ചുമതല ഏറ്റാലുടന്‍ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ തുടങ്ങും; മെക്സിക്കന്‍ അതിര്‍ത്തിയടച്ച് തുടക്കം; അസൈലം ആപ്പ് റദ്ദാക്കും; പുറത്താക്കുക ലക്ഷങ്ങളെ; അമേരിക്കയില്‍ സത്യപ്രതിജ്ഞക്ക് മുന്‍പേ പണി തുടങ്ങി ട്രംപ്

Update: 2024-11-12 05:10 GMT

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റാല്‍ ഉടന്‍ തന്നെ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ചുമതല തന്റെ വിശ്വസ്തനായ ടോംഹോമാനനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കായി നല്‍കിയിരിക്കുന്ന അസൈലം ആപ്പുകള്‍ ഇതിന്റെ ആദ്യ പടിയായി തന്നെ റദ്ദാക്കാനാണ് നീക്കം. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് ഇത്തരത്തില്‍ അമേരിക്കയില്‍ ഇപ്പോള്‍ താമസിക്കുന്നത്.

അടുത്ത വര്‍ഷം ജനുവരി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ ട്രംപ് ആദ്യം ഉത്തരവിടുന്നത് അനധികൃത കുടിയേറ്റക്കാര്‍ക്കായി തയ്യാറാക്കിയ അസൈലം ആപ്പ് റദ്ദാക്കുക എന്നതായിരിക്കും. ഈ സംവിധാനം ഉപയോഗിച്ചാണ് ഇവര്‍ അഭയം തേടിയുളള ഇന്റര്‍വ്യൂവിനും മറ്റും അപേക്ഷ സമര്‍പ്പിക്കുന്നത്. അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ ദിവസവും 1450 ഓളം പേരുടെ അപേക്ഷകളിന്‍ മേലാണ് അമേരിക്കന്‍ സര്‍ക്കാര്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്. മെക്സിക്കന്‍ അതിര്‍ത്തി അടയ്ക്കാനും നടപടികള്‍ ആരംഭിക്കും.

മാത്രമല്ല അമേരിക്കയിലേക്ക് ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ കടന്ന് കയറുന്ന മറ്റ് മേഖലകളിലും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കമെന്നാണ് ട്രംപിന്റെ അനുയായികള്‍ പറയുന്നത്. ക്യൂബ, ഹെയ്ത്തി, നിക്കരാഗ്വേ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃത കുടിയേറ്റക്കാര്‍ കൂട്ടത്തോടെ ഇതു വഴി എത്തുന്നത്. ഇത്തരത്തില്‍ അമേരിക്കയിലേക്ക് കയറിപ്പററുന്ന കുടിയേറ്റക്കാര്‍ രാജ്യത്തെ നിയമ സംവിധാനം തന്നെ തകരാറിലാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ടോംഹോമാനും വ്യക്തമാക്കിയിരിക്കുന്നത്.

നിയമപരമായി ഇവരുടെ ആവശ്യം കേള്‍ക്കാന്‍ കോടതികള്‍ ബാധ്യസ്ഥമാണെങ്കിലും 60 മുതല്‍ 70 ശതമാനം വരെ കേസുകളും തള്ളിപ്പോകാറുള്ളതാണ് പതിവ്. ഇത്തരത്തില്‍ കേസുമായി എത്തുന്ന പലരും വ്യാജന്‍മാരാണ് എന്നാണ് അമേരിക്കന്‍ സര്‍്ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. മാത്രവുമല്ല അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി എത്തുന്നവരുടെ അമേരിക്കയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന രീതിയും നിര്‍ത്തലാക്കാന്‍ ശ്രമിക്കുമെന്നാണ് ടോംഹോമാന്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇവര്‍ക്ക് ഇത്തരത്തിലുള്ള അവകാശം നല്‍കിയത്.

അമേരിക്കയില്‍ ജനിച്ചു എന്നത് കൊണ്ട് അവര്‍ക്ക് പൗരത്വം നല്‍കുന്ന രീതി ശരിയല്ലെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ട്രംപ് ഇക്കുറി വിജയം നേടിയത് എന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags:    

Similar News