നേതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത് ബെയ്‌റൂട്ടിലെ ബോംബാക്രമണത്തിന് എതാനും മണിക്കൂറുകള്‍ക്ക് ശേഷം; നസ്‌റുള്ള കൊടും കൊലയാളിയെന്ന് നെതന്യാഹൂവും; ഹൂത്തികളേയും തീര്‍ക്കാന്‍ ഇസ്രയേല്‍

അത്ഭുതകരമായ രീതിയില്‍ പക്ഷെ നേതന്യാഹു രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

Update: 2024-09-29 01:45 GMT

ടെല്‍അവീവ്; ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം തിരികെ എത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവിന്റെ വിമാനത്തിന് നേരെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തി തീവ്രവാദികള്‍ അവകാശപ്പെട്ടത് തിരിച്ചടിക്കുമെന്ന സന്ദേശം നല്‍കാന്‍. ഹിസ്ബുള്ള നേതാവ് സയ്യദ് ഹസ്സന്‍ നസ്‌റുള്ള ഉള്‍പ്പടെ തീവ്രവാദ സംഘടനയുടെ പല നേതാക്കളുടെയും മരണത്തിനിടയാക്കിയ ബെയ്‌റൂട്ടിലെ ബോംബാക്രമണത്തിന് എതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് നടക്കുന്നത്. അത്ഭുതകരമായ രീതിയില്‍ പക്ഷെ നേതന്യാഹു രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

ഇസ്രയേലിന്റെ പ്രവൃത്തികളെ ന്യായീകരിച്ച നെതന്യാഹു, കൊടുംകൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നസ്‌റുള്ളയുടെ മരണം കൊണ്ട് തങ്ങള്‍ പല കണക്കുകളും തീര്‍ത്തതായും പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച നെതന്യാഹൂ, ശത്രുക്കള്‍ക്ക് നേരെയുള്ള ആക്രമണം തുടരുക തന്നെ ചെയ്യുമെന്നും പറഞ്ഞു. അതിനൊപ്പം ഗാസയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരും. നൂറോളം ബന്ധികള്‍ ഇപ്പോഴും ഭീകരരുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇസ്രയേലിന് എത്തിപ്പെടാന്‍ പറ്റാത്തതായി ഒരിടവും ഇറനിലോ മധ്യപൂര്‍വ്വ ദേശത്തോ ഇല്ലെന്നും ഇസ്രയേലി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്നലെ ഉച്ചയോടു കൂടി ടെല്‍ അവീവ് ഉള്‍പ്പടെ ഇസ്രയേലിന്റെ പല ഭാഗങ്ങളിലും നടന്ന ഹൂത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഈ പ്രസ്താവനയെ വിലയിരുത്താന്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നത്. യെമനില്‍ നിന്നാണ് ഹൂത്തി ഭീകരര്‍ മിസൈലുകള്‍ തൊടുത്തു വിട്ടത്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു വിട്ട കാര്യം ഹൂത്തികള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഹൂത്തികളേയും തീര്‍ക്കാന്‍ ഇസ്രയേല്‍ ഇറങ്ങുമെന്നാണ് സൂചന.

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ച് സംസാരിച്ചതിന് ശേഷം ഇസ്രയേലി പ്രധാനമന്ത്രി തിരികെ എത്തുന്ന സമയം നോക്കിയായിരുന്നു ആക്രമണം എന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ആക്രമണത്തില്‍ ആരെങ്കിലും മരണപ്പെട്ടതായോ, എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായോ അറിവില്ല. ഇന്നലെ രാത്രിയും ഹൂത്തികള്‍, ലെബനനില്‍ നിന്നും ജറുസലേം മേഖലയിലുള്ള ഇസ്രയേലി സൈനിക താവളത്തിന് നേരെ മിസൈലുകള്‍ തൊടുത്തു വിട്ടിരുന്നു. വെസ്റ്റ് ബാങ്കിലാണ് ചില മിസൈലുകള്‍ പതിച്ചതെന്നും അതിന്റെ ഫലമായി അവിടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടുവെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്‌ബൊള്ള തലവന്‍ ഹസ്സന്‍ നസ്‌റുള്ളയുടെ മരണത്തിന് പകരം വീട്ടുമെന്ന് ഇറാന്‍ പരമാധികാരിയുടെ പ്രസ്താവന വന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹൂത്തികളുടെ ആക്രമണം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. നസ്‌റുള്ളയുടെ മരണത്തോടെ ഇറാന്‍ പരമാധികാരി ആയത്തൊള്ള അല്‍ ഖമേനിയെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. അഞ്ചു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് നസറുള്ളയുടെ മരണത്തില്‍ ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ശേഷം ഇസ്രയേലിന് മറുപടി നല്‍കും എന്നാണ് ഖമേനിയുടെ പ്രഖ്യാപനം.

അതേ സമയം, പെട്ടെന്ന് ആസൂത്രണം ചെയ്ത ഒരു ഓപ്പറേഷനിലൂടെയാണ് നസ്‌റുള്ളയെയും അനുയായികളെയും കൊലപ്പെടുത്തിയത് എന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് 50 മീറ്റര്‍ ആഴത്തിലുള്ള ഒരു ഭൂഗര്‍ഭ അറയിലായിരുന്നു ആ സമയം നസ്‌റുള്ള എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധികം താമസിയാതെ, അവിടെ നിന്നും മാറി മറ്റൊരിടത്തേക്ക് പോയെക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതോടെയായിരുന്നു പെട്ടെന്ന് ആ ആക്രമണം ആസൂത്രണം ചെയ്തത്. നസ്‌റുള്ളയുടെ ബന്ധുവായ ഹഷേം സെയ്ഫദ്ദീന്‍ അടുത്ത തലവനായേക്കും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Tags:    

Similar News