ഹംബന്‍തോട്ടയില്‍ ചൈന എണ്ണ റിഫൈനറി നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യ ട്രിങ്കോമാലിയില്‍ ഊര്‍ജ്ജ ഹബ്ബ് വികസിപ്പിക്കും; ശ്രീലങ്കയില്‍ ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം; ശ്രീലങ്കയുമായി നിര്‍ണായക പ്രതിരോധ സഹകരണ കരാറും; മോദിക്ക് വിദേശരാഷ്ട്രത്തലവനുള്ള പരമോന്നത ബഹുമതിയും
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നിര്‍ണായക പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇതാദ്യമായി നിര്‍ണായകമായ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീലങ്ക സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പു വച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റായി അനുര കുമാര ദിസ്സനായകെ സെപ്റ്റംബറില്‍ ചുമതലയേറ്റ ശേഷം ഇതാദ്യമാണ് ഒരു ആഗോള രാഷ്ട്രത്തലവന്‍ ശ്രീലങ്കയില്‍ എത്തുന്നത്.
2022 ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയുമായുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യ ശ്രീലങ്കയ്ക്ക് 4 ബില്യന്‍ ഡോളര്‍ സഹായം അനുവദിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ സമാനമാണെന്ന് മോദി പറഞ്ഞു. ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നല്‍കിവന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
ബാങ്കോക്കില്‍ ബിംസ്‌റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി ശ്രീലങ്കയില്‍ എത്തിയത്. ലങ്കയിലെത്തിയ മോദിക്ക് കൊളംബോയിലെ ചരിത്രപ്രധാനമായ സ്വാതന്ത്ര്യ ചത്വരത്തില്‍ ആചാരപരമായ വരവേല്‍പ്പ് നല്കി. അനുര കുമാര ദിസ്സനായകെ മോദിയെ സ്വീകരിച്ചു. ഇതാദ്യമായാണ് വിദേശനേതാവിന് ഇത്തരത്തില്‍ സ്വീകരണം നല്‍കുന്നത്. ഒരു വിദേശ രാഷ്ട്രത്തലവന് ശ്രീലങ്ക നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ മിത്രി വിഭൂഷണ നല്‍കി ദിസ്സനായകെ മോദിയെ ആദരിച്ചു.
ഇരുരാജ്യങ്ങളും തമ്മില്‍ മറ്റുചില കരാറുകളില്‍ കൂടി ഒപ്പിട്ടു. ചൈനയുമായുള്ള കടുത്ത മത്സരത്തിനിടെ, ശ്രീലങ്കയില്‍ ഊര്‍ജ്ജ ഹബ് വികസിപ്പിക്കാന്‍ ഇന്ത്യയും യുഎഇയും ശ്രീലങ്കയും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ട്രിങ്കോമാലിയെയാണ് ഊര്‍ജ്ജ ഹബ്ബായി വികസിപ്പിക്കുന്നത്. ശ്രീലങ്കയുടെ തെക്കന്‍ തുറമുഖ നഗരമായ ഹംബന്‍തോട്ടയില്‍ 32. ബില്യന്‍ ഡോളര്‍ മുടക്കി ചൈനീസ് ഊര്‍ജ്ജ സ്ഥാപനം സിനോപെക് എണ്ണ റിഫൈനറി നിര്‍മ്മിക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കെ ഇന്ത്യയുമായുള്ള ഊര്‍ജ്ജ കരാറിന് വലിയ പ്രധാന്യമുണ്ട്.
ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയ്ക്ക് ബഹുതല സാമ്പത്തിക സഹായം നല്‍കാനും കരാര്‍ ഒപ്പിട്ടു. സാംപൂര്‍ സൗരോര്‍ജ്ജ വൈദ്യുതി പദ്ധതി ഇരുനേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.