നെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം; ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി; ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ?
ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി തുടരുകയാണ്. ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ എന്ന ചോദ്യമാണ് സജീവം
ജെറുസലേം: ഇസ്രയേലിന് പുതിയ വെല്ലുവിളിയായി ഹൂത്തികള്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വകവരുത്താന്‍ ഹൂത്തികളെ ഇറക്കുകയാണ് ഇറാന്‍. നെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം പ്രതിരോധ കരുത്ത് ലോകത്തിന് കാട്ടി കൊടുത്തു. ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി തുടരുകയാണ്. ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ എന്ന ചോദ്യമാണ് സജീവം.
ഐക്യരാഷ്ട്ര സഭയെ അഭിസബോധന ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിലേക്ക് മടങ്ങുന്നതിനിടെ ടെല്‍ അവീവ് വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെന്ന് ഹൂതി വിമതര്‍ അവകാശപ്പെടുന്നു. യെമനില്‍ നിന്ന് മിസൈല്‍ തൊടുത്തുവിട്ടതിന് ശേഷം വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇസ്രായേല്‍ സൈന്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ മിസൈലുകളെ എല്ലാം അയണ്‍ ഡോം തകര്‍ത്തു. ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയെ മൂന്നുപതിറ്റാണ്ടിലേറെ നയിച്ച ഹസന്‍ നസ്രല്ലയെ(64) ശനിയാഴ്ച പുലര്‍ച്ചെ ബയ്‌റുത്തിലെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചിരുന്നു. ഇതാണ് ഹൂത്തികളെ പ്രകോപിപ്പിച്ചത്.
റോക്കറ്റ് ആക്രമണങ്ങള്‍, മോര്‍ട്ടാറുകള്‍, പീരങ്കി ഷെല്ലുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (യുഎവി) എന്നിവയെ നേരിടാന്‍ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള, ഭൂമിയും ആകാശവും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് അയണ്‍ ഡോം സിസ്റ്റം. 2006ലെ ലെബനന്‍ ആക്രമണത്തില്‍ അനേകം ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണമാണ് സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം നിര്‍മിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. 2011 മുതലാണ് അയണ്‍ ഡോം സംവിധാനം ഇസ്രായേലിനെ സംരക്ഷിച്ചു തുടങ്ങിയത്. ഇത് തന്നെയാണ് ഇപ്പോള്‍ ഹൂത്തികളുടെ ആക്രമണത്തേയും ചെറുത്തത്.
ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്രല്ല ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് മരണവാര്‍ത്ത അറിയിച്ചത്. പിന്നീടിത് ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. തങ്ങളുടെ സെക്രട്ടറി ജനറല്‍ നസ്രല്ല തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേര്‍ന്നുവെന്നും ഹിസ്ബുള്ള പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും പ്രസ്താവനയിലറിയിച്ചു. ഇതോടെ ഇറാന്‍ പ്രത്യാക്രമണം നടത്തുമെന്നും വിലയിരുത്തലെത്തി. അതിനിടെയാണ് ഹൂത്തികള്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ചതും.
അതിനിടെ ഇസ്രയേലും ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ കരുതല്‍ സേനാംഗങ്ങളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം പ്രതിരോധ കരുത്ത് കൂട്ടുകയാണ്. കരുതല്‍സേനാംഗങ്ങളുടെ മൂന്ന് ബറ്റാലിയനുകള്‍ സ്ഥാപിക്കുമെന്ന് സൈന്യം അറിയിച്ചു. കരയുദ്ധ സാധ്യതയുള്ളതിനാല്‍ പരിശീലനത്തിനായി രണ്ട് ബ്രിഗേഡ് പട്ടാളക്കാരെ വടക്കന്‍ ഇസ്രയേലിലേക്ക് അയച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. ശനിയാഴ്ച അതിശക്തമായ വ്യോമാക്രമണമാണ് തെക്കന്‍ ലെബനനിലെ ബയ്‌റുത്തിലും കിഴക്കന്‍ ലെബനനിലെ ബെകാ താഴ്‌വരയിലും ഇസ്രയേല്‍ നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വടക്ക്-മധ്യ ഇസ്രയേല്‍ ലക്ഷ്യമാക്കി ഹിസ്ബുള്ളയും ആക്രമണം ശക്തമാക്കി.
ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തില്‍ ഇറാന് ശക്തമായ ബന്ധങ്ങളെന്ന ആരോപണവുമായി അമേരിക്ക നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ആയുധങ്ങള്‍ നല്‍കിയും തന്ത്രങ്ങള്‍ പകര്‍ന്നും യെമന്‍ ആസ്ഥാനമായുള്ള റിബല്‍ ഗ്രൂപ്പിനെ ടെഹ്‌റാന്‍ പിന്തുണക്കുകയാണെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തിയിരുന്നു. ഇതേ ഗ്രൂപ്പാണ് ഹിസ്ബുള്ളയെ തകര്‍ത്ത ഇസ്രയേലിനെതിരെ ഇറാന്‍ ആയുധമാക്കുന്നത്. ഹമാസിനേയും ഹിസ്ബുള്ളയേയും തളച്ച ഇസ്രയേലിന് പുതിയ വെല്ലുവിളിയാണ് ഹൂത്തികള്‍. നെതന്യാഹുവിനെ വകവരുത്താനുള്ള ഹൂത്തികളുടെ നീക്കത്തെ ഇസ്രയേല്‍ ഗൗരവത്തോടെയാണ് എടുക്കുന്നത്.
ചെങ്കടല്‍ മേഖലയെ അസ്ഥിരപ്പെടുത്തി ഹൂതികള്‍ ഏറെയായി തുടരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി സഹായം നിലനില്‍ക്കുന്നുണ്ടെന്നും ലോകത്തിന്റെ കൂട്ടായ നടപടി ഇതിനെതിരെ ആവശ്യമാണെന്ന് അമേരിക്ക അടക്കം നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ കെ.എ.എസ്-04 ഡ്രോണുകളും ഹൂതികള്‍ ഉപയോഗിക്കുന്ന ആളില്ലാ പേടകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും ഇറാന്‍- ഹൂതി മിസൈലുകള്‍ക്കിടയില്‍ സാമ്യമുണ്ടെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തലസ്ഥാന നഗരമായ സന്‍ആ അടക്കം യമനിലെ ഏറെ പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികള്‍ ചെങ്കടല്‍ വഴിയുള്ള നിരവധി ചരക്കുകപ്പലുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള ഒരു കപ്പല്‍ റാഞ്ചുകയും ചെയ്തു.
ഗസയിലെ ഇടപെടലില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ ഉടമസ്ഥതയിലുള്ളതും ഇസ്രായേലിലേക്കും തിരിച്ചും പോകുന്നതുമായ കപ്പലുകള്‍ക്ക് നേരെ ഹൂത്തി ആക്രമണം കടുപ്പിച്ചതോടെ സൂയസ് കനാലിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടാവുകയും ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 7.2 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 9.4 ബില്യണ്‍ ഡോളറായിരുന്നു വരുമാനം. ഇത്തവണ 2.2 ബില്യന്‍ ഡോളര്‍ അഥവാ 18,400 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്.
യമന്‍ കേന്ദ്രമായ ഹൂത്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലി ബന്ധമുള്ള മിക്ക കപ്പല്‍ കമ്പനികളും ബദല്‍ മാര്‍ഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റര്‍ അധികം സഞ്ചരിച്ച് ചുറ്റിവളഞ്ഞാണ് ഇപ്പോള്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം 25,911 കപ്പലുകളായിരുന്നു കനാല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇത്തവണ കപ്പലുകളുടെ എണ്ണം 20,148 ആയി കുറഞ്ഞു. ഗസക്കെതിരായ യുദ്ധം ഇസ്രായേല്‍ നിര്‍ത്തുന്നത് വരെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്കു നേരെ തങ്ങളുടെ ആക്രമണം തുടരുമെന്ന് ഇറാന്‍ അനുകൂല ഹൂത്തി സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ലബനനിലും ഇസ്രയേല്‍ ഇടപെടല്‍ നടത്തിയത്. ഇതോടെ ഹൂത്തികള്‍ കൂടുതല്‍ ആക്രമണം നടത്താന്‍ സാധ്യത കൂടി.