'ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും': അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്‌കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്‍

പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു

Update: 2025-09-26 15:39 GMT

ന്യൂയോര്‍ക്ക്: ബഹിഷ്‌കരണത്തിനും കൂക്കിവിളികള്‍ക്കും ഇടയില്‍, ഗസ്സ യുദ്ധത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം. ഗസ്സയിലെ ഇസ്രയേല്‍ സൈനിക നടപടികളെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. ഹമാസിന്റെ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ ആക്രമണം തുടരുമെന്നും, ഹമാസ് ഉടന്‍തന്നെ ആയുധങ്ങള്‍ താഴെവെച്ച് ഇസ്രായേല്‍ ബന്ദികളെ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, നെതന്യാഹുവിന്റെ പ്രസംഗത്തെ ബഹിഷ്‌കരിച്ച് അന്‍പതിലധികം രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ അസംബ്ലി ഹാളില്‍നിന്ന് പുറത്തുപോയി.

'നിങ്ങളുടെ ആയുധങ്ങള്‍ താഴെവയ്ക്കണം. എന്റെ ജനങ്ങളെ വിട്ടയയ്ക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു ജീവിക്കാം. അല്ലെങ്കില്‍ ഇസ്രായേല്‍ നിങ്ങളെ ഇല്ലാതാക്കും' ഹമാസിനോടുള്ള സന്ദേശം അദ്ദേഹം ഇങ്ങനെ പങ്കുവെച്ചു.

ഇസ്രായേലും അമേരിക്കയും ഒരേ ഭീഷണിയെയാണ് നേരിടുന്നതെന്നും, ഇത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്നായി അറിയാമെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ പിന്തുണ പിന്നീട് ദുര്‍ബലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നെന്ന ആരോപണം നെതന്യാഹു നിഷേധിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഹമാസ് അവരെ അപകടകരമായ സാഹചര്യങ്ങളില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗസ്സയിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ഭക്ഷണം ഹമാസ് മോഷ്ടിച്ച് വില്‍ക്കുന്നു എന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു.

നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്തുനിന്ന് അദ്ദേഹത്തിനെതിരേ കൂക്കിവിളികളും മറുവശത്ത് ഇസ്രായേല്‍ പ്രതിനിധികളുടെ കൈയടികളുമുയര്‍ന്നു. ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നെതന്യാഹു അതിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇത് 'ഭ്രാന്താണെന്നും' ഇസ്രായേലിന് അതിന് വഴങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യ നേതാക്കള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാലും ഇസ്രായേല്‍ വഴങ്ങില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നെതന്യാഹു പ്രശംസിക്കുകയും അദ്ദേഹത്തിനെതിരായ വധശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഇതിനെ അമേരിക്കന്‍ പ്രതിനിധികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍, അമേരിക്കയുടെയും യുകെയുടെയും യുഎന്നിലെ അംബാസഡര്‍മാരടക്കമുള്ള ഉന്നത നയതന്ത്രജ്ഞരുടെ അസാന്നിധ്യം ശ്രദ്ധേയമായി. പകരം, താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് നെതന്യാഹുവിനെ കേള്‍ക്കാനെത്തിയത്. യുഎന്‍ ആസ്ഥാനത്തിന് പുറത്ത് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു.

Tags:    

Similar News