'അയാള്‍ എന്റെ ഡാന്‍സ് കോപ്പിയടിച്ചു'; മഡുറോയെ പിടികൂടാന്‍ ട്രംപിനെ പ്രകോപിപ്പിച്ചത് ആ അനുകരണ നൃത്തമോ? തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ്; പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മഡുറോയ്ക്കും ഭാര്യയ്ക്കും തലയിടിച്ച് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍; വെനസ്വേലന്‍ പ്രസിഡന്റിനെ പിടികൂടിയ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
'അയാള്‍ എന്റെ ഡാന്‍സ് കോപ്പിയടിച്ചു'
വാഷിംഗ്ടണ്‍: വെനസ്വേലയില്‍ മിന്നലാക്രമണം നടത്തി പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മഡുറയെ പിടികൂടാന്‍ ട്രംപിനെ പ്രകോപിപ്പിച്ച കാര്യങ്ങളില്‍ ഒരു നൃത്തവും ഉള്‍പ്പെടുന്നു എന്നതാണ് വിവരം. തന്റെ നൃത്തം വെനസ്വേലന്‍ പ്രസിഡന്റ് അനുകരിച്ചുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. വാഷിംഗ്ടണിലെ കെന്നഡി ആര്‍ട്ട് സെന്ററില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം.
'അയാള്‍ എഴുന്നേറ്റുനിന്ന് എന്റെ നൃത്തം അനുകരിക്കാന്‍ ശ്രമിച്ചു. അയാള്‍ അക്രമാസക്തനായ വ്യക്തിയാണ്. ലക്ഷക്കണക്കിന് ആളുകളെ കൊന്നിട്ടുണ്ട്. പീഡിപ്പിച്ചിട്ടുണ്ട്. കാരക്കാസില്‍ അവര്‍ക്ക് ഒരു പീഡനമുറിയുണ്ട്. അത് അവര്‍ അടച്ചുപൂട്ടാന്‍ പോകുകയാണ്'- എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
യുഎസ് ഭീഷണികളെ ധിക്കരിച്ച് മഡുറോ പതിവായി പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നത് വൈറ്റ് ഹൗസ് ചൊടിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. 2025 അവസാനത്തില്‍ കരീബിയനില്‍ യുഎസ് സൈന്യം എത്തിയപ്പോള്‍ മഡുറോ തന്റെ 'നോ വാര്‍, യെസ് പീസ്' എന്ന മുദ്രാവാക്യത്തിന്റെ ടെക്‌നോ റീമിക്‌സിന് നൃത്തം ചെയ്തുകൊണ്ട് പതിവായി വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ട്രംപ് തന്റെ റാലികളില്‍ 'വൈഎംസിഎ' എന്ന ഡിസ്‌കോ ഗാനത്തിന് ചുവടുവയ്ക്കാറുണ്ട്. ഇക്കാരണത്താലാണ് തന്റെ നൃത്തം വെനസ്വേലന്‍ പ്രസിഡന്റ് അനുകരിച്ചതായി ട്രംപ് ആരോപിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുഎസ് വെനസ്വേലയില്‍ മിന്നലാക്രമണം നടത്തി നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയത്.
യുഎസ് സേന പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്നും ഇതിനിടെ പരിക്കേറ്റതായും വെളിപ്പെടുത്തലും പുറത്തുവരുന്നുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തലയിടിച്ച് മഡുറോയ്ക്കും ഭാര്യക്കും പരിക്കേറ്റതായി യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ യുഎസ് എംപിമാര്‍ക്ക് മുന്നിലാണ് വെളിപ്പെടുത്തിയത്. അവരുടെ കോമ്പൗണ്ടിനുള്ളിലെ ഒരു സ്റ്റീല്‍ വാതിലിന് പിന്നില്‍ ഒളിക്കാനാണ് മഡുറോയും ഭാര്യ ഫ്ളോറസും ശ്രമിച്ചത്. എന്നാല്‍ വാതിലിന്റെ ഫ്രെയിം വളരെ താഴ്ന്നതായിരുന്നു. ഇതിനിടെ ഇരവരുടേയും തല അതിലിടിച്ചു. ഡെല്‍റ്റ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയ ശേഷം പ്രഥമ ശുശ്രൂഷ നല്‍കി, ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിവരാണ് തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ സമയം യുഎസിലെ ഉയര്‍ന്ന നിയമനിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയത്.
മഡുറോയും ഭാര്യയും തിങ്കളാഴ്ച കോടതിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്ക് പരിക്കേറ്റത് വ്യക്തമായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ അവര്‍ക്ക് 'ഗുരുതരമായ പരിക്കുകള്‍' സംഭവിച്ചതായി ഫ്ലോറസിന്റെ അഭിഭാഷകന്‍ ജഡ്ജിയോട് പറയുകയുമുണ്ടായി. 'കൂടാതെ, അവരുടെ വാരിയെല്ലുകളില്‍ ഒടിവോ അല്ലെങ്കില്‍ ഗുരുതരമായ മുറിവോ സംഭവിച്ചിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ആരോഗ്യം ഉറപ്പാക്കാന്‍ എക്സ്-റേയും പൂര്‍ണ്ണമായ ശാരീരിക പരിശോധനകളും നടത്തണം' അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു.
മഡുറോയ്ക്ക് ഇരിക്കാനും എഴുന്നേല്‍ക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയില്‍നിന്നുള്ള ഫ്ളോറസിന്റെ ചിത്രങ്ങളില്‍ തലയില്‍ ബാന്‍ഡേജുകളോടെയുള്ളതായിരുന്നു. അതേസമയം ഫ്ളോറസിന്റെ തലയ്ക്കേറ്റ പരിക്ക് നിസ്സാരമാണെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ എംപിമാരോട് പറഞ്ഞത്.
മഡുറോയുടെ സുരക്ഷയ്ക്കുണ്ടായിരുന്ന ക്യൂബന്‍ പ്രതിരോധ സേനയുമായുണ്ടായ കനത്ത വെടിവെപ്പില്‍ ഡെല്‍റ്റ ഫോഴ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് പരിക്കേറ്റതായും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നും പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നും റൂബിയോ അടക്കമുള്ളവര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സമയത്ത് കാരക്കാസില്‍ ഏകദേശം 200 യുഎസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നതായാണ് ഇവര്‍ പറയുന്നത്. ഓപ്പറേഷനില്‍ എത്ര വെനസ്വേലക്കാരെയും ക്യൂബക്കാരെയും വധിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. അതേസമയം തങ്ങളുടെ 32 സൈനിക-പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വെനസ്വേലന്‍ സുരക്ഷാ ഉദ്യോഗസ്ഥരേക്കാള്‍ കൂടുതല്‍ ജീവഹാനി ഉണ്ടായത് ക്യൂബക്കാര്‍ക്കാണെന്ന് യുഎസ് സൈനിക വൃത്തങ്ങളും വ്യക്തമാക്കി.
ഈ ഓപ്പറേഷന്‍ വെനസ്വേലയിലെ ഒരു ഭരണമാറ്റത്തിനുള്ള ശ്രമമായിരുന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ എംപിമാരോട് വിശദീകരിച്ചു. വെനസ്വേലന്‍ സര്‍ക്കാര്‍ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡെല്‍സി റോഡ്രിഗസുമായി യുഎസിന് ഒത്തുപോകാന്‍ സാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് മരിയ കൊറി മച്ചാഡോയെ യുഎസ് പിന്തുണച്ചിരുന്നെങ്കിലും അവര്‍ക്ക് വെനസ്വേലയിലെ സൈന്യത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
