'ഇന്ത്യയ്‌ക്കെതിരായ ഉയര്‍ന്ന തീരുവ ട്രംപിന്റെ തന്ത്രം, റഷ്യക്ക് നല്‍കിയത് കൃത്യമായ സന്ദേശം; അസംസ്‌കൃത എണ്ണ വിറ്റ് റഷ്യ കൂടുതല്‍ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകും; യുദ്ധം തുടര്‍ന്നാല്‍ ഒറ്റപ്പെടുത്തും'; അനുരജ്ഞന വഴിയില്‍ ഇല്ലെന്ന് പുടിന്‍ സൂചന നല്‍കിയതോടെ റഷ്യക്കെതിരെ ജെ ഡി വാന്‍സ്; റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്
'ഇന്ത്യയ്‌ക്കെതിരായ ഉയര്‍ന്ന തീരുവ ട്രംപിന്റെ തന്ത്രം,
വാഷിങ്ടന്‍: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന് തുറന്നുപറഞ്ഞ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. യുദ്ധം നിര്‍ത്തുന്നതിന് റഷ്യയെ നിര്‍ബന്ധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച മാര്‍ഗമാണ് ഉയര്‍ന്ന തീരുവ നടപടിയെന്നും വാന്‍സ് പറഞ്ഞു. ഇതോടെ യുക്രൈന്‍-റഷ്യ യുദ്ധം എങ്ങോട്ടു നീങ്ങുമെന്നത് ഇന്ത്യയെയും ബാധിക്കുമെന്ന ഉറപ്പായി.
ഇന്ത്യക്ക് മേല്‍ തീരുവ ഉയര്‍ത്തിയ നടപടിയിലൂടെ 'ആക്രമണാത്മക സാമ്പത്തിക സ്വാധീനം' ആണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അസംസ്‌കൃത എണ്ണ വിറ്റ് റഷ്യ കൂടുതല്‍ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകുമെന്നമാണ് ജെ ഡി വാന്‍സ് പറഞ്ഞത്. യുക്രെയ്‌നിലെ റഷ്യയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായി ട്രംപിന്റെ ദ്വതീയ തീരുവ നീക്കത്തെ വാന്‍സ് വിലയിരുത്തി. ഇന്ത്യ റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ വാങ്ങുന്നതില്‍ ട്രംപ് സര്‍ക്കാര്‍ നേരത്തേ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായ ചൈനയെ വിമര്‍ശിക്കുന്നതില്‍ നിന്ന് ട്രംപ് വിട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. റഷ്യ - യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന് സാധിക്കുമെന്നും വാന്‍സ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയ്ക്ക് മേല്‍ ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ചതിലൂടെ റഷ്യയ്ക്കുള്ള ട്രംപിന്റെ സന്ദേശം വ്യക്തമാണെന്നും വാന്‍സ് വിശദീകരിച്ചു. യുദ്ധം അവസാനിപ്പിച്ച് ആഗോള സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ റഷ്യക്ക് കഴിയുമെന്നും എന്നാല്‍ യുക്രെയ്‌നെതിരെ ആക്രമണം തുടര്‍ന്നാല്‍ അവരെ ഒറ്റപ്പെടുത്തേണ്ടി വരുമെന്നും വാന്‍സ് മുന്നറിയിപ്പ് നല്‍കി.
അതിനിനിടെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് മുന്‍ അംബാസഡര്‍ നിക്കി ഹേലിയും രംഗത്തുവന്നിരുന്നു. ഇന്ത്യ വിഷയത്തെ ഗൗരവമായി കാണണമെന്ന് നിര്‍ദേശിച്ച നിക്കി എത്രയും വേഗം യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
നേരത്തെ റഷ്യന്‍ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില്‍ യുഎസിനു മുന്നറിയിപ്പുമായി നിക്കി ഹേലി രംഗത്തെത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ ഘട്ടത്തിലാണെന്നും ആഗോള ശക്തിയാകാന്‍ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കില്‍ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു നിക്കി പറഞ്ഞത്.
''ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദം നിലവിലെ സാഹചര്യത്തെ മറികടക്കാന്‍ ശക്തമായ അടിത്തറ നല്‍കുന്നതാണ്. വ്യാപാര അഭിപ്രായവ്യത്യാസങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതിയും പോലുള്ള വിഷയങ്ങളും പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ആവശ്യമാണ്.'' നിക്കി എക്സില്‍ കുറിച്ചു. ചൈനയെ നേരിടുക എന്ന യോജിച്ച ലക്ഷ്യത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്നോട്ട് പോകരുതെന്നും നിക്കി മുന്നറിയിപ്പ് നല്‍കി.
അതിനിടെ യുഎസ് ഭരണകൂടം ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യയും യൂറോപ്പിലെ പ്രധാന രാജ്യങ്ങളും യുഎസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ നമ്പര്‍ 14324 അനുസരിച്ച്, മുമ്പ് 800 ഡോളറില്‍ താഴെ വിലയുള്ള ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഇളവ് എടുത്തുകളഞ്ഞിട്ടുണ്ട്.
പുതിയ നിയമപ്രകാരം, 100 ഡോളറില്‍ കൂടുതലുള്ള എല്ലാ തപാല്‍ വസ്തുക്കള്‍ക്കും ഇറക്കുമതി തീരുവ ബാധകമാകും. കത്തുകള്‍, രേഖകള്‍, 100 ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇപ്പോള്‍ ഇളവുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് ഈ മാസം 25 മുതല്‍ യുഎസിലേക്കുള്ള പാഴ്സലുകള്‍ അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതും ചരക്ക് വിമാനക്കമ്പനികളുടെ സഹകരണമില്ലായ്മയുമാണ് ഈ നീക്കത്തിന് കാരണം.
നിലവില്‍ ബുക്ക് ചെയ്തതും ഡെലിവറി ചെയ്യാത്തതുമായ പാഴ്സലുകളുടെ പണം ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കും. പ്രശ്നം വേഗത്തില്‍ പരിഹരിച്ച് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഇന്ത്യയെ കൂടാതെ യൂറോപ്പിലെ പല പ്രധാന രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഇറ്റലി എന്നിവിടങ്ങളിലെ തപാല്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ യുഎസിലേക്കുള്ള മിക്ക ചരക്കുകളുടെയും കയറ്റുമതി നിര്‍ത്തിവെച്ചു. ഫ്രാന്‍സും ഓസ്ട്രിയയും തിങ്കളാഴ്ചയും യുകെ ചൊവ്വാഴ്ചയും ഈ നടപടി ആരംഭിക്കും.
പുതിയ നിയമങ്ങളെക്കുറിച്ച് യുഎസ് അധികാരികള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതും കസ്റ്റംസ് നടപടിക്രമങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതും യൂറോപ്യന്‍ രാജ്യങ്ങളെ ആശങ്കയിലാക്കുന്നു. പുതിയ വ്യാപാര ചട്ടക്കൂട് പ്രകാരം മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 15% തീരുവയാണ് ചുമത്തുക. അതേസമയം ഡിഎച്ച്എല്‍ എക്സ്പ്രസ് പോലുള്ള സ്വകാര്യ സേവനങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. ഓഗസ്റ്റ് 29-നകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ യൂറോപ്പിലെ എല്ലാ തപാല്‍ സേവനങ്ങളും സമാനമായ നടപടി സ്വീകരിക്കുമെന്ന് പോസ്റ്റ് യൂറോപ്പ് അറിയിച്ചു.