നാല് കൊല്ലത്തിനു ശേഷം ആദ്യമായി വൈറ്റ് ഹൗസിലെത്തിയ ട്രംപിനെ ശത്രുത മറന്ന് ഊഷ്മളമായി സ്വീകരിച്ച് ബൈഡന്‍; മനഃപൂര്‍വം എത്താതിരുന്ന ട്രംപിന്റെ ഭാര്യക്ക് സ്നേഹപൂര്‍വ്വം കത്ത് കൊടുത്ത് വിട്ട് ബൈഡന്റെ ഭാര്യ; കാലം മാറുമ്പോള്‍ സൗഹൃദം ചര്‍ച്ചകളില്‍

Update: 2024-11-14 04:44 GMT

വാഷിങ്ടണ്‍: നാല് വര്‍ഷത്തിന് ശേ്ഷം വൈറ്റ് ഹൗസില്‍ എത്തിയ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഹാര്‍ദ്ദവമായി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിച്ച് ജോ ബൈഡന്‍. അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നല്‍കിയതായി അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ കാണുമെന്നും ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുമെന്നും ബൈഡന്‍ ട്രംപിനെ ക്ഷണിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ 2020-ലെ തിരഞ്ഞെടുപ്പില്‍ തോറ്റ അന്നത്തെ പ്രസിഡന്റ് ട്രംപ് വിജയിച്ച ജോബൈഡനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല. ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. വൈറ്റ്ഹൗസിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം എന്ന് പറഞ്ഞു കൊണ്ടാണ് ബൈഡന്‍ ട്രംപിനെ സ്വീകരിച്ചത്. മുന്‍ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ സ്വീകരിക്കുന്നു എന്നും ബൈഡന്‍ കൂട്ടിചേചര്‍ത്തു. തുടര്‍ന്ന് ഇരു നേതാക്കളും ഹസ്തദാനം ചെയ്തു. തുടര്‍ന്ന് വൈറ്റ്ഹൗസിലെ പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസിലേക്ക് ഇരുവരും എത്തി.

തെരഞ്ഞെടുപ്പ് വേളയില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി ഏറ്റുമുട്ടിയ ട്രംപും ബൈഡനും അതെല്ലാം മറന്ന് തികഞ്ഞ സൗഹൃദഭാവത്തോടെ തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇരുവരുടേയും സ്നേഹപ്രകടനം ടെലിവിഷനില്‍ കണ്ട പല അമേരിക്കക്കാരും അവരുടെ സമൂഹ മാധ്യമ പേജുകളില്‍ തമാശയായി ബൈഡന്‍ ഇക്കുറി വോട്ട് ചെയ്തത് ട്രംപിനാണെന്ന് തോന്നുന്നു എന്ന കുറിപ്പിട്ടിരുന്നു. ഓവല്‍ ഓഫീസില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ആദ്യം കുറേ സമയം അനുവദിക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ച അവസാനിക്കുന്നതിന് മുമ്പ് ജോബൈഡന്‍ തന്റെ പത്നി ജില്‍ ബൈഡന്‍ ട്രിംപിന്റെ ഭാര്യ മെലനിയ്ക്ക് എഴുതിയ കത്തും കൈമാറി.

മെലനിയക്ക് എന്ത് സഹായവും തന്നോട് ആവശ്യപ്പെടാമെന്ന് കത്തില്‍ ജില്‍ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ട്രംപിനൊപ്പം ഇന്നലെ വൈറ്റ്ഹൗസില്‍ എത്തി തന്റെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കണമെന്ന ജില്ലിന്റെ ആവശ്യം മെലാനിയ കഴിഞ്ഞ ദിവസം നിരസിച്ചത് വിവാദം ഉയര്‍ത്തിയിരുന്നു. അമേരിക്കയില്‍ നിയുക്ത പ്രസിഡന്റ് ആദ്യമായി വൈറ്റ്ഹൗസില്‍ എത്തുന്ന വേളയില്‍ അദ്ദേഹത്തിന്റെ പത്നിക്ക് സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ ഭാര്യ ചായ സത്ക്കാരം നടത്തുന്നത് പതിവാണ്. ആ ക്ഷണമാണ് മെലനിയ നിരസിച്ചത്. മെലനിയ ഇക്കുറി വൈറ്റ്ഹൗസില്‍ സ്ഥിരമായി താമസിക്കില്ല എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അവര്‍ ജില്ലിന്റെ ക്ഷണം നിരസിച്ചതെന്നാണ് കരുതപ്പെടുന്നത്.

20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്. 2016-ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലര്‍ വോട്ടുകളില്‍ അന്ന് വിജയം എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറല്‍ കോളേജ്- പോപ്പുലര്‍ വോട്ടുകള്‍ക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.

Tags:    

Similar News