ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ സാന്‍ഡ് വിച് ആകാന്‍ ശ്രീലങ്കയെ കിട്ടില്ല; ആഗോള സൂപ്പര്‍ പവറുകളുടെ അധികാര വടംവലികളില്‍ പങ്കാളിയാവില്ല; വിദേശ നയം വ്യക്തമാക്കി പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ

ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ സാന്‍ഡ് വിച് ആകാന്‍ ശ്രീലങ്കയെ കിട്ടില്ല;

Update: 2024-09-24 09:37 GMT

കൊളംബോ: പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ചൈനയോട് ചായ് വ് കാട്ടിയേക്കുമെന്നായിരുന്നു ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, താന്‍ തികച്ചും നയതന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം സൂറിച്ചില്‍നിന്നു പ്രസിദ്ധീകരിക്കുന്ന മൊണോക്കിള്‍ മാസികയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

ശ്രീലങ്ക ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ സാന്‍ഡ്വിച് ആകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനുര കുമാര ദിസനായകെ പറഞ്ഞു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പെടുത്ത അഭിമുഖമാണിത്. രാജ്യത്തെ കുറിച്ചുള്ള തന്റെ വിദേശ നയ ദര്‍ശനം അദ്ദേഹം പങ്കുവച്ചു. ' ബഹുധ്രുവ ലോകത്ത് വിവിധ അധികാര ക്യാമ്പുകള്‍ ഉണ്ട്. അത്തരമൊരു ഭൂരാഷ്ട്ര പോരിന്റെ ഭാഗമാകാനോ, ഏതെങ്കിലും ഭാഗത്ത് കക്ഷി ചേരാനോ താല്‍പര്യമില്ല', സെപ്റ്റംബര്‍ 3 ലെ അഭിമുഖത്തില്‍ ദിസനായകെ പറഞ്ഞു.

ഇന്ത്യയും ചൈനയും മൂല്യവത്തായ സുഹൃദ് രാജ്യങ്ങളായിരിക്കുമെന്ന് ജെ വി പി നേതാവ് പറഞ്ഞു. ഇരുരാജ്യങ്ങളുമായി സന്തുലിതമായ പങ്കാളിത്തം കാംക്ഷിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പവര്‍( എന്‍പിപി) സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവയുമായും ബന്ധം നിലനിര്‍ത്താന്‍ താല്‍പര്യമുണ്ട്.




ഇത്തരത്തിലുള്ള നിഷ്പക്ഷ വിദേശ നയ സമീപനം ശ്രീലങ്കയുടെ പരമാധികാരം സംരക്ഷിക്കാനും, വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനും നിര്‍ണായകമാണെന്ന് ദിസനായകെ അഭിപ്രായപ്പെട്ടു. ആഗോള സൂപ്പര്‍ പവറുകളുടെ അധികാര വടംവലികളില്‍ ശ്രീലങ്ക ഭാഗഭാക്കായിരിക്കില്ല. പരസ്പരം ഗുണകരമാകുന്ന നയതന്ത്ര പങ്കാളിത്തത്തിലായിരിക്കും ഊന്നല്‍ നല്‍കുക.

തിങ്കളാഴ്ചയാണ് ഇടതുപക്ഷ നേതാവായ ദിസനായകെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തത്. ഏഴുപതിറ്റാണ്ടിനിടെ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്ക കരകയറി കൊണ്ടിരിക്കവേയാണ് പുതിയ പ്രസിഡന്റിന്റെ വരവ്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന. 34 ബില്യന്‍ വിദേശ കടമുള്ള തങ്ങളുടേത് പാപ്പരായ രാജ്യമാണെന്നും അതില്‍ നിന്നുകരയറുന്നിനായിരിക്കും ഊന്നല്‍ നല്‍കുക എന്നും ദിസനായകെ സൂചിപ്പിച്ചു.

Tags:    

Similar News