റഷ്യയിലെ ജീവിതത്തില്‍ തൃപ്തിയില്ല; രാഷ്ട്രീയ അഭയം നല്‍കിയവര്‍ ഭര്‍ത്താവിന് സ്വാതന്ത്ര്യം നല്‍കുന്നില്ല; ലണ്ടനിലേക്ക് താമസം മാറ്റാന്‍ തീരുമാനം. സിറിയയില്‍ നിന്നും നാടുവിട്ട പ്രസിഡന്റ് അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ; മോസ്‌കോ വിടണമെന്ന അസ്മയുടെ ആവശ്യം കോടതി പരിഗണനയില്‍

Update: 2024-12-23 08:45 GMT

മോസ്‌കോ: വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. റഷ്യയിലെ ജീവിതത്തില്‍ തൃപ്തയാകാത്തതിനെത്തുടര്‍ന്ന് വിവാഹമോചനത്തിന് ഭാര്യ അപേക്ഷ നല്‍കിയതായി തുര്‍ക്കി, അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമത സേന സിറിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് റഷ്യയില്‍ കുടുംബത്തോടൊപ്പമാണ് ബാഷര്‍ അസദ് അഭയം തേടിയത്.

49കാരിയായ അസ്മ റഷ്യന്‍ കോടതിയില്‍ വിവാഹമോചന അപേക്ഷ ഫയല്‍ ചെയ്ത് മോസ്‌കോ വിടാന്‍ പ്രത്യേക അനുമതി തേടിയിരിക്കുകയാണ്. അപേക്ഷ റഷ്യന്‍ അധികാരികള്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നാടായ ലണ്ടനിലേയ്ക്ക് മാറാനാണ് ഭാര്യ അസ്മ അല്‍-അസദ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ്-സിറിയന്‍ പൗരയായ അസ്മ ലണ്ടനിലാണ് ജനിച്ച് വളര്‍ന്നത്.

2000ല്‍ അസ്മയുടെ 25ാം വയസിലാണ് സിറിയയിലേയ്ക്ക് താമസം മാറിയത്. അതേ വര്‍ഷം തന്നെയായിരുന്നു ഇരുവരുടേയും വിവാഹവും. 2000ലാണ് ബാഷര്‍ അല്‍ അസദ് പിതാവിന്റെ പിന്‍ഗാമിയായി സിറിയയുടെ ഭരണം ഏറ്റെടുക്കുന്നത്. നീണ്ട 24 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് അധികാരം നഷ്ടമാകുന്നത്. 1971 മുതല്‍ 2000 വരെ പിതാന് ഹഫീസ് അല്‍-അസദിന്റെ ഭരണത്തിന്റെ കീഴിലായിരുന്നു സിറിയ. റഷ്യ അഭയം നല്‍കിയെങ്കിലും അസദിന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്.

മോസ്‌കോ വിട്ടു പോകാനോ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ അനുവാദമില്ല. 270 കിലോഗ്രാം സ്വര്‍ണം, 2 ബില്യണ്‍ യുഎസ് ഡോളര്‍, മോസ്‌കോയിലെ 18 അപ്പാര്‍ട്‌മെന്റുകള്‍ എന്നിവയുള്‍പ്പെടെ ബാഷര്‍ അസദിന്റെ പണവും സ്വത്തുക്കളും റഷ്യന്‍ അധികൃതര്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേ അസ്മ ക്യാന്‍സര്‍ രോഗബാധിതയാണെന്നും ഇപ്പോള്‍ രോഗാവസ്ഥ ഗുരുതരമാണെന്നും നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സാമ്പത്തിക കാര്യ വിദഗ്ധയായ അവര്‍ ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള വന്‍കിട ധനകാര്യസ്ഥാപനങ്ങളില്‍ നേരത്തേ ഉന്നത പദവികളില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്.

അസ്മയുടെ ഉപദേശം അനുസരിച്ചാണ് അസദ് റഷ്യ പോലെയുള്ള രാജ്യങ്ങളില്‍ സിറിയയില്‍ നിന്ന് തട്ടിയെടുത്ത പണം നിക്ഷേപിച്ചത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അസദ് രാജ്യം വിടുന്നതിന് വളരെ ദിവസങ്ഹള്‍ക്ക് മുമ്പ് തന്നെ അസ്മയും മക്കളും റഷ്യയില്‍ എത്തിയിരുന്നു. അസദ്-അസ്മ ദമ്പതികള്‍ക്ക് മൂന്്ന മക്കളാണ് ഉളളത്. അര നൂറ്റാണ്ട് നീണ്ടു നിന്ന അസദ് കുടുംബത്തിന്റെ ഏകാധിപത്യ ഭരണത്തിന് വിരാമമിട്ടാണ് വിമതര്‍ അധികാരം പിടിച്ചത്.

വിമതരുടെ ശക്തി മനസിലാക്കിയ അസദ് റഷ്യ അയച്ചു കൊടു്ത്ത വിമാനത്തിലാണ് രക്ഷപ്പെട്ടത്. വിശ്വസ്തരായ അനുയായികളേയും സ്വന്തം സഹോദരങ്ങളെയും പോലും കബളിപ്പിച്ചാണ് ഇയാള്‍ രാജ്യം വിട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ ടണ്‍ കണക്കിന് നോട്ടുകെട്ടുകളാണ് ഇയാള്‍ സിറിയയില്‍ നിന്ന് റഷ്യയില്‍ എത്തിച്ചത്. ഇരുപതോളം അത്യാഡംബര അപ്പാര്‍ട്ട്മെന്റുകളാണ് അസദിന് റഷ്യയില്‍ സ്വന്തമായിട്ടുള്ളതെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഏത് സാഹചര്യത്തിലാണ് അസ്മ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്ന കാര്യം ഇനിയും വ്യക്തമല്ല.

Tags:    

Similar News