ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം; ട്രംപില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യുഎസിലേക്ക്; ഇറാനെതിരെ സൈനിക നടപടിക്കുള്ള സാധ്യത ചര്‍ച്ചയില്‍ ഉയര്‍ന്നേക്കും; ഉപരോധത്തില്‍ ഇളവ് വരുത്തിയാല്‍ ആണവ പദ്ധതിയില്‍ ചില വ്യവസ്ഥകള്‍ മാത്രമേ അംഗീകരിക്കാമെന്ന നിലപാടില്‍ ഇറാന്‍
ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം
ടെല്‍ അവീവ്: യുഎസ് - ഇറാന്‍ ചര്‍ച്ചയുടെ ആദ്യ ഘട്ടം മസ്‌കത്തില്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇറാന്‍ ദേശീയ സുരക്ഷാ തലവന്‍ ഒമാന്‍ സന്ദര്‍ശനത്തിലാണ്. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഒമാനിലെത്തിയ ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഡോ. അലി ലാരിജാനിയെ ചൊവ്വാഴ്ച അല്‍ ബറക കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സ്വീകരിച്ചു.
കൂടിക്കാഴ്ചയലില്‍ ഇറാന്‍ - അമേരിക്ക ചര്‍ച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇരുപക്ഷവും അവലോകനം ചെയ്തു. ഇരു കക്ഷികളുടെയും താത്പ്പര്യങ്ങള്‍ നിറവേറ്റുന്ന സന്തുലിതവും നീതിയുക്തവുമായ കരാറിലെത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആണവ, ഉപരോധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയും ഇറാനും തമ്മില്‍ മസ്‌കത്തില്‍ നടന്ന ആദ്യ റൗണ്ട് പരോക്ഷ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കൂടി നിലവിലുണ്ട്.
അതിനിടെ ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സമ്മര്‍ദം ചെലുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താന്‍ യു.എസിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ്. ട്രംപിന്റെ മരുമകനും മിഡില്‍ ഈസ്റ്റ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്നറും ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ജറൂസലമില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച കഴിഞ്ഞാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം.
വെള്ളിയാഴ്ച യു.എസ് പ്രതിനിധികള്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഒമാനില്‍ ചര്‍ച്ച നടത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി പിന്‍വലിക്കുക, തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കുക തുടങ്ങിയവയാണ് ഇസ്രായേല്‍ ഇറാനോട് ഏറെനാളായി ആവശ്യപ്പെട്ടിരുന്നത്. ഉപരോധത്തില്‍ ഇളവ് വരുത്തുന്നതിനു പകരം ആണവ പദ്ധതിയില്‍ ചില വ്യവസ്ഥകള്‍ മാത്രമേ അംഗീകരിക്കൂ എന്നാണ് ഇറാന്‍ നിലപാട്. ഇറാനെതിരെ കൂടുതല്‍ സൈനിക നടപടിക്കുള്ള സാധ്യതയും ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കാം.
അതിനിടെ രാജ്യാന്തര വിപണികളെ ആശങ്കയിലാഴ്ത്തി ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം പുതിയ തലത്തിലേക്കും നീങ്ങുന്നുണ്ട്. ഇറാന് നിര്‍ണായക സ്വാധീനമുള്ള ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം. ചെറു ബോട്ടുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിന്നാലെ മേഖലയിലൂടെ സഞ്ചരിക്കുന്ന യുഎസ് പതാകയുള്ള കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇറാന്‍ തീരത്തു നിന്ന് പരമാവധി അകലം പാലിക്കാനാണ് യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശം.
കപ്പലുകളില്‍ കടന്നു കയറാന്‍ ഇറാന്‍ സേന ശ്രമിച്ചാല്‍ കപ്പല്‍ ജീവനക്കാര്‍ ബലം പ്രയോഗിച്ച് അവരെ തടയരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഇത് കപ്പലുകള്‍ പിടിച്ചെടുക്കാന്‍ അനുവാദം നല്‍കുന്നുവെന്നല്ല അര്‍ത്ഥമാക്കേണ്ടത്. ഇറാന്‍ തീരത്ത് നിന്ന് പരമാവധി അകന്ന് ഒമാന്‍ തീരത്തോട് ചേര്‍ന്ന് കപ്പലുകള്‍ സുരക്ഷിതമായി സഞ്ചരിക്കണമെന്നുമാണ് നിര്‍ദേശം.
