എട്ടു സൈനികരുടെ ജീവന്‍ പോയിട്ടും പിന്മാറാതെ ഇസ്രായേല്‍; തെക്കന്‍ ലെബനനിലെ 20 പുതിയ ഗ്രാമങ്ങള്‍ കൂടി ആളെ ഒഴിപ്പിച്ച് പിടിച്ചെടുത്തു; ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് ബോംബിട്ട് തകര്‍ത്തു; ലെബനനിലെ ഇസ്രായേല്‍ അധിനിവേശം മുന്‍പോട്ട്

ഒരേ സമയം ലബനനിലും ഗാസയിലും ആക്രമണം നടത്തുകയാണ് ഇസ്രയേല്‍

Update: 2024-10-04 01:49 GMT

ജറുസലേം: ലെബനനില്‍ ഇസ്രയേല്‍ മുമ്പോട്ട് തന്നെ. അന്താരാഷ്ട്ര സമ്മര്‍ദ്ദവും കഴിഞ്ഞ ദിവസമുണ്ടായ എട്ട് സൈനികരുടെ മരണവുമൊന്നും ഇസ്രയേലിനെ പിന്നോട്ട് ചിന്തിപ്പിക്കുന്നില്ല. ഭീകരരെ തുടച്ചു നീക്കാന്‍ കരയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. 20 ഗ്രാമങ്ങളുടെ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുത്തിട്ടുണ്ട്. തെക്കന്‍ ലെബനനില്‍ 15 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബിന്ത ജെബീലിലെ മുനിസിപ്പല്‍ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ മരിച്ചത്. ഇസ്രയേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് 12 ലക്ഷം ലെബനന്‍കാര്‍ക്ക് വീടുകളൊഴിഞ്ഞുപോകേണ്ടിവന്നെന്ന് കാവല്‍ പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു.

ബെയ്‌റുട്ടിലെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണവിഭാഗം ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. ജൂലായില്‍ ഗോലാന്‍ കുന്നുകളില്‍ ആക്രമണം നടത്തി 12 കുട്ടികളെ കൊന്ന ഹിസ്ബുള്ള കമാന്‍ഡര്‍ ഖാദര്‍ ഷബാഹിയയെ വധിച്ചു. തബിയെ ഗ്രാമത്തില്‍ രക്ഷാ, ഒഴിപ്പിക്കല്‍ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ലബനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെന്നും ആരോപണമുണ്ട്. റെഡ് ക്രോസിന്റെ നാലംഗങ്ങള്‍ക്കു പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലേക്ക് യെമെനിലെ ഹൂതികള്‍ ഡ്രോണയച്ചു. എന്നാല്‍ ഇതൊന്നും ഇസ്രയേലില്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കുന്നില്ലെന്നതാണ് വസ്തുത.

ലബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്. അതിനിടെ ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഗൗരവമായ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ വേണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ് അല്‍-താനി ആഹ്വാനം ചെയ്തു. പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം സാധ്യമല്ലെന്നും ഇപ്പോള്‍ നടക്കുന്നത് കൂട്ടായ വംശഹത്യയാണെന്നും ദോഹയില്‍ ഏഷ്യ കോ-ഓപ്പറേഷന്‍ ഡയലോഗ് ഉച്ചകോടിയില്‍ അമീര്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും തല്‍കാലം ഇസ്രയേല്‍ മുഖവിലയ്‌ക്കെടുക്കില്ല.

2023 ഒക്ടോബര്‍ എട്ടിന് ആരംഭിച്ച ഹിസ്ബുള്ള-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 1900 കടന്നു. 9000-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണങ്ങളും പരിക്കും ഏറെയുണ്ടായത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ്. അതിനിടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു. വടക്കന്‍ ഗാസയിലെ ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിമ്പോഴാണ് ഇവരെ ഇല്ലാതാക്കിയതെന്ന് സൈന്യം അറിയിച്ചു. ഒരേ സമയം ലബനനിലും ഗാസയിലും ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. അത് തുടരുമെന്ന സന്ദേശം തന്നെയാണ് അവര്‍ നല്‍കുന്നതും.

ഹമാസിന്റെ രാഷ്ട്രീയകാര്യത്തലവന്‍ യഹ്യ സിന്‍വറുമായി ഏറ്റവും അടുപ്പമുള്ളയാളാണ് മുഷ്താഹ. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളാണ് സിന്‍വര്‍. ഇനിയും ഹമാസുകാരെ ഇസ്രയേല്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഗാസയിലും ലബനനിലും പോരാട്ടം ശക്തമായതു കൊണ്ട് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസ് മൂന്നുദിവസത്തേക്കു നിര്‍ത്തി. 'പ്രാദേശിക അശാന്തി' കണക്കിലെടുത്താണിതെന്ന് ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനി അറിയിച്ചു.

ദുബായിക്കും ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനുമിടയിലെ സര്‍വീസ് ഈ മാസം എട്ടുവരെ നിര്‍ത്തിവെക്കുന്നതായി എമിറേറ്റ്‌സ് നേരത്തേ അറിയിച്ചിരുന്നു.

Tags:    

Similar News