ഭക്ഷണം തേടിയെത്തിയ പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേര്‍ക്കു പരുക്ക്; സാധരണക്കാരുടെ മരണത്തില്‍ അമേരിക്കയും കടുത്ത അതൃപ്തിയില്‍; ഒരു ഭ്രാന്തനെപ്പോലെ എല്ലാ സമയത്തും നെതന്യാഹു ബോംബിടുന്നു എന്ന് വിമര്‍ശിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍

ഭക്ഷണം തേടിയെത്തിയ പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേലിന്റെ വെടിവയ്പ്

Update: 2025-07-21 01:21 GMT

ജറുസലം: ഗാസയില്‍ കൊടുംപട്ടിണിയിലായ പലസ്തീന്‍കാരെ ഇസ്രായേല്‍ നേരിടുന്ന രീതിക്കെതിരെ ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയകാണ്. ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍ യുഎന്‍ ഏജന്‍സികളുടെ ഭക്ഷണവണ്ടികള്‍ കാത്തുനിന്ന ജനക്കൂട്ടത്തിനുനേര്‍ക്കാണു വെടിവയ്പുണ്ടായത്. ഭക്ഷണവുമായി 25 ട്രക്കുകള്‍ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്. 21 മാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഭക്ഷണത്തിനു കാത്തുനിന്നവര്‍ക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

പരുക്കേറ്റവരെക്കൂടാതെ കൊടുംവെയിലില്‍ കുഴഞ്ഞുവീണ നൂറുകണക്കിനാളുകളെയും അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗാസയില്‍ 35 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 3 പേര്‍ പോഷകാഹാരക്കുറവു മൂലം മരിച്ചു. നിര്‍ജലീകരണം മൂലം കൂടുതല്‍പേര്‍ മരിക്കുന്ന സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രയേല്‍ നടത്തിയ വെടിവയ്പുകളില്‍ ഇതുവരെ 900 പേരാണു കൊല്ലപ്പെട്ടത്.

അതേസമയം, മധ്യഗാസയിലെ ദെയ്‌റല്‍ ബലാഹില്‍നിന്നു ജനങ്ങളോട് ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഈ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണു പദ്ധതി. ദെയ്‌റല്‍ ബലാഹിലെ വിവിധ ജില്ലകളിലാണ് മുന്നറിയിപ്പ് നോട്ടിസ് സൈനികവിമാനങ്ങള്‍ വിതറിയത്. ഇവിടെയാണ് ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണു നിഗമനം. സൈന്യം ഈ മേഖലയില്‍ പ്രവേശിക്കുന്നത് ഇവരുടെ ജീവനും അപകടത്തിലാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഉടന്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കി ബന്ദികളെ തിരിച്ചെത്തിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് ആയിരങ്ങള്‍ ടെല്‍ അവീവില്‍ പ്രകടനം നടത്തി. ഗാസയില്‍ ശേഷിക്കുന്ന 50 ബന്ദികളില്‍ 20 പേര്‍ ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.

അതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അകലുന്നു എന്ന സൂചനകളും ശക്തമാണ്. ഒരു ഭ്രാന്തനെപ്പോലെയാണ് നെതന്യാഹു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ തുറന്നടിച്ചതോടെയാണ് ട്രംപ് - നെതന്യാഹു ബന്ധത്തില്‍ വിള്ളല്‍ വീഴുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

സിറിയന്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് നേര്‍ക്ക് അടുത്തിടെ നടന്ന ഇസ്രായേല്‍ ആക്രമണമാണ് ട്രംപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. 'ബിബി ഒരു ഭ്രാന്തനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണ്. ഇത് ട്രംപ് ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ ദുര്‍ബലപ്പെടുത്തിയേക്കാം' - യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡമാസ്‌കസിലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്കും തെക്കന്‍ സിറിയയിലെ സര്‍ക്കാര്‍ സേനകളെ ലക്ഷ്യമിട്ടതിനും പിന്നാലെയാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ ഈ പരാമര്‍ശമെന്നുള്ളതാണ് ശ്രദ്ധേയം. സിറിയയുമായുള്ള യുഎസിന്റെ ബന്ധം അടുത്തിടെ വലിയ പുരോഗതി കൈവരിച്ചിരുന്നു. ഇതിനിടെ ഗാസ മുനമ്പിലെ ഏക കത്തോലിക്കാ പള്ളിയായ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയുടെ കോമ്പൗണ്ടും ഇസ്രായേല്‍ ആക്രമിച്ചിരുന്നു.

ഗാസയിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി മറ്റൊരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്. നെതന്യാഹുവിന്റെ മൂന്നാമത്തെ യുഎസ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരാമര്‍ശം വരുന്നത്. ഈ സന്ദര്‍ശനത്തില്‍ ട്രംപുമായി നിരവധി കൂടിക്കാഴ്ചകളും വൈറ്റ് ഹൗസില്‍ ഒരു അത്താഴവിരുന്നും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഗാസ യുദ്ധത്തില്‍ ഒരു വഴിത്തിരിവും ഉണ്ടായില്ല.

ട്രംപ് ഭരണകൂടത്തിനുള്ളില്‍ നെതന്യാഹുവിനോടുള്ള സംശയം വര്‍ദ്ധിച്ചുവരികയാണെന്ന് മറ്റൊരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി വളരെ അക്ഷമനും പ്രശ്‌നക്കാരനുമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചത്. നെതന്യാഹു ചിലപ്പോള്‍ അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെയാണെന്നും യുഎസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെയും ട്രംപിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ഇസ്രായേല്‍ വക്താവ് സിന്‍ അഗ്മോന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ, സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് ഇടപെട്ടിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി തുര്‍ക്കിയിലെ അമേരിക്കന്‍ അംബാസഡര്‍ അറിയിച്ചു. ഇസ്രായേല്‍ ആക്രമണം തടഞ്ഞ ഒരു വെടിനിര്‍ത്തല്‍ യുഎസ് ഉണ്ടാക്കിയെടുത്തെങ്കിലും, നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും കുറിച്ച് ട്രംപ് ഭരണകൂടം കൂടുതല്‍ ആശങ്കാകുലരാണെന്ന് ആറ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News