ഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കും; സുഖോയ് 57 യുദ്ധവിമാനങ്ങളുടെ കാര്യത്തിലും എസ് 400 മിസൈല്‍ പ്രതിരോധസംവിധാനം വാങ്ങുന്നതിലും തീരുമാനം; ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തുമ്പോള്‍ ലോകം ഇന്ദ്രപ്രസ്ഥത്തിലേക്ക് കണ്ണു നട്ടിരിക്കുന്നു; ഡല്‍ഹിയില്‍ എങ്ങും കനത്ത സുരക്ഷ
വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തുമ്പോള്‍ ലോകം ഇന്ദ്രപ്രസ്ഥത്തിലേക്ക് കണ്ണു നട്ടിരിക്കുന്നു
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളില്‍ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവര്‍ണറും പങ്കെടുക്കും. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുടിന്‍ ഇന്ത്യയിലെത്തുന്നത് ലോകം വലിയ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുടിന്റെ സന്ദര്‍ശനത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകിട്ട് 7 മണിയോടെ ഇന്ത്യയില്‍ എത്തുന്ന റഷ്യന്‍ പ്രസിഡന്റ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചേക്കും. ശേഷം രാഷ്ട്രപതി ദൗപതി മുര്‍മു നല്‍കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രാഷ്ട്രതലസ്ഥാനത്ത് പാഴുതടച്ച സുരക്ഷയാണ് ഒരുക്കിയിക്കുന്നത്. റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസിനൊപ്പം എന്‍എസ്ജി കമാന്‍ഡോകളും ചേര്‍ന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തീവ്രപരിശീലനം ലഭിച്ച 50-ലേറെ റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തി. വ്‌ലാദിമിര്‍ പുടിന്‍ സന്ദര്‍ശനം നിശ്ചയിച്ച ഇടങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയായി.
ഇന്ത്യന്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടല്‍ ശക്തിപ്പെടുത്തുമെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു. സന്ദര്‍ശത്തില്‍ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയം അറിയിച്ചു.
റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യു എസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം. റഷ്യയിലേക്ക് കൂടുതല്‍ യന്ത്രഭാഗങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താല്‍പ്പര്യപ്പെടുന്നത്. ആണവോര്‍ജ മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം ഇന്ത്യയ്ക്ക് നല്‍കാന്‍ റഷ്യ ഒരുക്കമാണ്. ചെറുകിട റിയാക്ടറുകളുടെ നിര്‍മാണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതിരോധം, സൈനികേതര ആണവോര്‍ജം, വ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണകള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. കൂടുതല്‍ എസ് 400 മിസൈല്‍ പ്രതിരോധസംവിധാനം, സുഖോയ്-57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടാകും. ഉഭയകക്ഷിവ്യാപാരം ശക്തമാക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ചര്‍ച്ചയാകും.
ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കാനും വിവിധ മേഖലകളിലെ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കാനും സാധ്യതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. 2030 വരെ റഷ്യന്‍ - ഇന്ത്യന്‍ സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ഇടപെടലും ഉണ്ടാകും. പുടിന്റെ ഇന്ത്യ സന്ദര്‍ശനം റഷ്യ - ഇന്ത്യ ബന്ധങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ അവസരം നല്‍കുന്നു. നരേന്ദ്ര മോദിയുമായുള്ള പ്രധാന ചര്‍ച്ചകള്‍ക്ക് പുറമെ റഷ്യ - ഇന്ത്യ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കും. വ്യാപാര, സാമ്പത്തിക സഹകരണത്തിന്റെ പ്രധാന വശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ധാരണപത്രത്തിന് റഷ്യന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവയ്ക്കാനുള്ള കരാറിനാണ് അംഗീകാരം നല്‍കിയത്. തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തില്‍ റിയാക്ടറുകള്‍ നിര്‍മിച്ചത് റഷ്യയുടെ റൊസാറ്റം ആണവ കോര്‍പറേഷനാണ്. ഇവിടെ തുടര്‍ പദ്ധതികള്‍ക്കും സഹകരണത്തിനും റൊസാറ്റം ആണവ കോര്‍പറേഷന് മന്ത്രിസഭ അനുമതി നല്‍കി. റിയാക്ടറുകള്‍ തദ്ദേശീയമായി വികസിപ്പിക്കാന്‍ ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും പരിശീലനവും റഷ്യ നല്‍കും. ഇന്ത്യയുമായുള്ള സൈനിക കരാറിന് റഷ്യന്‍ പാര്‍ലമെന്റിലെ അധോസഭയായ ഡ്യൂമ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
