വൈറ്റ് ഹൗസ് ഒഴിഞ്ഞു പോകും മുന്‍പ് ബൈഡന്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടിക്കില്ലെന്ന് മേലേനിയ; ട്രംപ് വിരുന്നിനു പോകുമ്പോള്‍ മേലേനിയ വീട്ടില്‍ ഇരിക്കും; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ ഭാര്യമാര്‍ക്കിടയിലെ അമേരിക്കന്‍ പോര് തുടരുമ്പോള്‍

Update: 2024-11-12 04:10 GMT

വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നതിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലെനിയ ട്രംപ്. നാളെയാണ് ചടങ്ങ് നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ജോബൈഡനും പത്നി ജില്‍ബൈഡനും ചേര്‍ന്നാണ് ക്ഷണിച്ചിട്ടുള്ളത്.

വര്‍ഷങ്ങളായി തുടര്‍ന്ന വരുന്ന ഒരാചാരമാണ് ഈ ചടങ്ങ്. നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ വൈറ്റ്ഹൗസിലെ തന്റെ ഓഫീസായ ഓവല്‍ ഓഫീസില്‍ സ്വീകരിക്കുമ്പോള്‍ പ്രസിഡന്റിന്റെ പത്നി നിയുക്ത പ്രസിഡന്റിന്റെ ഭാര്യയെ അവിടെ തന്നെയുള്ള ഔദ്യോഗിക വസതിയിലാണ് ചായസല്‍ക്കാരത്തിനായി സ്വീകരിക്കുന്നത്. 2016 ല്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റായ ബരാക്ക് ഒബാമയുടെ പത്നിയായ മിഷേല്‍ ഒബാമ മെലനിയയെ ഇത്തരത്തില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 2020 ല്‍ ട്രംപ് പ്രസിഡന്റ് പദവി ഒഴിഞ്ഞ സന്ദര്‍ഭത്തില്‍ മെലനിയ ട്രംപ് ജില്‍ ബൈഡനെ ഇത്തരത്തില്‍ ക്ഷണിച്ചിരുന്നില്ല.

പ്രസിഡന്റ് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ട്രംപിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളുടെയും നിയമ നടപടികളുടേയും പശ്ചാത്തലത്തിലാണ് മെലനിയ അന്ന് ജില്‍ ബൈഡനെ ക്ഷണിക്കാത്തത് എന്നാണ് കരുതപ്പെടുന്നത്. താനാണ് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി എന്ന് ട്രംപ് അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമലാ ഹാരീസിന്റെ പരാജയത്തെ തുടര്‍ന്ന് ട്രംപും ജോബൈഡനും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു എങ്കിലും ഇരുവരുടേയും ഭാര്യമാര്‍ ഇനിയും അതിന് പോലും തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

മെലനിയയും ജില്ലും അവസാനമായി ഒരുമിച്ച് കണ്ടത് കഴിഞ്ഞ വര്‍ഷം നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടറുടെ ഭാര്യ റോസലിന്‍ കാര്‍ട്ടറുടെ ശവസംസ്‌ക്കാര വേളയില്‍ ആയിരുന്നു. ചടങ്ങില്‍ എല്ലാ മുന്‍ പ്രസിഡന്റുമാരുടെയും ഭാര്യമാര്‍ പങ്കെടുത്തിരുന്നു. കൂടാതെ മെലനിയ ട്രംപ് ഇക്കുറി വൈറ്റ്ഹൗസില്‍ സ്ഥിരതാമസത്തിന് എത്തില്ല എന്നും വാര്‍ത്തകള്‍ പരന്നിരുന്നു. അവര്‍ മകനോടൊപ്പം ന്യൂയോര്‍ക്കിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറയപ്പെടുന്നു.

കഴിഞ്ഞ തവണ പ്രസിഡന്റ് പദവി ഒഴിഞ്ഞ വേളയില്‍ ട്രംപും ജോബൈഡനെ ഓവല്‍ ഓഫീസിലേക്ക് വരവേല്‍പ്പ് നല്‍കാത്തതും പദവി ഒഴിഞ്ഞ് കൊടുക്കാന്‍ വൈകിയതുമെല്ലാം ഇവര്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ബൈഡനും കുടുംബവും വളരെ സൗഹാര്‍ദ്ദപരമായി പദവി ഒഴിയാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു വിരുന്നൊരുക്കാനും പതിവുകള്‍ തെറ്റിക്കാതിരിക്കാനും അവര്‍ തീരുമാനിച്ചത്. ക്ഷണം സ്വീകരിച്ച ട്രംപ് നാളെ ഓവല്‍ ഓഫീസില്‍ ബൈഡന്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുക്കാന്‍ ബൈഡന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലെ രീതി അനുസരിച്ച് സ്ഥ്ാനമൊഴിയുന്ന പ്രസിഡന്റും നിയുക്ത പ്രസിഡന്റും ഒരുമിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്. എന്നാല്‍ 2020 ല്‍ ജോബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടു നിന്നിരുന്നു.

Tags:    

Similar News