ഇസ്രായേലിന് കടുത്ത ശിക്ഷ കൊടുക്കാന്‍ ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഏകോപിപ്പിച്ച് ഇറാന്‍; അണിയറയില്‍ നീക്കുന്നത് വലിയ ആക്രമണത്തിനുള്ള കരുക്കള്‍; ഇസ്രയേലിനെയും അമേരിക്കയേയും വെറുതെ വിടില്ലെന്ന് ഖൊമേനി
ഗാസ: ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് ഇറാന്‍ നേതാവ് ആയത്തുല്ല അലി ഖൊമേനി. ബോംബാക്രമണത്തില്‍ ഇസ്രയേലിനെയും അമേരിക്കയേയും വെറുതെ വിടില്ലെന്ന് ഖൊമേനി പറഞ്ഞു. ഇസ്രായേലിന് കടുത്ത ശിക്ഷ കൊടുക്കാന്‍ ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഏകോപിപ്പിച്ച് ഇറാന്‍ അണിയറയില്‍ നീക്കുന്നത് വലിയ ആക്രമണത്തിനുള്ള കരുക്കള്‍. ഇതോടെ മധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കരുതേണ്ടത്.
ഇസ്രായേല്‍ ഒക്ടോബര്‍ 26-ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടത്തിയ ആക്രമണത്തിന് ഇറാന്‍ പ്രതികാരം ചെയ്തിരിക്കുമെന്നും അത് നിങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം എന്നെന്നോ, എപ്പോഴെന്നോ അതിന്റെ വ്യാപ്തി എത്രത്തേളം എന്നോ അദ്ദേഹം വിശദീകരണം നല്‍കിയില്ല. എങ്കിലും അമേരിക്കന്‍ സൈനിക സാന്നിധ്യം മധ്യപൗരസ്ത്യ മേഖലയിലുടനീളം വ്യാപിച്ചുകിടക്കുന്നതിനാല്‍, ഭീഷണി വലിയ തലത്തിലാണെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണം അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നേരിട്ട് യുദ്ധത്തില്‍ അമേരിക്ക പങ്കെടുത്തിട്ടില്ല.
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒറ്റ രാത്രി കൊണ്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമങ്ങള്‍ പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തലസ്ഥാനമായ ടെഹ്റാനടുത്തും പടിഞ്ഞാറന്‍ ഇറാനിലുള്ള മിസൈല്‍ ഫാക്ടറികള്‍ക്കും മറ്റ് സൈറ്റുകള്‍ക്കും നേരെ പുലര്‍ച്ചെ നിരവധി ഇസ്രയേലി ജെറ്റുകള്‍ മൂന്ന് തരംഗ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു.
ശനിയാഴ്ച പുലര്‍ച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ടെഹ്റാന് സമീപമുള്ള പാര്‍ച്ചിന്‍ എന്ന കൂറ്റന്‍ സൈനിക സമുച്ചയമാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്റാന് അടുത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ഖോജിറും ഇസ്രയേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഈ മാസം ആദ്യം ഇറാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇസ്രയേലിന്റെ പ്രത്യാക്രമണം. ഒക്ടോബര്‍ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തത്. ഹിസ്ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്.