ജര്‍മന്‍ ചാന്‍സലര്‍ 'കഴിവുകെട്ട വിഡ്ഢി'; ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയം; ഒലാഫ് ഷോള്‍സ് രാജിവെക്കണമെന്ന് ഇലോണ്‍ മസ്‌ക്ക്; ജര്‍മനിയെ രക്ഷിക്കാന്‍ എഎഫ്ഡിക്ക് മാത്രമേ സാധിക്കൂ; തീവ്രവലതു പക്ഷ പാര്‍ട്ടിയെ പിന്തുണച്ച് ടെസ്ല സിഇഒ
തീവ്രവലതു പക്ഷ പാര്‍ട്ടിയെ പിന്തുണച്ച് ടെസ്ല സിഇഒ
വാഷിങ്ടണ്‍: ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലറെ കുറ്റപ്െടുത്തി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്ക്. ആക്രമണം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്നും, ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നുമാണ് മസ്‌ക് തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചത്.
'ഒരു രാഷ്ട്രത്തിന്റെ നേതാവ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, അത് വലിയൊരു പ്രശ്നമാണ്. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ഉത്തരവാദിത്വം ഏറ്റെടുക്കണം' ഇലോണ്‍ മസ്‌ക് പറഞ്ഞു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 'കഴിവുകെട്ട വിഡ്ഢി'യാണെന്ന വിമര്‍ശിച്ച മസ്‌ക്, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി'(എഎഫ്ഡി)യെ പിന്തുണച്ചും രംഗത്തുവരികയുണ്ടായി. എഎഫ്ഡിക്കു മാത്രമേ ജര്‍മനിയെ രക്ഷിക്കാനാകൂവെന്ന് മസ്‌ക് എക്സില്‍ കുറിച്ചു.
അതേസമയം, രാജ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ (എഎഫ്ഡിയുടെ അനുയായിയാണ് പ്രതി ഡോ. താലിബെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്നലെ രാത്രി ജര്‍മന്‍ നഗരമായ മാഗ്ഡെബുര്‍ഗില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട എക്സ് കുറിപ്പിനുള്ള കമന്റിലായിരുന്നു മസ്‌ക് ഒലാഫ് ഷോള്‍സിനെതിരെ രംഗത്തെത്തിയത്. ഷോള്‍സ് കഴിവുകെട്ടവനാണെന്നും ചാന്‍സലര്‍ പദവിയില്‍നിന്ന് ഉടന്‍ തന്നെ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ എഎഫ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ച മസ്‌ക്, പാര്‍ട്ടിക്കു മാത്രമേ ജര്‍മനിയെ രക്ഷിക്കാന്‍ കഴിയൂവെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.
ജര്‍മനിയിലെ നവനാസികളെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി യുഎസ് സെനറ്റര്‍ ക്രിസ് മര്‍ഫി നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയും മസ്‌ക് രംഗത്തെത്തി. ഒബാമ യുഎസ് പ്രസിഡന്റായ സമയത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അതേ നിലപാട് തന്നെയാണ് എഎഫ്ഡിക്കുമുള്ളതെന്നും അദ്ദേഹം വാദിച്ചു. രണ്ടു പാര്‍ട്ടിയും തമ്മില്‍ ഒരു വ്യത്യാസമില്ലെന്നും എക്സില്‍ അദ്ദേഹം അവകാശപ്പെട്ടു.
ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനു പിന്നാലെ ജര്‍മനി തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച് ക്രിസ്മസ് മാര്‍ക്കറ്റില്‍ ഭീകരാക്രമണം നടക്കുന്നത്. സംഭവത്തില്‍ സൗദി വംശജനായ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 23നാണ് ജര്‍മനിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള എഎഫ്ഡി അഭിപ്രായ സര്‍വേകളില്‍ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, മസ്‌കിന്റെ വിമര്‍ശനത്തോട് ഷോള്‍സ് പരോക്ഷ പ്രതികരണം നടത്തി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അത് ശതകോടീശ്വരന്മാര്‍ക്കും ബാധകമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റായ കാര്യങ്ങള്‍ കൂടി പറയുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയാണ് ജര്‍മന്‍ നഗരമായ മാഗ്ഡെബുര്‍ഗില്‍ ഭീകരാക്രമണം നടന്നത്. നഗരം ക്രിസ്മസ് ആഘോഷത്തിരക്കിലമര്‍ന്ന സമയത്തായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് പ്രതി ബിഎംഡബ്ല്യു കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മനഃശാസ്ത്ര ഡോക്ടറും ഇസ്ലാം വിമര്‍ശകനുമായ താലിബ് അബ്ദുല്‍ മുഹ്‌സിന്‍ അറസ്റ്റിലായിരുന്നു.
നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ ഉപദേശകനായി ചേരുന്ന മസ്‌ക്, യൂറോപ്പിലുടനീളമുള്ള മറ്റു വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടികള്‍ക്കും ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. ശതകോടീശ്വരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് ഇതിനോട് പ്രതികരിച്ചു. മസ്‌ക് നേരത്തേയും എ.എഫ്.ഡി.ക്ക് പിന്തുണ അറിയിച്ചിരുന്നു.
നിലവില്‍ അഭിപ്രായ വോട്ടെടുപ്പില്‍ ജര്‍മനിയില്‍ രണ്ടാമതാണ് എ.എഫ്.ഡി.യുടെ സ്ഥാനം. തങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി എ.എഫ്.ഡി. അടുത്തിടെ കുടിയേറ്റ വരുദ്ധവും ജനപ്രിയവുമായ 'ജര്‍മനി ഫസ്റ്റ്' നിലപാടുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ നാസി കാലഘട്ടത്തിലെ ആശയങ്ങളും മുദ്രാവാക്യങ്ങളും പിന്തുടരുന്ന പാര്‍ട്ടി എന്ന അപഖ്യാതി എ.എഫ്.ഡി.ക്കെതിരേ നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ജര്‍മനിയില്‍ കൂടുതല്‍ പാര്‍ട്ടികളും എ.എഫ്.ഡി.യുമായി സഖ്യം ചേരാന്‍ ആഗ്രഹിക്കുന്നില്ല.
എ.എഫ്.ഡി.യുടെ യുവജന വിഭാഗമായ യങ് അള്‍ട്ടര്‍നേറ്റീവിനെ ജര്‍മന്‍ അധികാരികള്‍ തീവ്രവാദസംഘടനയായാണ് പരിഗണിച്ചിരിക്കുന്നത്. നാസി കാലഘട്ടത്തിനുശേഷം ജര്‍മനിയില്‍ ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായി എ.എഫ്.ഡി. അടുത്തിടെ മാറി. എങ്കിലും ഒരു സഖ്യകക്ഷി രൂപവത്കരണത്തോടെയല്ലാതെ അവര്‍ക്ക് ഭരിക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.