സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനം; രാജ്യം വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല; ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി മാറ്റി; റഷ്യയില്‍ 'സുരക്ഷിത'നായതോടെ മൗനം വെടിഞ്ഞ് അസദ്

റഷ്യയില്‍ 'സുരക്ഷിത'നായതോടെ മൗനം വെടിഞ്ഞ് അസദ്

Update: 2024-12-16 14:21 GMT

മോസ്‌കോ: സിറിയയിലെ വിമതര്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചതോടെ രാജ്യം വിട്ട് റഷ്യയില്‍ അഭയം തേടിയതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ്. സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സിറിയ വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷര്‍ അല്‍-അസദ് പറഞ്ഞു. ഡിസംബര്‍ 8 പുലര്‍ച്ചെ വരെ ഡമാസ്‌കസില്‍ ഉണ്ടായിരുന്നു. റഷ്യന്‍ വ്യോമത്താവളം ആക്രമിച്ചപ്പോഴാണ് തനിക്ക് രാജ്യം വിടേണ്ടിവന്നതെന്നും ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി രാജ്യത്തുനിന്നും മാറ്റുകയായിരുന്നുവെന്നും അസദ് പറയുന്നു.

റഷ്യയില്‍ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിര്‍ദേശവും തനിക്ക് മുന്നില്‍ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മോസ്‌കോയില്‍ അഭയം തേടി ഒന്‍പത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരിലാണ് പ്രസ്താവന.

ഡിസംബര്‍ എട്ട് രാത്രിയാണ് അസദ് സിറിയ വിട്ടത്. തീവ്രവാദികള്‍ക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയില്‍ പെട്ടുകഴിഞ്ഞാല്‍ പദവിയില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണ്. എന്നാല്‍ സിറിയന്‍ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു.

അതേ സമയം അസദിനെ മോസ്‌കോയിലെത്തിക്കാന്‍ ചെലവായത് ഏതാണ്ട് 250 മില്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാറിന്റെ ചെലവിലാണ് അസദ് രാജ്യം വിട്ടതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്‌ചെയ്തു. രണ്ടുവര്‍ഷം കൊണ്ടാണ് ഇത്രയും തുകയുടെ ഇടപാടുകള്‍ നടന്നത്. അസദിന്റെ ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളര്‍ (ഏകദേശം 2120 കോടി രൂപ) പണമായി അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഏകദേശം രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. നൂറിന്റെ ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു ഇതില്‍. വിലക്ക് നേരിടുന്ന ഒരു റഷ്യന്‍ ബാങ്കില്‍ ഈ പണം നിക്ഷേപിച്ചതായാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

2018ലും 2019ലുമാണ് ഈ ഇടപാടുകളത്രയും നടന്നത് ഇക്കാലയളവില്‍ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇക്കാലയളവില്‍ അസദ് ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലുണ്ടായിരുന്നു. അതെല്ലാം നിഷ്പ്രഭമാക്കിയായിരുന്നു റഷ്യയുമായുള്ള സിറിയയുടെ സാമ്പത്തിക ഇടപാടുകള്‍.

വിമതര്‍ ഭരണം പിടിച്ചെടുത്തതോടെ ഡിസംബര്‍ എട്ടിനാണ് ബശ്ശാര്‍ രാജ്യം വിട്ടത്. 2011 മുതല്‍ അസദിനെതിരെ തുടരുന്ന ജനകീയ പ്രഷേധമാണ് വിജയം കണ്ടത്. ജനകീയപ്രതിഷേധത്തില്‍ അഞ്ചുലക്ഷം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വന്തം ജനതക്കു നേരെ രാസായുധ പ്രയോഗം നടത്തിയ ഭരണാധികാരിയാണ് അസദ്.

അട്ടിമറിയില്‍ പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദ് ഏകദേശം 250 മില്യണ്‍ ഡോളര്‍ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയതിന് ശേഷമാണ് രക്ഷപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-2019 കാലയളവില്‍ ഏകദേശം രണ്ട് ടണ്‍ 100 ഡോളര്‍ നോട്ടുകളുടെ 500 യൂറോയുടെ കറന്‍സി നോട്ടുകളും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കറന്‍സി നോട്ടുകള്‍ മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളത്തിലെത്തിച്ച ശേഷം റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു.

ഇതേ കാലയളവില്‍ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ രഹസ്യമായി സ്വത്തുക്കള്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് 250 മില്യണ്‍ ഡോളറിന്റെ കറന്‍സി നോട്ടുകള്‍ ലഭിച്ചതായി ഒരു രേഖയും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, ഇന്ധന കള്ളക്കടത്ത് എന്നിവയില്‍ നിന്ന് അസദും അദ്ദേഹത്തിന്റെ സഹായികളും പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് പറഞ്ഞു.

2011-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം, ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള 11 ദിവസത്തെ ആക്രമണത്തെത്തുടര്‍ന്ന് ഡിസംബര്‍ 8 ന് സിറിയയുടെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ അസദ് സിറിയയില്‍ നിന്ന് റഷ്യയിലേക്ക് പലായനം ചെയ്തു. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 500,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

വര്‍ഷങ്ങളായി റഷ്യ അസദിന്റെ ഭരണത്തിന് സുരക്ഷ നല്‍കിയിരുന്നുവെന്ന് സിറിയന്‍ ലീഗല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിലെ മുതിര്‍ന്ന ഗവേഷകന്‍ ഇയാദ് ഹമീദ് പറഞ്ഞു. റഷ്യ വര്‍ഷങ്ങളായി അസദിന്റെ ഭരണത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ റഷ്യന്‍ കമ്പനികള്‍ സിറിയയുടെ ഫോസ്‌ഫേറ്റ് വിതരണ ശൃംഖലയില്‍ ഉള്‍പ്പെട്ടതോടെ ബന്ധം കൂടുതല്‍ ആഴത്തിലായി. 2018 മാര്‍ച്ചിനും 2019 സെപ്റ്റംബറിനുമിടയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ രീതിയില്‍ പണ കൈമാറ്റം നടന്നു.

Tags:    

Similar News