ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ഹമാസിന്റെ ഉപാധി അംഗീകരിച്ചേക്കില്ല; ചര്‍ച്ചകള്‍ തുടരുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമായില്ല; ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ട്രംപിന്റെ മരുമകനും സംഘവും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തില്‍
ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ഹമാസിന്റെ ഉപാധി അംഗീകരിച്ചേക്കില്ല
കൊയ്‌റോ: ഇസ്രയേല്‍-ഗസ്സ സംഘര്‍ഷം ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ മുഖേനയും അവസാനിച്ചേക്കില്ലെന്ന ആശങ്ക ശക്തം. ഹമാസ് ഉപാധികള്‍ വെച്ചു രംഗത്തുവന്നതോടെയാണ് ചര്‍ച്ചകളില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകാത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്നാണ് കരാര്‍ ഭാഗികമായി അംഗീകരിച്ച ശേഷം ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഇസ്രായേല്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ല.
ഫലസ്തീന്റെ സ്വയം നിര്‍ണയാവകാശവും യുദ്ധം അവസാനിപ്പിക്കലും ബന്ദികളുടെയും ഫലസ്തീന്‍ തടവുകാരുടെയും കൈമാറ്റവും പ്രധാന ലക്ഷ്യങ്ങളെന്നും ഹമാസ് പ്രതിനിധികള്‍ അറിയിച്ചു. ഹമാസ് ചര്‍ച്ചാ സംഘത്തെ നയിക്കുന്ന ഖലീല്‍ അല്‍ ഹയ്യ ആണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ഈജിപ്തില്‍ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്‌നറും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തിലെത്തും.
ഇസ്രയേലി സ്ട്രാറ്റജിക് കാര്യമന്ത്രി റോണ്‍ ഡെര്‍മറും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനിയും ഇന്ന് എത്തുമെന്നും വിവരമുണ്ട്. ട്രംപിന്റെ കരാറിനെ ഇസ്രയേലും അറബ് രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹമാസും ഭാഗികമായി കരാറിനെ അംഗീകരിച്ചെങ്കിലും ചില നിബന്ധനകള്‍ ഹമാസ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ശാശ്വതവും സമഗ്രവുമായ വെടിനിര്‍ത്തല്‍ ഉണ്ടാകണം, ഗസ്സയിലെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നും ഇസ്രയേലി സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കണം, മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാന്‍ നിയന്ത്രണം പാടില്ല, തടവുകാരുടെ കൈമാറ്റത്തിന് ന്യായമായ കരാര്‍ കൊണ്ടുവരണം, ഗസ വിട്ടുപോയ ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരണം, പുനര്‍നിര്‍മ്മാണ പ്രക്രിയ പലസ്തീന്‍ ദേശീയ സാങ്കേതിക വിദഗ്ധരുടെ സംഘടനയുടെ മേല്‍നോട്ടത്തില്‍ വേണം എന്നതെല്ലാമാണ് ഹമാസ് മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍. കരാര്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അറിയിച്ചിട്ടുണ്ട്.
മുന്‍പ് സമാധാന ചര്‍ച്ചകളുടെ ഫലമായി വെടിനിര്‍ത്തലിന് അരികിലെത്തിയിരുന്നെന്നും എന്നാല്‍ നെതന്യാഹു അത് അട്ടിമറിച്ചിരുന്നുവെന്നും ഹമാസ് പറയുന്നു. ഇത്തവണയും അതിന് സാധ്യതയുണ്ട്. അതിനാല്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും മറ്റ് മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ട് അട്ടിമറി നീക്കത്തില്‍ നിന്ന് നെതന്യാഹുവിനെ തടയണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ രണ്ട് വര്‍ഷം പിന്നിടുകയാണ്. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെയ്റോയില്‍ നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
സെപ്റ്റംബര്‍ 29ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയില്‍ ഹമാസ് അധികാരം ഒഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍. ഗാസയിലെ സഹായവിതരണം യു എന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തുമെന്നും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
പലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും. ഗാസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ പോകാന്‍ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. മറുപടി നല്‍കാന്‍ ഹമാസിന് നാല് ദിവസത്തെ സാവകാശമായിരുന്നു ട്രംപ് നല്‍കിയത്. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ ഹമാസ് പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ചില കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച വേണമെന്നായിരുന്നു ഹമാസ് അറിയിച്ചത്.