ഇവള്‍ വെറുമൊരു 13 കാരി കുട്ടിയല്ല; രാജ്യത്തെ നമ്പര്‍ 2; ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ ഏ പിന്‍ഗാമി; അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് ദക്ഷിണകൊറിയന്‍ ചാരസംഘടന; അച്ഛനൊപ്പം ബീജിംഗില്‍ വരെ പോയി; ചൈനീസ് പ്രസിഡന്റിനെയും കണ്ടു; സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടുന്നു, സൈനിക മേധാവികള്‍ക്കൊപ്പം സാന്നിധ്യം; സ്ഥാനാരോഹണം ഉടന്‍?

ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ ഏ പിന്‍ഗാമി

Update: 2026-02-12 13:47 GMT

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകള്‍ കിം ജൂ ഏ, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ തയ്യാറെടുക്കുന്നതായി ദക്ഷിണകൊറിയന്‍ ചാരസംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് (NIS). കിം ജൂ ഏ പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ടെന്ന തങ്ങളുടെ മുന്‍പത്തെ വിലയിരുത്തല്‍ ചാരസംഘടന ഇപ്പോള്‍ ദൃഢീകരിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച നടന്ന അടച്ചിട്ട ചര്‍ച്ചയില്‍ ദക്ഷിണകൊറിയന്‍ നിയമസഭാംഗങ്ങളെയാണ് എന്‍.ഐ.എസ് (NIS) ഇക്കാര്യം അറിയിച്ചത്. ദക്ഷിണകൊറിയന്‍ രാഷ്ട്രീയക്കാരായ പാര്‍ക്ക് സിയോണ്‍-വോണും ലീ സിയോങ്-ഗ്വോണുമാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്.

പിന്‍ഗാമിയെന്ന സൂചനകള്‍ അടുത്തിടെ നടന്ന സായുധ സേനാ ദിന ചടങ്ങുകളിലും കുംസുസാന്‍ പാലസ് ഓഫ് ദി സണ്‍ സന്ദര്‍ശനത്തിലും കിം ജൂ ഏയുടെ സാന്നിധ്യം സജീവമായിരുന്നു. ചില സര്‍ക്കാര്‍ നയങ്ങളില്‍ അവള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതായി സൂചനകളുണ്ടെന്നും ലീ സിയോങ്-ഗ്വോണ്‍ പറഞ്ഞു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിം ഇല്‍ സുങ്ങിന്റെയും കിം ജോങ് ഇല്ലിന്റെയും ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന കുംസുസാന്‍ കൊട്ടാരം സന്ദര്‍ശിക്കുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യമായാണ് കണക്കാക്കപ്പെടുന്നത്.




ഈ മാസം അവസാനം നടക്കാനിരിക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കിം ജൂ ഏ പങ്കെടുക്കുകയോ ഏതെങ്കിലും ഔദ്യോഗിക പദവി സ്വീകരിക്കുകയോ ചെയ്താല്‍, അവള്‍ പിന്‍ഗാമിയാകുമെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

ആരാണ് കിം ജൂ ഏ?

കിം ജൂ ഏയെക്കുറിച്ച് പുറംലോകത്തിന് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ അറിയൂ. ഏകദേശം 13 വയസ്സായിരിക്കും പ്രായമെന്നും 2013-ലാണ് ജനിച്ചതെന്നും കരുതപ്പെടുന്നു. 2022 നവംബറില്‍ ഒരു മിസൈല്‍ പരീക്ഷണ വേളയിലാണ് അവള്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം സൈനിക പരേഡുകളിലും ആയുധ പരീക്ഷണങ്ങളിലും ഫാക്ടറി ഉദ്ഘാടനങ്ങളിലും അവള്‍ പിതാവിനെ സ്ഥിരമായി അനുഗമിക്കുന്നു.


2025 സെപ്റ്റംബറില്‍ പിതാവിനോടൊപ്പം ബീജിംഗിലേക്ക് നടത്തിയ യാത്രയായിരുന്നു അവളുടെ ആദ്യ വിദേശ സന്ദര്‍ശനം. അവിടെ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി അവള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്തെ രണ്ടാമത്തെ പ്രധാന വ്യക്തിയായി കിം ജൂ ഏയെ കണക്കാക്കുന്നുവെന്നാണ് ദക്ഷിണകൊറിയന്‍ ചാരസംഘടന നല്‍കുന്ന വിവരം.




ആയുധ വികസനവും ഇതോടൊപ്പം, ഒരേസമയം 10 ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതും ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു കൂറ്റന്‍ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തിന് കിം ജോങ് ഉന്‍ നേരിട്ട് നേതൃത്വം നല്‍കുന്നതായും ചാരസംഘടന വെളിപ്പെടുത്തി.

Tags:    

Similar News