'മോദിക്ക് എന്നോട് കടുത്ത പ്രേമം; പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല': ട്രംപിന്റെ ആ പഴയ തമാശ പൊല്ലാപ്പാകുന്നു; സോഷ്യല്‍ മീഡിയ വീഡിയോ കുത്തിപ്പൊക്കിയതോടെ വിദേശകാര്യ മന്ത്രാലയം രംഗത്ത്; കളിക്കുന്നത് അമേരിക്കയായാലും നടപടി ഉറപ്പ്!
ട്രംപിന്റെ ആ പഴയ തമാശ പൊല്ലാപ്പാകുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദപരമായ പഴയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (X) ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ വിദേശകാര്യ മന്ത്രാലയം കര്‍ശന നിലപാടുമായി രംഗത്തെത്തി. വീഡിയോയുടെ ആധികാരികത പരിശോധിച്ച് 'ഉചിതമായ നടപടി' സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
വിവാദ പശ്ചാത്തലം
2025 ഒക്ടോബറില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്രപരമായ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്ന കാലത്താണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ നിര്‍ത്തിവെക്കുമെന്ന് ഉറപ്പുനല്‍കിയതായി അവകാശപ്പെട്ടുകൊണ്ട് 2025 ഒക്ടോബര്‍ 15-നാണ് ട്രംപ് മോദിയെ പ്രശംസിച്ചത്. ഇന്ത്യ ഇത്തരമൊരു ഉറപ്പ് ഔദ്യോഗികമായി നിഷേധിച്ചിരുന്നെങ്കിലും, ട്രംപ് തന്റെ പതിവ് ശൈലിയില്‍ അവകാശവാദം ആവര്‍ത്തിക്കുകയായിരുന്നു. വെറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദിയെ പ്രശംസിക്കുന്നതിനിടയിലാണ് ട്രംപ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആ തമാശ പൊട്ടിച്ചത്.
പ്രസംഗത്തിനിടെ മോദിയെ 'മഹാനായ വ്യക്തി' എന്ന് വിശേഷിപ്പിച്ച ട്രംപ്, 'മോദിക്ക് ട്രംപിനോട് സ്‌നേഹമാണ് (Modi loves Trump)' എന്ന് പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ തമാശരൂപേണ അദ്ദേഹം ഇങ്ങനെ തിരുത്തി:'ആ 'സ്‌നേഹം' എന്ന വാക്കിനെ നിങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുത്. അദ്ദേഹത്തിന്റെ (മോദിയുടെ) രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ എനിക്ക് താല്പര്യമില്ല.'
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള അമിത സൗഹൃദം പലപ്പോഴും ആഭ്യന്തര രാഷ്ട്രീയത്തില്‍ ആയുധമാക്കാറുണ്ട്. ഇതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ചിരിച്ചുകൊണ്ടുള്ള പരാമര്‍ശം.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം
പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോഴാണ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചത്. വീഡിയോ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വീഡിയോ നിലവിലുണ്ടെങ്കില്‍ അത് സത്യമാണോ കൃത്രിമമാണോ എന്ന് പരിശോധിക്കുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
'ഞാന്‍ ആ വീഡിയോ കണ്ടിട്ടില്ല... എങ്കിലും, അത്തരമൊരു വീഡിയോ ഉണ്ടെങ്കില്‍ അത് സത്യമാണോ അസത്യമാണോ എന്ന് പരിശോധിച്ച ശേഷം ഞങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും,' ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം പുതിയ തലത്തിലേക്ക്?
റഷ്യന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ ഉറപ്പ് നല്‍കിയെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇന്ത്യ അത് നിഷേധിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതും പിന്നീട് നടന്ന കൂടിക്കാഴ്ചകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകളായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിനിടയില്‍ പഴയ വീഡിയോകള്‍ കുത്തിപ്പൊക്കി വരുന്നത് നയതന്ത്രതലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
