മര്യാദക്ക് പറയുന്നത് കേട്ട് കരാറില്‍ ഒപ്പിട്ടാല്‍ നിങ്ങള്‍ക്ക് കൊള്ളാം; യുക്രൈനിലേക്ക് നേരിട്ട് ദൂതനെ അയച്ച് പ്രസിഡണ്ടിനെ വിരട്ടി ട്രംപ്; ട്രംപിനെ വിമര്‍ശിക്കുന്നത് നിര്‍ത്തി അമേരിക്കയെ പ്രശംസിച്ച് സെലന്‍സ്‌കി; സംയുക്ത വാര്‍ത്ത സമ്മേളനം ഉപേക്ഷിച്ച് യുക്രൈനെ നാണംകെടുത്തി അമേരിക്ക നല്‍കുന്ന റഷ്യന്‍ അനുകൂല സന്ദേശം

Update: 2025-02-21 05:32 GMT

ഷ്യ-യുക്രൈന്‍ യുദ്ധം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി യുക്രൈനിനോടുള്ള നിലപാട് കടുപ്പിച്ച് അമേരിക്ക. കഴിഞ്ഞ ദിവസം ട്രംപിന്റെ യുക്രൈന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ദൂതന്‍ കീത്ത് കെല്ലോഗ് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കിയുമായി ചര്‍ച്ച നടത്തി. സംഭാഷണങ്ങളില്‍ കര്‍ശന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ചര്‍ച്ചയെ തുടര്‍ന്നുള്ള സംയുക്ത വാര്‍ത്താസമ്മേളനവും അമേരിക്കന്‍ പ്രതിനിധി ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് സെലന്‍സ്‌കി കീത്ത് കെല്ലോഗുമായി കൂടിക്കാഴ്ച നടത്തിയത്.

ഡൊണാള്‍ഡ് ട്രംപിനെ നിരന്തരമായി വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് ഉപദേഷ്ടാവ് യുക്രൈനിനോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ആയിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ എടുക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് സെര്‍ഹി നിഖിഫെറോവ് അറിയിച്ചിരുന്നു എങ്കിലും പിന്നീട് മാറ്റിവെച്ചതായി പ്രഖ്യാപനം ഉണ്ടായി. ഇതിന്റെ കാരണം എന്താണെന്ന് വിശദീകരണം ഉണ്ടായതുമില്ല. അമേരിക്കന്‍ പ്രതിനിധിയാണ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

കുറേ നാളുകളായി ട്രംപും സെലന്‍സ്‌കിയും തമ്മില്‍ തുടരുന്ന വാക്പോര് ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തേയും സാരമായി ബാധിച്ചിരുന്നു. യുക്രൈന് അമേരിക്ക നല്‍കി വരുന്ന സഹായം അവസാനിപ്പിക്കാന്‍ ഇത് കാരണമായേക്കുമെന്നും പലരും ഭയപ്പെട്ടിരുന്നു. ചര്‍ച്ച ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാട്ട്സ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞത് സെലന്‍സ്‌കി ട്രംപിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണം എന്നാണ്. റഷ്യ പറയുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ നടത്തുന്നതെന്നാണ് സെലന്‍സ്‌കി പലവട്ടം ആരോപിച്ചിരുന്നത്. മര്യാദക്ക് പറയുന്നത് കേട്ട് കരാറില്‍ ഒപ്പിട്ടാല്‍ യുക്രൈന് കൊള്ളാം എന്ന രീതിയില്‍ തന്നെയാണ് മൈക്ക് വാട്സും സംസാരിച്ചത്.

യുക്രൈനിന്റെ വിശാലമായ എണ്ണപ്പാടങ്ങളും ധാതുസമ്പത്തും എല്ലാം സുരക്ഷ മുന്‍നിര്‍ത്തി അമേരിക്കക്ക് കൈമാറണം എന്നാണ് ട്രംപിന്റെ നിലപാട്. ഇത് ചരിത്രപരമായ ഒരു കാര്യമായിരിക്കും എന്നാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. അതേ സമയം ട്രംപിനെ വിമര്‍ശിക്കുന്നത് നിര്‍്ത്തി അമേരിക്കയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സെലന്‍സ്‌കി ചെയ്യുന്നത്. കെല്ലോഗുമായി നടത്തിയ കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമായിരുന്നു എന്നും ഭാവിയില്‍ അമേരിക്കയുമായി മികച്ച ബന്ധം പുലര്‍ത്താനാണ് യുക്രൈന്‍ ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ട്രംപിനെ വിമര്‍ശിക്കുന്നത് സെലന്‍സ്‌കി അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡെ.ഡി.വാന്‍സും കഴിഞ്ഞ ദിവസം കര്‍ശനമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നു.

യുക്രൈന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ തങ്ങളെ പങ്കെടുപ്പിക്കാത്തതില്‍ യുക്രൈന്‍ ശക്തമായി അപലപിച്ചിരുന്നു. അതേ സമയം അടുത്ത ആഴ്ച അമേരിക്ക സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍ ട്രംപുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇക്കാര്യം ഉന്നയിക്കുമെന്നാണ് സൂചന.

Similar News