ഇന്ത്യയെ സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ; ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും പിന്നാലെ അഞ്ചാമതായി ഇന്ത്യയുടെ പേരും; ഉപരോധ മുന്നറിയിപ്പുമായി തിരിച്ചടിച്ച് ഇന്ത്യ; അന്താരാഷ്ട്ര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള തന്ത്രമെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയെ സൈബര്‍ ഭീഷണി പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ
ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ വധം ഇന്ത്യ-കാനഡ ബന്ധം ഉലച്ചതിന് പിന്നാലെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ഉള്‍പ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ പ്രതികരണം.
ചൈന, റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. എന്‍സിടിഎ 2025-2026 റിപ്പോര്‍ട്ടിലാണ് ഈ രാജ്യങ്ങളുള്ളത്. ചാരപ്രവര്‍ത്തനം ലക്ഷ്യമിട്ട് കാനഡ സര്‍ക്കാറിന്റെ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ വ്യക്തികളും സ്ഥാപനങ്ങളും നേരിടുന്ന സൈബര്‍ ഭീഷണിയെക്കുറിച്ച് വിലയിരുത്തുന്ന റിപ്പോട്ട് കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയാണ് തയാറാക്കിയിട്ടുള്ളത്. സൈബര്‍ സുരക്ഷ സംബന്ധിച്ച കാനഡയുടെ സാങ്കേതിക അതോറിറ്റിയാണിത്. മുമ്പ് ഇവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ പേരില്ലായിരുന്നു.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെയും സൈബര്‍ എതിരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ആദ്യമായാണ് സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സര്‍ക്കാരിനെതിരേ സൈബര്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ആഗോളതലത്തില്‍ പുതിയ അധികാരകേന്ദ്രങ്ങളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
'ആധുനിക സൈബര്‍ പ്രോഗ്രാം തയാറാക്കാന്‍ ഇന്ത്യന്‍ നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. ചാരപ്രവൃത്തി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ഇത് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഭീകരതക്കെതിരെയും ഇന്ത്യക്കെതിരായ ആരോപണങ്ങളെ ചെറുക്കാനുമെല്ലാം ഇത് ഉപോയഗിക്കാന്‍ സാധ്യതയുണ്ട്' -റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ രംഗത്തുവന്നു. രാജ്യത്തെ ആക്രമിക്കാനുള്ള കനേഡിയന്‍ തന്ത്രത്തിന്റെ മറ്റൊരു ഉദാഹരമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.
കാനഡയുടെ പുതിയ നീക്കം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള മറ്റൊരു തന്ത്രമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ഇന്ത്യക്കെതിരേ കൃത്രിമമായി ആഗോള അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ കാനഡ ശ്രമിക്കുന്നതായി അവരുടെ മുതിര്‍ന്ന വക്താക്കള്‍ സമ്മതിച്ചിരുന്നു. മറ്റുള്ളവയെപ്പോലെ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവര്‍ ആവര്‍ത്തിക്കുകയാണെന്നും രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.
കഴിഞ്ഞദിവസം അമിത് ഷാക്കെതിരേ കനേഡിയന്‍ മന്ത്രി ഉന്നയിച്ച ആരോപണത്തില്‍ ഇന്ത്യ കാനഡയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്നായിരുന്നു കാനഡയുടെ ആരോപണം. തുടര്‍ന്ന് കനേഡിയന്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചത്. ഇതുസംബന്ധിച്ച നയതന്ത്രക്കുറിപ്പും ഇന്ത്യ കൈമാറിയിരുന്നു.
'കനേഡിയന്‍ ഹൈകമ്മീഷന്‍ പ്രതിനിധിയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി. 2024 ഒക്ടോബര്‍ 29ന് ഒട്ടാവയില്‍ നടന്ന പബ്ലിക് സേഫ്റ്റി ആന്‍ഡ് നാഷനല്‍ സെക്യൂരിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നടപടികളെക്കുറിച്ച് ഒരു നയതന്ത്ര കുറിപ്പ് കൈമാറി. ആഭ്യന്തരമന്ത്രിയെ കുറിച്ച് സമിതിയില്‍ മന്ത്രി ഡേവിഡ് മോറിസന്‍ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ചു' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യ-കാനഡ ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് കാനഡയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം വരുന്നത്. കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ വാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കഴിഞ്ഞദിവസം കാനഡ ആരോപിച്ചിരുന്നു. ആരോപണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വാഷിങ്ടണ്‍ പോസ്റ്റാണ്. താന്‍ ഇക്കാര്യം പത്രത്തിനോട് പറഞ്ഞതായി കനേഡിയന്‍ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസന്‍ പിന്നീട് പാര്‍ലമെന്ററി പാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു.
സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ബന്ധമുണ്ടെന്നാരോപിച്ച് ഒക്ടോബറില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് പിന്നാലെയാണ് അമിത് ഷാക്കെതിരായ ആരോപണവും ഉയര്‍ന്നത്.
2023 ജൂണ്‍ പത്തിന് ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെടുന്നു. തൊട്ടുപിന്നാലെ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം, നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു. അസംബന്ധമെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ തള്ളി. എന്നാല്‍ ട്രൂഡോയുടെ പ്രതികരണവും ഇന്ത്യയുടെ മറുപടിയും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.
തൊട്ടടുത്ത ദിവസങ്ങളില്‍ നിജ്ജറുടെ കാലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന ആവശ്യവുമായി കാനഡ രംഗത്തെത്തി. സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ട്സ് പൊലീസും ആരോപിച്ചു. ഇതോടെ സ്ഥാനപതിയുള്‍പ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. ആക്ടിങ് സ്ഥാനപതിയുള്‍പ്പെടെയുള്ളവരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ചായിരുന്നു കാനഡയുടെ മറുപടി. തൊട്ടുപിന്നാലെ ഇന്ത്യക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചന നല്‍കി കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയും രംഗത്തെത്തി.
ഇതിനിടെയാണ് 'അമിത് ഷാ' വിവാദം ഉയര്‍ന്നുവരുന്നത്. ഖാലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അമിത് ഷായാണെന്നായിരുന്നു കാനഡയുടെ പുതിയ ആരോപണം. യുഎസ് ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റായിരുന്നു ഈ ആരോപണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പത്രത്തിന് വിവരം നല്‍കിയത് താനാണെന്ന് തുറന്നുപറഞ്ഞ് കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ രംഗത്തെത്തി. ഇതോടെ വിഷയം കൂടുതല്‍ ആളിക്കത്തി.
ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും പുറമേ ഇന്ത്യക്ക് ശക്തമായ ഉപരോധം തീര്‍ക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. ഒടുവിലായി ഇന്ത്യയെ സൈബര്‍ എതിരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നിജ്ജര്‍ വിഷയത്തില്‍ കാനഡ ശക്തമായ മറുപടി നല്‍കിയത്. ഇതോടെ ഇന്ത്യയുടെ സര്‍വ്വ ക്ഷമയും കെട്ടു. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി അമിത് ഷാ വിഷയത്തിലടക്കം ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. നില തുടര്‍ന്നാല്‍ ശക്തമായ ഉപരോധമേര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിലൂടെ കാനഡയുമായുള്ള ബന്ധം വഷളായാലും വിഷയമില്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്.