ചൈനീസ് കടലില്‍ തമ്പടിച്ചിരുന്ന യുദ്ധക്കപ്പല്‍ കൂടി പശ്ചിമേഷ്യയിലേക്ക്; ഇറാനെതിരെ ആക്രമണം നടത്താന്‍ ട്രംപ് ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് ഇസ്രായേല്‍: സമാധാനത്തിനായി രംഗത്തിറങ്ങിയ ട്രംപ് ഇറാനെ തീര്‍ത്ത് സമാധാനം സ്ഥാപിക്കാന്‍ നീക്കമെന്ന് സൂചന

Update: 2025-04-03 00:55 GMT

വാഷിങ്ടണ്‍: വീണ്ടും യുദ്ധഭീതിയിലേക്ക് ലോകം. റഷ്യയ്ക്കും ഇറാനുമെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തുന്നതാണ് ഇതിന് കാരണം. യുക്രെയ്‌നില്‍ വെടിനിര്‍ത്തലിന് തയാറാകാത്ത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനോട് തനിക്ക് കടുത്ത ക്ഷോഭമുണ്ടെന്ന് ട്രംപ് പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ റഷ്യന്‍ എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ആണവക്കരാറിന് തയാറായില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെ അമേരിക്ക ആക്രമിക്കുമെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു. റഷ്യയെ അടക്കം കൂടെ നിര്‍ത്തി ലോക സമാധാനമായിരുന്നു ട്രംപ് ലക്ഷ്യമിട്ടത്. യുദ്ധമെല്ലാം തീര്‍ക്കുമെന്ന വാഗ്ദാനത്തിലാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അത് നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇറാനെ ആക്രമിച്ച് ഹൂതികളേയും ഹമാസിനേയും എല്ലാം നിലയ്ക്ക് നിര്‍ത്താനാണഅ നീക്കം.

ചൈനീസ് കടലില്‍ തമ്പടിച്ചിരുന്ന യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് കൊണ്ടു പോവുകയാണ് ട്രംപ്. നിരവധി യുദ്ധ വിമാനങ്ങള്‍ക്ക് തമ്പടിക്കാന്‍ കഴിയുന്ന ഈ കപ്പലിന്റെ യാത്ര യുദ്ധം ഉറപ്പിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരെ ഏത് സമയവും അമേരിക്കന്‍ ആക്രമണം ഉണ്ടാകും. ഇതിനൊപ്പമാണ് റഷ്യയ്‌ക്കെതിരേയും നിലപാടുകള്‍ പറയുന്നത്. അമേരിക്കന്‍ ന്യൂസ് ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് പുട്ടിനെതിരെ തുറന്നടിച്ചത്. യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ സാധ്യമായില്ലെങ്കില്‍ അത് റഷ്യയുടെ വീഴ്ചയാണെന്നും കടുത്ത നടപടിക്ക് മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്ന്‍ പ്രസിഡന്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പുട്ടിന്റെ നിലപാട് അംഗീകരിക്കില്ല. ഈയാഴ്ച പുട്ടിനുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.

അതിനിടെ ആണവകരാറിന് അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. മധ്യസ്ഥര്‍ വഴി ചര്‍ച്ചയ്ക്ക് സാധ്യത തുറന്നുകിടക്കുന്നതായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. കരാര്‍ ആവശ്യപ്പെട്ട് ട്രംപ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്ക് ട്രംപ് അയച്ച കത്തിന് ഇറാന്‍ ഒമാന്‍ മുഖേന മറുപടി നല്‍കിയിരുന്നു. അമേരിക്ക സമ്മര്‍ദവും ഭീഷണിയും മുഴക്കുമ്പോള്‍ ചര്‍ച്ച സാധ്യമാക്കില്ലെന്നാണ് ഇറാന്‍ നിലപാട്. കരാറിന് തയാറായില്ലെങ്കില്‍ ഇറാന്‍ ഇതുവരെ കാണാത്ത ബോംബ് ആക്രമണമുണ്ടാകുമെന്ന് ട്രംപ് ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യുദ്ധ ഭീതി സജീവമാക്കി യുദ്ധ കപ്പലിന്റെ പശ്ചിമേഷ്യയിലേക്കുള്ള യാത്ര.

ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് അവരുടെ ആവശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പ്രതികരിച്ചിരുന്നു. ചര്‍ച്ചകളേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. 'ചില ധിക്കാരികളായ ഭരണകൂടങ്ങള്‍ ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധം പിടിക്കുകയാണ്. എന്നാല്‍ അവരുടെ ചര്‍ച്ചകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല. മറിച്ച് ആധിപത്യം സ്ഥാപിക്കാനും അവരുടെ സ്വന്തം ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണെന്നും അമേരിക്കയെ ലക്ഷ്യമിട്ട് ഖമേനി പറഞ്ഞിരുന്നു. അവരെ സംബന്ധിച്ചിടത്തോളം, ചര്‍ച്ചകള്‍ എന്നത് പുതിയ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ളൊരു മാര്‍ഗമാണ്. ഇത് ചെയ്യരുത്, ആ വ്യക്തിയെ കാണരുത്, ആ ഇനം നിര്‍മ്മിക്കരുത്, അല്ലെങ്കില്‍' നിങ്ങളുടെ മിസൈല്‍ പരിധി ഒരു നിശ്ചിത പരിധി കവിയാന്‍ പാടില്ല എന്നിങ്ങനെ പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നതൊന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോക്‌സ് ബിസിനസുമായുള്ള അഭിമുഖത്തിലാണ് ഇറാനുമായി ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ട്രംപ് വ്യക്തമാക്കിയത്. ' ഇറാനെ രണ്ട് രീതിയില്‍ നമുക്ക് സമീപിക്കാം. അതിലൊന്ന് സൈനികമായാണ്, മറ്റൊന്ന് കരാറിലൂടെ ആണവായുധങ്ങള്‍ തടഞ്ഞുകൊണ്ടാണ് എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

Tags:    

Similar News