെ ശിക്ഷിക്കുകയല്ലെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

യുഎസിന് സമാനമായ തിരിച്ചടി നല്‍കുമെന്നാണു ചൈനയുടെയും പ്രതികരണം. വ്യാപാരയുദ്ധത്തിലും തീരുവ യുദ്ധത്തിലും വിജയികളുണ്ടാകില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അധിക ചുങ്കം ചുമത്തുന്നത് ലഹരിമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട ഭാവിയിലെ ഉഭയകക്ഷി സഹകരണത്തെ മോശമായി ബാധിക്കുകയേ ഉള്ളൂ. തുല്യതയിലും പരസ്പര വിശ്വാസത്തിലും ഇരുപക്ഷങ്ങള്‍ക്കുമുള്ള നേട്ടത്തിലും ഊന്നിയുള്ള തുറന്ന ചര്‍ച്ചകള്‍ക്കും സഹകരണത്തിനും യുഎസ് തയാറാകണമെന്നും ചൈന പറഞ്ഞു.

യുഎസ് ഭീഷണി നേരിടാനുള്ള 'പ്ലാന്‍ ബി' തയാറാക്കി വരുകയാണെന്ന് മെക്‌സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷൈന്‍ബൗം പ്രതികരിച്ചു. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 25 % ഇറക്കുമതി തീരുവ തന്നെ തിരികെ ചുമത്താനാണു മെക്‌സിക്കന്‍ നീക്കമെന്നാണു സൂചന. ലഹരിക്കടത്ത് സംഘങ്ങളുമായി മെക്‌സിക്കന്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്ന ട്രംപിന്റെ ആരോപണം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ക്ലൗഡിയ പറഞ്ഞു. തീരുവ ചുമത്തുന്നതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും അതിന് ചര്‍ച്ചകളാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസിന്റെ ഇറക്കുമതിയുടെ 40 ശതമാനവും ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നാണ്.

നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയത്. അതിന് തിരിച്ചടിയെന്നോണമാണ് കാനഡയുടെ നടപടി. കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി.

ലോകത്ത് ഏറ്റവും കൂടുതല്‍ ചരക്ക് ഇറക്കുമതിചെയ്യപ്പെടുന്ന രാജ്യമാണ് യു.എസ്. പുതിയ സെന്‍സസ് ഡേറ്റയനുസരിച്ച് മെക്‌സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങളാണ് യു.എസിലേക്ക് ഉത്പന്നങ്ങള്‍ കയറ്റിയയക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ട്രംപിന്റെ നടപടി ആഗോളതലത്തില്‍ പുതിയ വ്യാപാരയുദ്ധത്തിനു തുടക്കമിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Tags:    

Similar News