ഹമാസിന്റെ ദീര്‍ഘകാല വക്താവിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈന്യം; വകവരുത്തിയത് ഖസ്സാമിന്റെ വാര്‍ത്തകള്‍ മുഖംമറച്ച് വിഡിയോ വഴി പുറത്തുവിട്ടിരുന്നത് അബൂ ഉബൈദയെ; ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍

ഹമാസിന്റെ ദീര്‍ഘകാല വക്താവിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈന്യം

Update: 2025-09-01 02:53 GMT

ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ഹമാസ് സായുധ വിഭാഗത്തിന്റെ വക്താവ് സ്ഥാനത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച അബു ഉബൈദയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആക്രമണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തില്‍ വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ല.

ഗസ്സ സിറ്റിയിലെ രിമാലില്‍ അപ്പാര്‍ട്‌മെന്റില്‍ നടത്തിയ ബോംബിങ്ങിലാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. വാര്‍ത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. വര്‍ഷങ്ങളായി ഖസ്സാമിന്റെ വാര്‍ത്തകള്‍ മുഖംമറച്ച് വിഡിയോ വഴി പുറത്തുവിട്ടിരുന്നത് അബൂ ഉബൈദയെന്ന പേരിലാണ്.

ഹുദൈഫ സാമിര്‍ അബ്ദുല്ല അല്‍കഹ്‌ലൂത്ത് ആണ് ശരിയായ പേര് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും ഇതില്‍ അബൂ ഉബൈദയും ഉണ്ടായിരുന്നതായുമാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബു ഉബൈദയുടെ അവസാനത്തെ പ്രസ്താവന പുറത്തിറങ്ങിയത്. ജീവിച്ചിരിക്കുന്ന ബന്ദികളെ തങ്ങളുടെ പിടിയില്‍ തന്നെ നിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്നും മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.

ഗാസ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 43 പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം പുറത്തുവിടുന്ന കണക്ക്. ഷിഫ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ 29 മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 1 മുതല്‍ ഏകദേശം 65,000 പലസ്തീനികള്‍ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തതായാണ് കണക്ക്. ഇതിനിടയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവ് മൂലം ഏഴ് വയോധികര്‍ കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ യഹ്യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍. 'രക്തസാക്ഷികള്‍' എന്ന് വിശേഷിപ്പിച്ച് ഇസ്മാഈല്‍ ഹനിയ്യ, യഹ്യ സിന്‍വാര്‍, മുഹമ്മദ് ദൈഫ് അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളോടൊപ്പം മുഹമ്മദ് സിന്‍വാറിന്റെയും ചിത്രം ഹമാസ് പുറത്തുവിട്ടു.

യഹ്യ സിന്‍വാറിന്റെ മരണശേഷം മുഹമ്മദ് സിന്‍വാറിനായിരുന്നു ഹമാസിന്റെ ചുമതല. 2021 മേയില്‍ മുഹമ്മദ് സിന്‍വാറിനെ വധിക്കാന്‍ ഇസ്രായേല്‍ ആറുതവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. സിന്‍വാര്‍ മരിച്ചെന്ന് 2014ല്‍ വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും പിന്നീട് വിവരം തെറ്റാണെന്ന് കണ്ടെത്തി.

Tags:    

Similar News