വധശിക്ഷ കൂടുതല്‍ വിപുലമാക്കണമെന്ന നിലപാടുള്ള ട്രംപ്; അധികാരം കൈമാറും മുമ്പ് 40 വധശിക്ഷ തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ബൈഡന്‍; ട്രംപിസമെത്തുമ്പോള്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റിന് എന്തു സംഭവിക്കും? മകനെ രക്ഷിച്ച ബൈഡന്റെ മറ്റൊരു അവസാന അടവു നയം ഇതാ
വാഷിങ്ടണ്‍: യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കുന്നത് താന്‍ മാനുഷിക വികാരങ്ങള്‍ ഉയര്‍ത്തിയ പ്രസിഡന്റ് എന്ന സന്ദേശം. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം.
പൊലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. സൗത്ത് കരോലിലയിലെ പള്ളിയില്‍ ആഫ്രിക്കന്‍ വംശജരായ 9 പേരെ കൊലപ്പെടുത്തിയ ഡിലന്‍ റൂഫ്, ബോസ്റ്റണ്‍ മാരത്തണിനിടെ സ്‌ഫോടനം നടത്തിയ ഡ്‌ഷോഖര്‍ സരനേയ്, പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ 11 പേരെ വെടിവച്ചുകൊന്ന റോബര്‍ട്ട് ബവേഴ്‌സ് എന്നിവര്‍ മാത്രമേ ഫെഡറല്‍ സര്‍ക്കാരിന്റെ വധശിക്ഷാത്തടവുകാരായി ഇനിയുള്ളൂ. ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറല്‍ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. 2021 ജനുവരി 20ന് അധികാരമേറ്റ ബൈഡന്‍ സര്‍ക്കാര്‍ അക്കൊല്ലം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, വധശിക്ഷ കൂടുതല്‍ വിപുലമാക്കണമെന്ന പക്ഷക്കാരനാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനുഷ്യക്കടത്തുകാര്‍ക്കും മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുമെന്ന് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അദ്ദേഹം വാഗ്ദാനംചെയ്തിരുന്നു. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 13 ഫെഡറല്‍ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ആധുനിക യു.എസിന്റെ ചരിത്രത്തില്‍ ഒരു പ്രസിഡന്റും ഇത്രയധികം പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. 2003-നുശേഷം ഫെഡറല്‍ സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയതും ട്രംപിന്റെ കാലത്താണ്.
അതേസമയം, ബൈഡന്റെ ഭരണകാലത്ത് പല സംസ്ഥാനങ്ങളും അവയുടെ അധികാരമുപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഏതാനും ദിവസംമുമ്പാണ് ഇന്‍ഡ്യാന സംസ്ഥാനം 15 വര്‍ഷത്തിനുേശഷമുള്ള ആദ്യ വധശിക്ഷ നടപ്പാക്കിയത്. കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും പശ്ചിമേഷ്യയിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കുകയും അതിലുള്‍പ്പെട്ടവരെ നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നേരത്തേ നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതും നികുതി വെട്ടിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് പ്രഖ്യാപിച്ച് ജോബൈഡന്‍ വിവാദത്തിലായിരുന്നു. പ്രോസിക്യൂഷന്‍ നീതിരഹിതമായിട്ടാണ് ഹണ്ടറിന്റെ കേസ് കൈകാര്യം ചെയ്തത് എന്നാണ് ബൈഡന്‍ ഇതിനെ ന്യായീകരിച്ചത്. പ്രസിഡന്റ് എന്ന നിലയിലുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്‍ മകന് മാപ്പ് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത മാസം പകുതിയോടെ പദവി കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ ബൈഡന്‍ നടത്തിയ ഈ ഇടപെടല്‍ വന്‍ തോതിലുള്ള വിമര്‍ശനത്തിന് ഇടയാക്കി. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മകന് പ്രസിഡന്റ് എന്ന അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കില്ലെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. പദവി ഒഴിയുന്ന സാഹചര്യത്തില്‍ ബൈഡന്‍ സുപ്രധാന കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ എതിരാളികളാണ് മകനെ കേസില്‍ കുടുക്കിയതെന്നും ബൈഡന്‍ ആരോപിക്കുന്നു.