യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നിന്നും പുട്ടിന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; ഇപ്പോഴത്തെ പ്രത്യാക്രമണത്തില്‍ കാരണം വ്യക്തമാക്കി ക്രെംലിന്‍; റഷ്യക്ക് നേരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ജര്‍മനിയും ഫ്രാന്‍സും: ട്രംപിന്റെ നീക്കങ്ങള്‍ പാളിയതോടെ യൂറോപ്പ് കൂടുതല്‍ യുദ്ധ ഭീതിയിലേക്ക്

യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നിന്നും പുട്ടിന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Update: 2025-05-27 03:48 GMT

മോസ്‌കോ: പ്രസിഡന്‍് വ്ളാഡിമിര്‍ പുട്ടിന്റെ ഹെലികോപ്ടറിന് നേര്‍ക്ക് യുക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് റഷ്യന്‍ സര്‍ക്കാര്‍. വന്‍ ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് പുടിന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത് എന്നാണ് ക്രെംലിന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പുടിന്‍ കുര്‍സ്‌ക് മേഖല സന്ദര്‍ശിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ശത്രുക്കളുടെ ഡ്രോണുകളുടെ വലിയ തോതിലുള്ള ആക്രമണത്തെ അതിജീവിച്ചതായി റഷ്യന്‍ വ്യോമ പ്രതിരോധ വിഭാഗത്തിന്റെ കമാന്‍ഡര്‍ യൂറി ഡാഷ്‌കിനാണ് വെളിപ്പെടുത്തിയത്.

റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തങ്ങള്‍ റഷ്യന്‍ പ്രസിഡന്റിന് ആകാശത്ത് പ്രതിരോധം ഒരുക്കിയതായും ശത്രുക്കളെ തുരത്തിയതായും ഡാഷ്‌കിന്‍ അറിയിച്ചു. കുര്‍സ്‌ക് മേഖല യുക്രൈനിന്റെ അതിര്‍ത്തിയാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം യുക്രൈന്‍ സൈന്യത്തെ ഈ പ്രദേശത്ത് നിന്ന് തുരത്തിയതായി റഷ്യ അവകാശപ്പെട്ടിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഈ സംഭവത്തെ കുറിച്ച്

മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോള്‍ തനിക്ക് ഇതിനെ കുറിച്ച് യാതൊന്നും അറിയില്ല എന്നാണ് പ്രതികരിച്ചത്.

ചിലപ്പോള്‍ കഴിഞ്ഞയാഴ്ച റഷ്യ യുക്രൈനിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചതിന് തിരിച്ചടിയായിട്ടായിരിക്കാം ഇത്തരമൊരു ആക്രമണം നടന്നതെന്നും ട്രംപ് സൂചിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ റഷ്യ ഏതാണ്ട് തൊള്ളായിരത്തോളം ഡ്രോണുകളാണ് യുക്രൈന് നേര്‍ക്ക് അയച്ചത്. ഇക്കാര്യത്തില്‍ ട്രംപ് ശക്തമായ വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. പുട്ടിന് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് ആളുകളെ കൊല്ലുകയാണ് എന്നും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതൊക്കെ റഷ്യയുടെ പതനത്തിലേക്കായിരിക്കും എത്തിക്കുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച ട്രംപ് പുട്ടിനുമായി രണ്ടു മണിക്കൂറോളം ഫോണില്‍ യുദ്ധം അവസാനിക്കുന്നത്, സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ ഫ്രഞ്ച് പ്രസിഡന്റ്

ഇമ്മാനുവേല്‍ മാക്രോണും പുട്ടിനെതിരെ രംഗത്തെത്തി. പുട്ടിന്‍ അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും കള്ളം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പല റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

റഷ്യക്ക് നേരേ നാറ്റോ രാജ്യങ്ങള്‍ മിസൈല്‍ ആക്രമണം നടത്തണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടു.യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നതില്‍ ജര്‍മ്മനിയും മറ്റ് സഖ്യ ശക്തികളും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതായി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക്ക് മെര്‍സ് വ്യക്തമാക്കി. റഷ്യയുെട സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ യുക്രൈന് ഇതിലൂടെ സാധിക്കുമെന്നും മെര്‍സ് ചൂണ്ടിക്കാട്ടി. പുട്ടിന്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നാണ് മനസിലാക്കുന്നതെന്നാണ് ഫ്രഞ്ച് പ്രസിഡന്റും കുറ്റപ്പെടുത്തിയിരിക്കുന്നത്.

നയതന്ത്ര ചര്‍ച്ചകളില്‍ പു്ട്ടിന്‍ ട്രംപിനെ കബളിപ്പിച്ചതായി ഇമ്മാനുവേല്‍ മാക്രോണ്‍ കുറ്റപ്പെടുത്തി. റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Tags:    

Similar News