കമല ഹാരിസിനെ മറികടന്ന് സര്‍വേകളില്‍ ട്രംപിന്റെ മുന്നേറ്റത്തില്‍ നെഞ്ചിടിച്ച് ഇറാന്‍; തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ഉന്നമിടാന്‍ നെതന്യാഹുവിനെ പിന്തുണച്ചത് അടക്കം ഭയം ജനിപ്പിക്കുന്നു; തങ്ങളെ തകര്‍ക്കുമെന്ന ഭീതിയില്‍ ഇറാഖും യെമനും

കമല ഹാരിസിനെ മറികടന്ന് സര്‍വേകളില്‍ ട്രംപിന്റെ മുന്നേറ്റത്തില്‍ നെഞ്ചിടിച്ച് ഇറാന്‍

Update: 2024-11-02 06:15 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളില്‍ മുന്‍കരുതലെടു്ക്കാന്‍ ഒരുങ്ങി ഇറാന്‍. ഇറാന്‍ മാത്രമല്ല സഖ്യകക്ഷികളും ഇപ്പോള്‍ ഈ ഒരു ഭയപ്പാടിലാണ് എന്നാണ് സൂചനകള്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ എല്ലാം കമലാ ഹാരീസാണ് മുന്നിട്ട് നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ട്രംപ് മുന്നിലെത്തി എന്നതാണ് ഇറാനേയും കൂട്ടാളികളേയും ഞെട്ടിപ്പിക്കുന്നത്.

ലബനനും ഇറാഖും യെമനും എല്ലാം ട്രംപ് വീണ്ടും പ്രസിഡന്റായാല്‍ തങ്ങളെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ട്രംപ് വീണ്ടും അധികാരത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് ഇറാനില്‍ കനത്ത തോതില്‍ ആക്രമണം നടത്താന്‍ ആവശ്യപ്പെടുമെന്ന് ഇറാന് നന്നായിട്ടറിയാം. ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈലുകള്‍ അയച്ച സമയത്ത് തന്നെ ട്രംപ് ഇസ്രയേലിനോട് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ഇറാന്റെ എണ്ണക്കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് മററ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ ഭയപ്പെടുന്നു. മാത്രവുമല്ല ഇസ്രയേലിനെ കൂട്ടുപിടിച്ച് കൊണ്ട് ട്രംപ് ഇറാനിലെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അവരുടെ ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്പ്പിക്കാനും സാധ്യതയുളളതായി ഇറാന്‍ ഭയക്കുന്നു. ഇറാന്റെ വിദേശനയം ഉള്‍്പ്പെടയുള്ള കാര്യങ്ങളില്‍ കാര്യമായ മാറ്റം വരുത്താനും അമേരിക്ക ശക്തമായി ഇടപെടുമെന്നാണ് ഇറാനും സഖ്യശക്തികളും വിശ്വസിക്കുന്നത്.

നേരത്തേ ഇറാന് വേണ്ടി ഗാസയിലും ലബനനിലും പ്രവര്‍ത്തിച്ചിരുന്ന ഹമാസും ഹിസ്ബുള്ളയും ഏതാണ്ട് നാമാവശേഷമാകുന്ന സ്ഥിതിയും ഇറാനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വപ്നം കാണുന്നത് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്ന ദിവസം എന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്. ഇറാന് മേല്‍ ശക്തമായ സൈനിക നടപടിയെടുക്കാന്‍ ട്രംപ് ഇസ്രയേലിനെ പ്രേരിപ്പിക്കും എന്നും എതിരാളികള്‍ കരുതുന്നു.

എന്നാല്‍ പേര് വെളിപ്പെടുത്താത്ത ഒരു ഇറാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനെ തങ്ങള്‍ ഭയപ്പെടുന്നില്ല എന്നാണ്. അമേരിക്കയുടെ വിലക്ക് മറികടന്ന് തങ്ങള്‍ പതിറ്റാണ്ടുകളായി എണ്ണ കയറ്റുമതി നടത്തുന്ന കാര്യവും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ആര് ഭരിച്ചാലും ഇറാനെ അത് ബാധിക്കുകയില്ല എന്നാണ് അവരുടെ വാദം. എന്നാല്‍ ട്രംപ് വീണ്ടും പ്രസിഡന്‍ര് ആകുന്നത് ഇറാന് പേടിസ്വപ്നമാണ് എന്നാണ് ഇറാനിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

Tags:    

Similar News