പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനത്തിന് വഴി തെളിക്കുന്ന പദ്ധതി; ഗസ്സയിലെ സംഘര്‍ഷത്തിന് അറുതി വരുത്താനും സമാധാനം പുന: സ്ഥാപിക്കാനും പദ്ധതിക്ക് കഴിയും; ട്രംപിന്റെ 20 ഇന പദ്ധതിക്കുളള പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയെ മോദി സ്വാഗതം ചെയ്തു

Update: 2025-09-30 05:18 GMT

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. എക്‌സിലൂടെയാണ് മോദി പദ്ധതിക്കുള്ള പിന്തുണ അറിയിച്ചത്. ഗസ്സയിലെ സംഘര്‍ഷത്തിന് അറുതി വരുത്താനും സുസ്ഥിരമായ സമാധാനം സ്ഥാപിക്കാനും ഈ പദ്ധതിക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേല്‍, ഫലസ്തീന്‍ ജനതയുടെ സമാധാനവും സുരക്ഷയും പദ്ധതി ഉറപ്പുവരുത്തുമെന്നും, ഇത് പശ്ചിമേഷ്യയില്‍ മുഴുവന്‍ സമാധാനത്തിന് വഴി തെളിയിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എല്ലാ കക്ഷികളും ട്രംപിന് പിന്നില്‍ അണിനിരന്ന് സമാധാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അംഗീകരിച്ചിരുന്നു. ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് പുതിയ പദ്ധതി നെതന്യാഹു അംഗീകരിച്ചത്. പദ്ധതി നിരസിച്ചാല്‍ ഹമാസിന് കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇരു നേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

20 നിര്‍ദേശങ്ങളടങ്ങുന്നതാണ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹമാസ് ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക എന്നത്. ഗസ്സയുടെ ഭരണത്തിനായി ട്രംപിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം ഹമാസിന്റെ തടവിലുള്ള ബന്ദികളെ വിട്ടയക്കണം. ഇതിനു പകരമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും വിട്ടയക്കും. ഗസ്സ മുനമ്പില്‍ സഹായവിതരണം പുനഃസ്ഥാപിക്കാനും പദ്ധതി വ്യവസ്ഥ ചെയ്യുന്നു.

പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചിട്ടുണ്ടെങ്കിലും, മധ്യസ്ഥത വഹിക്കുന്ന ഖത്തറും ഈജിപ്തും ഇന്ന് ഈ വിവരങ്ങള്‍ ഹമാസിന് കൈമാറുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനു ശേഷം ഹമാസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കും. പദ്ധതി നിരസിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കാന്‍ നെതന്യാഹുവിന് പിന്തുണ നല്‍കുമെന്നും, അംഗീകരിച്ച ശേഷം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രായേല്‍ ഹമാസിനെ ഇല്ലാതാക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു. ഈ നീക്കം ഗസ്സയിലെ സംഘര്‍ഷത്തിന് ഒരു പരിഹാരം കാണാനുള്ള സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News