ഇറാന്‍ മിസൈല്‍ അയച്ച സമയത്ത് ആകാശത്തുണ്ടായിരുന്ന വിമാനങ്ങള്‍ പലതും തിരിച്ചു പറന്നു; ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി; ഏയര്‍ലൈനുകള്‍ പശ്ചിമേഷ്യന്‍ ആകാശം ഉപേക്ഷിച്ചതോടെ വിമാനയാത്രയ്ക്ക് ദൈര്‍ഘ്യമേറും

യുദ്ധം കാരണം വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നത് ഏറ്റവുമധികം ബാധിക്കുക യു കെ ഉള്‍പ്പടെ പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യാക്കാരെയാണ്.

Update: 2024-10-02 01:17 GMT

ജെറുസലേം: ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതോടെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഹൈദരാബാദിലേക്കും മുംബൈലേക്കുമുള്ള ലുഫ്താന്‍സയുടെ വിമാനങ്ങള്‍ ഉള്‍പ്പടെ പല വിമാനങ്ങളും യാത്ര മതിയാക്കി തിരികെ പറന്നു. ഒരു യുദ്ധമേഖലയിലേക്ക് കടക്കുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് വിമാനങ്ങള്‍ തിരികെ പറന്നത്. ലുഫ്താന്‍സയുടെ ഫ്രാങ്ക്ഫര്‍ട്ട് - ഹൈദരാബാദ് എലെച്ച് 752, ഫ്രാങ്ക്ഫര്‍ട്ട് - മുംബൈ എല്‍ എച്ച് 756 എന്നീ വിമാനങ്ങള്‍, ആക്രമണം ആരംഭിക്കുമ്പോള്‍ തുര്‍ക്കിക്ക് മേല്‍ ആയിരുന്നു.

ഈ വിമാനങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നതോടെ, ഇവയുടെ ഇന്ത്യയില്‍ നിന്നുള്ള റിട്ടേണ്‍ വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഇതിനിടെ, ഇറാന്‍, ഇറാഖ്, ജോര്‍ഡാന്‍ എന്നിവയുടെ മുകളില്‍ കൂടിയുള്ള റൂട്ട് ഓഴിവാക്കുകയാണെന്ന് സ്വിസ്സ് അറിയിച്ചു. അതോടെ, ദുബായ്, ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ യാത്രാ സമയത്തില്‍ 15 മിനിറ്റിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അതിനു പുറമെ ഇസ്രയേല്‍ - ലെബനീസ് എയര്‍ സ്പേസും ഒഴിവാക്കും. ഒക്ടോബര്‍ 31 വരെ ആയിരിക്കും ഇത് ഒഴിവാക്കുക.

ചൊവ്വാഴ്ചത്തെ സൂറിച്ച് ദുബായ് വിമാനം തുര്‍ക്കിയിലെ അന്റാല്യയിലേക്ക് വഴി തിരിച്ചു വിട്ടു.അന്റാല്യയില്‍ ഇന്ധനം നിറച്ചതിന് ശേഷം വിമാനം മറ്റൊരു റൂട്ടിലൂടെ ദുബായിലേക്ക് യാത്ര തുടരും. അതേസമയം, മദ്ധ്യപൂര്‍വ്വ ദേശത്തും മറ്റിടങ്ങളിലുമെല്ലാം സുരക്ഷാ ആശങ്ക തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ഏതായാലും, യുദ്ധം കാരണം വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നത് ഏറ്റവുമധികം ബാധിക്കുക യു കെ ഉള്‍പ്പടെ പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യാക്കാരെയാണ്.ഇവിടങ്ങളില്‍ നിന്നുള്ള ഒട്ടുമിക്ക പ്രവാസികളും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ലാന്‍ഡ് ചെയ്തോ അതല്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ അകാശമാര്‍ഗേണയാണൊ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെയുള്ള ഒട്ടുമിക്ക വിമാനങ്ങളും സഞ്ചരികികുന്നത്. ഇറാനും വഴിമദ്ധ്യേ ഒഴിവാക്കാന്‍ ആകില്ല.

ഈ മേഖല കലാപകലുഷിതമായതോടെ വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നത് വഴി യാത്രാ സമയം വര്‍ദ്ധിക്കും. മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്നാല്‍ അതും പ്രവാസികളുടേ ദുരിതം വര്‍ദ്ധിപ്പിക്കുകയേയുള്ളു.

Tags:    

Similar News