റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് എത്തിയ യുക്രൈന്‍ പൗരന്‍മാരെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കും; 40,000ത്തോളം പേര്‍ പ്രതിസന്ധിയില്‍; സെലന്‍സ്‌കിയുമായുള്ള വാക്കേറ്റത്തിന് മുമ്പേയുള്ള തീരുമാനമെന്ന് വിശദീകരണം; നാടുകടത്തല്‍ വിവാദം പുതിയ തലത്തില്‍

Update: 2025-03-07 04:00 GMT

ന്യുയോര്‍ക്ക്; റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് എത്തിയ യുക്രൈന്‍ പൗരന്‍മാരെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാന്‍ ട്രംപ് സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഏപ്രില്‍ മാസത്തോടെ ഇവരെ നാട് കടത്താനാണ് തീരുമാനം. രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരത്തോളം പേരാണ് യുക്രൈനില്‍ നിന്ന് അമേരിക്കയിലേക്ക കുടിയേറ്റക്കാരായി എത്തിയത്.

അമേരിക്കയില്‍ താമസിക്കാന്‍ ഇവര്‍ക്ക് താത്ക്കാലികമായി നല്‍കിയ അനുമതി റദ്ദാക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ ചര്‍ച്ചയ്ക്കിടെ ട്രംപുമായി വാക്കേറ്റം നടത്തിയതിനും മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായും സൂചനയുണ്ട്.

ബൈഡന്‍ ഭരണകൂടത്തിന്റെ സമയത്ത് പതിനെട്ട് ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായി അമേരിക്കയില്‍ എത്തിയത്. ഇവരില്‍ യുക്രൈന്‍ പൗരന്‍മാരും ലക്ഷക്കണക്കിന് ഉണ്ടായിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് ഇവരെ അമേരകിക്കയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. യുക്രൈന്‍ പൗരന്‍മാരെ നാടു കടത്താനുള്ള ഇപ്പോഴത്തെ നീക്കം അമേരിക്ക യുക്രൈന് നല്‍കിയിരുന്ന എല്ലാ സൈനിക സഹായങ്ങളും റദ്ദാക്കിയതിന് തൊട്ടു പിന്നാലെയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താനാണ് അമേരിക്കയുടെ നീക്കം.

അമേരിക്ക യുക്രൈന് നല്‍കിയിരുന്ന ഇന്റലിജന്‍സ് സഹായവും ട്രംപ് പിന്‍വലിച്ചിരുന്നു. റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈന് ഏറ്റവും സഹാ.കരമായി മാറിയത് അമേരിക്ക നല്‍കുന്ന ഇന്റലിജന്‍സ് സഹായമായിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈന് അമേരിക്ക നേരത്തേ നല്‍കിയിരുന്ന ആയുധങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീരും എന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപും സെലന്‍സ്‌കിയും തമ്മില്‍ നടത്തിയ വാക്പോരാട്ടം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളാക്കിയിരുന്നു.

അമേരിക്ക നല്‍കിയ പ്രതിരോധ സഹായത്തിന് പകരമായി യുക്രൈനിലെ ധാതു സമ്പത്ത് നല്‍കാനുള്ള കരാറില്‍ ഒപ്പ് വെയ്ക്കാനെത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് കരാര്‍ ഒപ്പിടാതെ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്നും മടങ്ങുകയായിരുന്നു. സമാധാന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്താല്‍ മാത്രമേ യുക്രൈന് ഇന്റലിജന്‍സ് സഹായം നല്‍കുകയുള്ളൂ എന്ന കടുത്ത നിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ്.

യുക്രൈന് നല്‍കിയിരുന്ന പ്രതിരോധ സഹായം നിര്‍ത്തി വെച്ച അമേരിക്കയുടെ നടപടിയെ റഷ്യ അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഇത് ഏറെ സഹായകരമാകുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News