ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തിവിട്ടാല്‍ ഇസ്രായേലി ബന്ദികള്‍ക്ക് സഹായമെത്തിക്കാന്‍ റെഡ്‌ക്രോസിനെ അനുവദിക്കാം; ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗാസയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ ഇസ്രായേല്‍ പൗരന്മാരുമുണ്ട്; നെതന്യാഹുവിന് ഹമാസിന്റെ മറുപടി
നെതന്യാഹുവിന് ഹാമാസിന്റെ മറുപടി
ഗസ്സ സിറ്റി: ഹമാസിന്റെ തടവിലുള്ള ബന്ദികളുടെ എല്ലും തോലുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹമാസിനെതിരെയാണ് വികാരം ഉടലെടുത്തിരിക്കുന്നത്. ഇതോടെ ബന്ദികളുടെ വിഷയത്തില്‍ ഇടപെട്ട് നെതന്യാഹുവും രംഗത്തുവന്നിരുന്നു. അവര്‍ക്ക് റെഡ്‌ക്രോസ് സഹായമെത്തിക്കണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടത്. ഈ ആവശ്യത്തോട് പ്രതികരിച്ചു ഹമാസും രംഗത്തുവന്നു.
ഗസ്സയിലേക്കുള്ള മാനുഷിക സഹായ ഇടനാഴികള്‍ തുറന്ന് ഭക്ഷണവും സഹായവസ്തുക്കളും അനുവദിച്ചാല്‍ ഇസ്രായേലി ബന്ദികളെ സഹായിക്കാന്‍ റെഡ് ക്രോസിനെ അനുവദിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്ങളുടെ തടവിലുള്ള ബന്ദിയുടെ എല്ലും തോലുമായ ദൃശ്യങ്ങള്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടത്. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളില്‍ ഇസ്രായേല്‍ പൗരന്മാരുമുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് അല്‍ ഖസ്സാം ബ്രിഗേഡ് വീഡിയോ പുറത്തുവിട്ടത്. ഗസ്സയിലെ തുരങ്കത്തിനുള്ളില്‍ പട്ടിണികിടന്ന് മെലിഞ്ഞൊട്ടി, എല്ലുകള്‍ ഉന്തിയ ശരീരവുമായി സ്വന്തം ശവക്കുഴി ഒരുക്കുന്ന ബന്ദിയുടെ ദൃശ്യമായിരുന്നു അത്.
കുഞ്ഞുങ്ങളും യുവാക്കളുമടക്കം വിശന്നുമരിക്കുന്ന ഗസ്സയില്‍നിന്നും ഒരു ഇസ്രായേല്‍ പൗരന്റെ പട്ടിണിക്കോലം ലോകത്തിന് മുന്നിലെത്തിയതോടെ നെതന്യാഹുവിനെതിരെ സ്വന്തം രാജ്യത്ത് തന്നെ കടുത്ത പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ്, ബന്ദികള്‍ക്ക് റെഡ്‌ക്രോസ് സഹായമെത്തിക്കണമെന്ന് നെതന്യാഹു അഭ്യര്‍ഥിച്ചത്. റെഡ്‌ക്രോസ് തലവന്‍ ജൂലിയന്‍ ലെറിസണെ ടെലിഫോണില്‍ വിളിച്ചാണ് അഭ്യര്‍ഥന നടത്തിയത്. അഭയാര്‍ഥികള്‍ക്ക് ഉടനടി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കണമെന്നാണ് നെതന്യാഹു അഭ്യര്‍ഥിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസും അറിയിച്ചിരുന്നു. ഇതിന് മറുപടിയാണ് ഹമാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഗസ്സ മുനമ്പിലെ എല്ലാ പ്രദേശങ്ങളിലേക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി മാനുഷിക ഇടനാഴികള്‍ തുറന്നാല്‍, ശത്രു തടവുകാര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള റെഡ് ക്രോസിന്റെ ഏതൊരു അഭ്യര്‍ത്ഥനയ്ക്കും അനുകൂലമായി പ്രതികരിക്കാന്‍ തയാറാണ് എന്നാണ് അല്‍-ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചത്. ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊല്ലുക എന്ന നയം സ്വീകരിക്കുന്നതിനാല്‍, ബന്ദികള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണ ആനുകൂല്യമൊന്നും നല്‍കാനാവില്ലെന്നും ഹമാസ് വ്യക്തമാക്കി..
ബന്ദികളെ മനഃപൂര്‍വ്വം പട്ടിണികിടക്കുന്നില്ല, ഞങ്ങളുടെ പോരാളികളും പൊതുജനങ്ങളും കഴിക്കുന്ന അതേ ഭക്ഷണമാണ് അവരും കഴിക്കുന്നത്. പട്ടിണിയുടെയും ഉപരോധത്തിന്റെയും കുറ്റകൃത്യങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല -ഹമാസ് വ്യക്തമാക്കി.