മുന്‍ ഹോം സെക്രട്ടറിയായ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ മടങ്ങിയെത്തിയത് ഷാഡോ ക്യാബിനറ്റിന്റെ ഫോറിന്‍ സെക്രട്ടറിയായി; നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ട റോബര്‍ട്ട് ജെന്റിക് ജസ്റ്റിസ് സെക്രട്ടറി; മെല്‍ സ്‌ട്രൈഡ് ചാന്‍സലര്‍; ബ്രിട്ടണില്‍ ടോറികള്‍ ലേബര്‍ പാര്‍ട്ടിയെ നേരിടുന്നതിങ്ങനെ

Update: 2024-11-05 03:40 GMT

ലണ്ടന്‍: അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ മലര്‍ത്തിയടിക്കാം എന്ന ആത്മവിശ്വാസത്തോടെ പുതുതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തെത്തിയ കെമി ബേഡ്‌നോക്ക് തന്റെ പുതിയ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഹോം സെക്രട്ടറി ആയിരുന്ന, ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിനെ തന്റെ നിഴല്‍ മന്ത്രിസഭയില്‍ വിദേശകാര്യ സെക്രട്ടറിയാക്കി പ്രീതിക്ക് ഒരു തിരിച്ചു വരവ് നല്‍കിയിരിക്കുകയാണ് ബേഡ്‌നോക്ക്. മുന്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന മെല്‍ സ്‌ട്രൈഡ് ആയിരിക്കും നിഴല്‍ മന്ത്രിസഭയിലെ പുതിയ ചാന്‍സലര്‍. അതുപോലെ തന്നെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ പരാജയപ്പെടുത്തിയ റോബര്‍ട്ട് ജെന്റിക്കിനെ ജസ്റ്റിസ് സെക്രട്ടറിയുമാക്കി.

പാര്‍ട്ടിയില്‍ ഐക്യം പുനസ്ഥാപിച്ച് ഒറ്റക്കെട്ടായി ലേബര്‍ പാര്‍ട്ടിയെ തിരൈടണം എന്നാണ് ജെന്റിക് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഒരു അടുത്ത അനുയായി പറഞ്ഞു. ഐക്യത്തേക്കാള്‍ പ്രാധാന്യം മറ്റൊന്നിനും ഇല്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. തന്റെ അടുത്ത അനുയായിയായ ലോറ ട്രോട്ടിനെ നേരത്തെ ബേഡ്‌നോക്ക് തന്റെ നിഴല്‍ മന്ത്രിസഭയിലെ എഡ്യൂക്കേഷന്‍ സെക്രട്ടറി ആക്കിയിരുന്നു. അതോടെ ഇന്ന് ഉച്ചക്ക് പാര്‍ലമെന്റില്‍, യൂണിവേഴ്സിറ്റി ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ലേബര്‍ സര്‍ക്കാരിനെതിരെ കത്തിക്കയറാന്‍ ലോറ ട്രോട്ടിന് കൂടുതല്‍ അവസരം ലഭിക്കും.

പ്രീതി പട്ടേലും മെല്‍ സ്‌ട്രൈഡും പരിചയ സമ്പന്നരായ രാഷ്ട്രീയ നേതാക്കലാണ്. പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഇവരും സ്ഥാനാര്‍ത്ഥികളായി നിലകൊണ്ടിരുന്നു. അതുകൊണ്ടു തന്നെ ഇവരെ സുപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഐക്യം കൊണ്ടുവരാനുള്ള ബേഡ്‌നോക്കിന്റെ പ്രതിജ്ഞാബദ്ധതയെയാണ് സൂചിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. റെബേക്ക ഹാരിസിനെ ചീഫ് വിപ്പ് ആയി ഇന്നലെ നിയമിച്ചിരുന്നു.

ഇതും തികച്ചും പ്രായോഗികമായ ഒരു നടപടി ആയാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടി ചെയര്‍മാന്മാരായി നീജല്‍ ഹഡില്‍സ്റ്റന്‍, ലോര്‍ഡ് ഡൊമിനിക് ജോണ്‍സണ്‍ എന്നിവരെ നിയമിച്ചു. പാര്‍ലമെന്റില്‍ 121 എം പിമാര്‍ മാത്രമെയുള്ളു എന്ന വസ്തുതയും, മുതിര്‍ന്ന നേതാക്കള്‍ മുന്‍ബെഞ്ചുകളില്‍ സജീവമാകില്ലെന്ന പ്രസ്താവനയും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കുക എന്ന കെമി ബേഡ്‌നോക്കിന്റെ ദൗത്യം കൂടുതല്‍ ദുഷ്‌കരമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നലെ സി സി എച്ച് ക്യുവിലെ ജീവനക്കാരുമായി സംസാരിക്കവെ ബേഡ്‌നോക്ക് പറഞ്ഞത് പാര്‍ട്ടിക്ക് മുന്‍പിലുള്ള ആദ്യ വെല്ലുവിളി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തിരിച്ചു പിടിക്കുക എന്നതാണ് എന്നായിരുന്നു. ഒരൊറ്റ ടേം കൊണ്ടു തന്നെ പാര്‍ട്ടിക്ക് അധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞതായി അറിയുന്നു. അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിഗത ഉത്തരവാദിത്തം തുടങ്ങിയ തത്വങ്ങളില്‍ നിന്നായിരിക്കണം വിശദമായ നയരൂപീകരണം ആരംഭിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News