പാക് അധീന കാശ്മീരിലെ പരിപാടിയില്‍ ഹമാസ് നേതാക്കളെത്തി; ലഷ്‌ക്കര്‍- ഇതേയ്ബയുടേയും ജയ്ഷേ മുഹമ്മദിന്റെയും ഭീകരര്‍ക്കൊപ്പം നേതാക്കള്‍ വേദി പങ്കിട്ടു; ഇന്ത്യ ഗൗരവത്തോടെ കാണണം; ഹമാസിന് ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേല്‍; പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ തുടരവേയും ഹമാസിനെതിരെ നീക്കം കടുപ്പിച്ചു ഇസ്രായേല്‍
ഹമാസിന് ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേല്‍
ടെല്‍ അവീവ്: ഇന്ത്യ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇസ്രയേല്‍. ഹമാസിന്റെ പല നേതാക്കളും ഈയിടെ പാക് അധിനിവേശ കാശ്മീരില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ഇസ്രയേല്‍ ഈ ആവശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന തീവ്രവാദ പ്രസ്ഥാനങ്ങളായി പ്രഖ്യാപിച്ച ലഷ്‌ക്കര്‍- ഇ തെയ്ബയുടേയും ജയ്ഷേ മുഹമ്മദിന്റെയും നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഹമാസ് നേതാക്കള്‍ ഇവര്‍ക്കൊപ്പമാണ് വേദി പങ്കിട്ടത്. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ ഇന്ത്യയോട് ഹമാസിനെ നിരോധിക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീവ്രവാദത്തിന് എതിരായ ഇസ്രയേലിന്റെ പോരാട്ടത്തിന് ഇന്ത്യ എല്ലാ വിധ പിന്തുണയും നല്‍കുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തെ രാജ്യം അപലപിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഹമാസിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുമില്ല. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഹമാസിനെ ആഗോള തീവ്രവാദ സംഘടനയായി നേരത്തേ തന്നെ
പ്രഖ്യാപിച്ചിട്ടുണ്ട്.
മുബൈ തീവ്രവാദി ആക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകരായ ലഷ്‌കര്‍- ഇ തെയ്ബയെ 2023 ല്‍ ഇസ്രയേല്‍ ഭീകരസംഘടനയായി
പ്രഖ്യാപിച്ചിരുന്നു. അന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ ആയിരുന്ന നവോര്‍ ഗിലോണ്‍ ഇതേ മാതൃകയില്‍ ഭാരതവും ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. പാര്‍ലമെന്റിലും ചില അംഗങ്ങള്‍ ഹമാസിനെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യം യു.എ.പി.എ നിയമത്തിന് കീഴില്‍ വരുന്ന ഒന്നാണെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ ഇന്ത്യക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനൊപ്പം ഫലസ്തീന്‍ ജനതയുടെ ലക്ഷ്യം നിറവേറ്റുന്നതിനും ഇന്ത്യ എല്ലാ സഹായങ്ങളും നല്‍കുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് അംഗത്വം നല്‍കുന്നതിനെയും ഇന്ത്യ പൂര്‍ണമായി അനുകൂലിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അങ്ങനെ ചെയ്തിട്ടില്ല. ഭീകര വിരുദ്ധ പോരാട്ടത്തില്‍ ഇസ്രയേലിനെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെങ്കിലും ഹമാസിനെ നിരോധിച്ചിട്ടില്ല. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചപ്പോള്‍ പോലും ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ വീണ്ടും സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്.
പാകിസ്ഥാനില്‍ കശ്മീര്‍ വിഘടനവാദികളുടെ യോഗത്തില്‍ ഹമാസ് പ്രതിനിധികള്‍ പങ്കെടുത്ത സാഹചര്യത്തില്‍ ഇന്ത്യ, ഹമാസിനെ നിരോധിക്കാന്‍ ഇനിയും വൈകരുതെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കവെ ഹമാസിനെതിരെ പുതിയ നീക്കവുമായി ഇസ്രയേല്‍ രംഗത്തെത്തിയത് എന്നതും ശ്രദ്ധമാണ്.