യുക്രെയിനുമായി 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ വേണം; ഇല്ലെങ്കില്‍ നൂറ് ശതമാനം താരിഫുകള്‍; അത് ദ്വിതീയ താരിഫുമാകും; റഷ്യയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളും സ്ഥാപനങ്ങള്‍ക്കും മേല്‍ ലെവികള്‍ ചുമത്തും; പുടിനെ നിലയ്ക്ക് നിര്‍ത്താന്‍ 'താരിഫ് യുദ്ധം' പ്രഖ്യാപിച്ച് ട്രംപിസം; റഷ്യ പേടിച്ചു വിരളുമോ? ട്രംപ് വീണ്ടും മുന്നറിയിപ്പിലേക്ക്
വാഷിങ്ടണ്‍: പുടിനെ പിണക്കാന്‍ ഉറച്ച് അമേരിക്ക. യുക്രെയ്നുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ദിവസത്തെ സമയമാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ട്രംപ് നല്‍കിയത്. ഇതിന് തയാറായില്ലെങ്കില്‍ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. റഷ്യയുടെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം അസന്തുഷ്ടരാണ്. അതിനാല്‍ തന്നെ അവര്‍ക്കെതിരെ കഠിനമായ താരിഫുകള്‍ ചുമത്താന്‍ പോകുകയാണ്. 50 ദിവസത്തിനുള്ളില്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ഏകദേശം 100 ശതമാനം താരിഫുകള്‍ ചുമത്തും. അതിനെ ദ്വിതീയ താരിഫുകള്‍ എന്ന് വിളിക്കുമെന്ന് നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.
പുടിനോട് തനിക്ക് കടുത്ത നിരാശയുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. മാസങ്ങള്‍ക്ക് മുമ്പ് അവരൊരു കരാറില്‍ എത്തിച്ചേരുമെന്നായിരുന്നു താന്‍ കരുതിയിരുന്നത്. ഇനി സെപ്റ്റംബറോടെ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഞങ്ങള്‍ ദ്വിതീയ താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ദ്വിതീയ താരിഫുകള്‍ റഷ്യയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളും സ്ഥാപനങ്ങള്‍ക്കും മേല്‍ ലെവികള്‍ ചുമത്തുന്നതിന് വഴിവെക്കും. ചൈന, ബ്രസീല്‍, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി റഷ്യന്‍ ഇന്ധനങ്ങള്‍ വാങ്ങിക്കുന്നുണ്ട്. അതിനാല്‍ തന്നെ താരിഫുകള്‍ ഈ രാജ്യങ്ങള്‍ക്ക് എതിരേയും വരും. ഇതിലൂടെ റഷ്യയെ ഒറ്റപ്പെടുത്താനാണ് ശ്രമം. അമേരിക്ക-റഷ്യ പോര് വീണ്ടും പുതിയ തലത്തിലെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. യുക്രൈന് പാട്രിയട്ട് മിസൈലുകള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ട്രംപ് നേരത്തെ എത്തിയിരുന്നു. മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയ ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ അപ്പോഴും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പുട്ടിന്‍ വളരെ മനോഹരമായി സംസാരിക്കുമെന്നും എന്നാല്‍ വൈകുന്നേരം ആകുമ്പോള്‍ എല്ലാവരേയും ബോംബെറിയുകയും ചെയ്യും എന്നാണ് ട്രംപ് കളിയാക്കിയത്. അത് കൊണ്ട് തന്നെയാണ് യുക്രെയിന് പ്രതിരോധം തീര്‍ക്കാന്‍ മിസൈലുകള്‍ നല്‍കുന്നതെന്നും വിശദീകരിച്ചു. പാട്രിയട്ട് മിസൈലുകള്‍ എത്രയെണ്ണമാണ് യുക്രൈന് നല്‍കുന്നതെന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് അതിന്റെ ചെലവ് വഹിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുടിന്റെ പിടിവാശിയാണ് കാര്യങ്ങള്‍ അവതാളത്തില്‍ ആക്കിയതെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ താന്‍ പ്രസിഡന്റായാല്‍ ഉടനടി യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റായി ഏഴ് മാസം പിന്നിടുമ്പോഴും യുദ്ധം ഇപ്പോഴും തുടരുകയാണെന്ന കാര്യം ട്രംപിന് വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ റഷ്യക്കെതിരെ കടുത്ത നിലപാടിലേക്ക് അദ്ദേഹം പോകുന്നത്. റഷ്യാ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിച്ച് നോബല്‍ സമ്മാനത്തിന് കൂടുതല്‍ അടുത്തെത്തത്താന്‍ ട്രംപ് ആഗ്രഹിച്ചിരുന്നു. അത് പുടിന്റെ നിലപാട് കാരണം നടക്കാതെ പോയി. റഷ്യയുമായി എണ്ണ കച്ചവടം നടത്തുന്ന ഇന്ത്യയെ പോലും ട്രംപ് ഭയപ്പെടുത്താന്‍ എത്തി. എന്നാല്‍ അതൊന്നും വില പോയില്ല. റഷ്യയില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പുടിനെ പരസ്യമായി ട്രംപ് തള്ളി പറയുന്നത്. നേരത്തേ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ വെച്ച് ട്രംപുമായി വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു എങ്കിലും പിന്നീട് ഒത്തുതീര്‍പ്പിന് തയ്യാറാകുകയായിരുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത്‌േേ അമരിക്ക നല്‍കിയ സൈനിക സഹായത്തിന് പകരമായി യുക്രൈന്റെ ധാതുസസമ്പത്തിന്റെ വലിയൊരു ഭാഗം വിട്ടു നല്‍കാന്‍ പോലും സെലന്‍സ്‌കി തയ്യാറായി. എന്നാല്‍ യുദ്ധം ഒത്തുതീര്‍ക്കുന്നതിനായി ട്രംപ് മുന്നോട്ട് വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന കാര്യത്തില്‍ പുട്ടിന്‍ അലംഭാവം കാട്ടിയിരുന്നു.
ട്രംപ് പല തവണ പുട്ടിനുമായി ഫോണില്‍ മണിക്കൂറുകളോളം ചര്‍ച്ചയും നടത്തിയിരുന്നു. റഷ്യയില്‍ നിന്നുള്ള ദിവസേനയുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ പ്രതിരോധ സന്നാഹങ്ങള്‍ വേണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപ് ഇപ്പോള്‍ യുക്രൈന് ആയുധ സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ സൗജന്യമായിട്ടല്ല പണം വാങ്ങിയിട്ട് തന്നെയാണ് ആയുധങ്ങള്‍ നല്‍കുന്നതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.