മൗറീഷ്യസിലെ ഷാഗോസ് ദ്വീപ് ബ്രിട്ടന്‍ ചൈനക്ക് വിട്ടുകൊടുത്തത് ഇന്ത്യക്ക് വന്‍ തിരിച്ചടി; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ തുറമുഖങ്ങള്‍ സ്വന്തമാക്കി ചൈന; ലോക പോലീസാവുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന

മൗറീഷ്യസില്‍ നിന്നും 2,200 കി.മീ വടക്കു കിഴക്കും മാലിദ്വീപില്‍ നിന്നും 500 കി.മീ തെക്കുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്

Update: 2024-10-05 08:49 GMT

ലണ്ടന്‍: മൗറീഷ്യസിലെ ഷാഗോസ് ദ്വീപ് ബ്രിട്ടന്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുത്തത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. മൗറീഷ്യസിനാണ് ദ്വീപ് വിട്ടു കൊടുത്തത് എങ്കിലും ഫലത്തില്‍ അത് ചൈനക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്ന് ഉറപ്പിക്കാം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ തുറമുഖങ്ങള്‍ സ്വന്തമാക്കി ചൈന കുതിക്കുന്നത് ലോക പോലീസാകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് കരുതപ്പെടുന്നത്. നേരത്തേയും ജനവാസമില്ലാത്ത പല ദ്വീപുകളും സ്വന്തമാക്കി അവിടെ സൈനികത്താവളങ്ങള്‍ ഒരുക്കുന്നത് ചൈനയുടെ സ്ഥിരം രീതിയാണ്.

ഷാഗോസ് ദ്വീപിന്റെ കാര്യത്തിലും അതിന് തന്നെയാണ് ഏറ്റവും സാധ്യതയുള്ളത്. മൗറീഷ്യസ് ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യ രാജ്യങ്ങളില്‍ ഒന്നാണ്. നിലവിലെ ചുറ്റുപാടുകളില്‍ മൗറീഷ്യസിന് ചൈന ഉള്‍പ്പെടെ ആര്‍ക്ക് വേണമെങ്കിലും ദ്വീപുകള്‍ പാട്ടത്തിന് നല്‍കാന്‍ കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗേര്‍ഷ്യാ ദ്വീപ സമൂഹങ്ങള്‍ ഇപ്പോള്‍ അമേരിക്കയുടേയും ബ്രിട്ടന്റെയും സൈനികത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ്. ഇന്‍ഡോ- പെസഫിക്ക് മേഖലയില്‍ സ്വന്തം സൈനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചൈന സര്‍വ്വശക്തിയും എടുത്താണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

വാണിജ്യപരമായും സൈനികപരമായും ചൈനയെ സംബന്ധിച്ച് ഇത് ഏറെ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയാണ്. സൗഹൃമുള്ള രാജ്യങ്ങളിലെല്ലാം തുറമുഖങ്ങളും സൈനിക താവളങ്ങളും ഒരുക്കുന്നതും ചൈനയുടെ സ്ഥിരം രീതിയാണ്. 2017 ല്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചൈന സൈനിക താവളം തുടങ്ങിയിരുന്നു. രാജ്യത്തിന് പുറത്തുള്ള ചൈനയുടെ ആദ്യ സൈനിക താവളമാണ് കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ഉള്ളത്. 19 രാജ്യങ്ങളില്‍ കൂടി സൈനിക താവളങ്ങള്‍ കൂടി തുടങ്ങാനുള്ള നീക്കത്തിലാണ് ചൈന എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഗ്വദ്ദാറിലും ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയിലേയും തുറമുഖങ്ങള്‍ ഇത്തരത്തിലാണ് ചൈന സ്വന്തമാക്കിയത്.

മാലിദ്വീപ് സമൂഹങ്ങല്‍ കൃത്രിമമായി ഒരു ദ്വീപ് പണി തീര്‍ത്ത് അവിടെയും സ്വന്തം സാന്നിധ്യം ശക്തമാക്കാനാണ് ചൈന ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുന്നത്. ഇതെല്ലാം ആത്യന്തികമായി ബാധിക്കുന്നത് ഇന്ത്യയെ തന്നെയാണ്. മാലിദ്വീപിലുള്ള ഇന്ത്യന്‍ സൈനികരോട് രാജ്യം വിടാന്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്സു ആവശ്യപ്പെട്ടതും ചൈനയുടെ സ്വാധീനത്തെ തുടര്‍ന്നാണ്. ശ്രീലങ്കയിലെ ഇടത് അനുഭാവിയായ പുതിയ പ്രസിഡന്റും ചൈനയില്‍ നിന്ന് പരമാവധി സഹായം നേടിയെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യത്തില്‍ ഇന്ത്യക്കും മൗറീഷ്യസിനും ഇടയ്ക്കാണ് 58 ദ്വീപുകള്‍ ചേര്‍ന്ന, ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഷാഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.

ഇവയില്‍ ഏറ്റവും വലുതാണ് തെക്കേയറ്റത്തുള്ള ഡീഗോ ഗാര്‍ഷ്യ. പതിനെട്ടാം നൂറ്റാണ്ടുവരെ ഇവിടെ ആള്‍താമസം ഇല്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ട് ആയതോടെ ഫ്രാന്‍സും ബ്രിട്ടനും സമുദ്രാധിപത്യത്തിനായി മത്സരിച്ചപ്പോഴാണ് ഷാഗോസ് ചിത്രത്തില്‍ വരുന്നത്. അവയുടെ ഭൗമശാസ്ത്രപരമായ തന്ത്രപ്രാധാന്യമായിരുന്നു കാരണം. നാവികതാവളമുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, മാത്രമല്ല ഇന്ത്യയെ തേടിപ്പോകുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും മറ്റും അനുയോജ്യമായ ഇടത്താവളവും. തിരുവനന്തപുരത്തു നിന്നും 1,700 കിലോമീറ്റര്‍ ദൂരം.

മൗറീഷ്യസില്‍ നിന്നും 2,200 കി.മീ വടക്കു കിഴക്കും മാലിദ്വീപില്‍ നിന്നും 500 കി.മീ തെക്കുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. മൗറീഷ്യസിലെ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്. മൗറീഷ്യസുമായി ശക്തമായ ബന്ധമാണ് ഇന്ത്യക്കുളളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ജഗന്നാഥും അഗലഗെ ദ്വീപുകളില്‍ ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. എങ്കിലും ചൈനയുമായുളള അവരുടെ സൗഹൃദം തന്നെയാണ് ഇന്ത്യക്ക് ഭാവിയില്‍ ബുദ്ധിമുട്ടാകാന്‍ സാധ്യതയുള്ളത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

Tags:    

Similar News