പകുതിയിലധികവും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മാര്‍ക് കാര്‍ണി മന്ത്രിസഭ; ഇന്ത്യന്‍ വംശജ അനിത ആനന്ദ് പുതിയ വിദേശകാര്യ മന്ത്രി; അന്താരാഷ്ട്ര വ്യാപാരവകുപ്പിന്റെ ചുമതലും ഇന്ത്യന്‍ വംശജന്; ട്രംപിന്റെ പകരച്ചുങ്കത്തെ മറികടക്കുക പുതിയ മന്ത്രിസഭയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി
പകുതിയിലധികവും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മാര്‍ക് കാര്‍ണി മന്ത്രിസഭ
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. പുതുമുഖങ്ങളാല്‍ നിറഞ്ഞതാണ് കാനഡയിലെ പുതിയ മന്ത്രിസഭ. 28 മന്ത്രിമാരും 10 സെക്രട്ടറിമാരും അടങ്ങുന്ന കാബിനറ്റില്‍ 24 പേര്‍ പുതുമുഖങ്ങളാണ്. അമേരിക്ക-കാനഡ ബന്ധത്തെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദിനെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. നേരത്തേ ഇവര്‍ക്ക് ഗതാഗതവകുപ്പായിരുന്നു. അഭിഭാഷകയായ അനിത, ഓക്വിലില്‍നിന്നുള്ള എംപിയാണ്.
മെലാനി ജോളിയെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മാറ്റി വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി. മനീന്ദര്‍ സിംഗ് സന്ദുവാണ് അന്താരാഷ്ട്ര വ്യാപാര മന്ത്രി. 13 പേര്‍ ആദ്യമായി എംപിമാരാകുന്നവരാണ്. അനിത ആനന്ദ് ഉള്‍പ്പെടെ, ഗാരി അനന്ദസംഗരേ, സീന്‍ ഫ്രാസെര്‍, ഡൊമിനിക് ലെബ്ലാങ്ക്, മെലാനി ജോളി, ക്രിസ്റ്റിയ ഫ്രീലാന്‍ഡ് തുടങ്ങിയ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കാലത്തെ പ്രഗത്ഭര്‍ കാബിനറ്റിലേക്ക് തിരിച്ചെത്തി. ട്രൂഡോ സര്‍ക്കാരില്‍ ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങിയ കുടിയേറ്റവും ഊര്‍ജവും വകുപ്പ് പുതിയ മന്ത്രിമാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
മന്ത്രിസഭയില്‍ ലിംഗസമത്വം നിലനിര്‍ത്താനുള്ള ട്രൂഡോ നയം കാര്‍ണിയും തുടരുന്നു. കനേഡിയക്കാര്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതുമായ മാറ്റം കൊണ്ടുവരാനാണ് കാനഡയിലെ പുതിയ മന്ത്രാലയം നിര്‍മിച്ചിരിക്കുന്നതെന്ന് കാര്‍ണി പറഞ്ഞു. കാര്‍ണി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. 27ന് പാര്‍ലമെന്റ് സമ്മേളനം നടക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ലിബറല്‍ പാര്‍ട്ടിയുടെതന്നെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയില്‍ വഷളായ ബന്ധം മെച്ചപ്പെടാന്‍ കളമൊരുങ്ങിയിരിക്കുകയാണ്. കാര്‍ണിയുടെ ആഗോള വ്യാപാര പദ്ധതിയുടെ പ്രധാന ഭാഗമായി ഇന്ത്യ മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുരാജ്യങ്ങളും. പുതുക്കിയ ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
അതേസമയം കടുത്ത തൊഴിലില്ലായ്മ നേരിട്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ കാനഡ. ഒരു മാസത്തിനിടെ 30,000-ത്തിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതിനെയെല്ലാം മറികടക്കുക എന്നതാണ് പുതിയ കാനഡ സര്‍ക്കാറിന് മുന്നിലുള്ള വെല്ലുവിളി. പ്രകൃതിവിഭവങ്ങള്‍ക്കും ഉയര്‍ന്ന ജീവിത നിലവാരത്തിനും പേരുകേട്ട ആഗോള സാമ്പത്തിക ശക്തിയായ കാനഡ, 2025 ഏപ്രിലില്‍ വെറും 7,400 തൊഴിലവസരങ്ങള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. അതേസമയം തൊഴിലില്ലായ്മ നിരക്ക് 6.9% ആയി ഉയര്‍ന്നു. ഇത് 2023 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈല്‍ തുടങ്ങിയ പ്രധാന കനേഡിയന്‍ കയറ്റുമതിയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. വ്യാപാര യുദ്ധത്തിനിടെ കാനഡയുടെ സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലവിളി സൂചിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് ഏകദേശം 16 ലക്ഷം കനേഡിയന്‍ പൗരന്മാര്‍ ഇപ്പോള്‍ തൊഴില്‍രഹിതരാണ്. തൊഴില്‍ മേഖല കാര്യമായ സമ്മര്‍ദ്ദം നേരിടുന്നു. മാര്‍ച്ചിലെ 32,600 തൊഴില്‍ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രിലില്‍ കൂട്ടിച്ചേര്‍ത്ത 7,400 തൊഴിലവസരങ്ങള്‍ വളരെ കുറവാണ്.
6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് നിരീക്ഷകരുടെ എല്ലാ പ്രവചനങ്ങളെയും മറികടന്നു. മാര്‍ച്ചില്‍ തൊഴില്‍രഹിതരായവരില്‍ ഏകദേശം 61% പേര്‍ ഏപ്രിലിലും തൊഴില്‍രഹിതരായി തുടര്‍ന്നു. കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം. ജനസംഖ്യാ വളര്‍ച്ച അടുത്തിടെ മന്ദഗതിയിലായെങ്കിലും നിയമനങ്ങളെക്കാള്‍ കൂടുതലാണിത്. ഈ പൊരുത്തക്കേട് സാമൂഹിക സേവനങ്ങളെയടക്കം ബാധിക്കുകയും ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
ഏപ്രിലിലെ തൊഴില്‍ നഷ്ടത്തിന്റെ കടുത്ത ആഘാതമേറ്റത് നിര്‍മാണ മേഖലയാണ്. ഒരു മാസം കൊണ്ട് 31,000 തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ നഷ്ടമായത്. ട്രംപിന്റെ വ്യാപാര നയങ്ങളും പകരച്ചുങ്കവും വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും കനേഡിയന്‍ കയറ്റുമതിയെ ബാധിക്കുകയും ചെയ്തു. നിര്‍മ്മാണ മേഖലയ്ക്ക് പുറമെ, റീട്ടെയില്‍, മൊത്തവ്യാപാര മേഖലകളിലും തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉഭയകക്ഷി വ്യാപാരത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കായി കാര്‍ണിയും ട്രംപും അടുത്തിടെ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ താരിഫ് ഇളവുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോശം സാഹചര്യത്തിലും പൊതുമേഖലയില്‍ ഏപ്രില്‍ മാസം തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. താല്‍ക്കാലിക നിയമനങ്ങളാണ് ഇതിന് കാരണം. എങ്കിലും ഈ വര്‍ദ്ധന മറ്റ് മേഖലകളിലെ പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ല.