നെഞ്ചത്ത് കൈവെച്ച് സ്വിസ് ജനത! അമ്പമ്പോ ഇതെന്തൊരു നികുതി; ട്രംപ് ചതിച്ചാശാനേ എന്ന് ഉറക്കെ പറയാതെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ്; 39 ശതമാനം അധിക തീരുവ അടിച്ചേല്‍പ്പിച്ചതോടെ പ്രതിഷേധം; രാഷ്ട്രീയ നയതന്ത്ര പരാജയമെന്ന് പ്രതിപക്ഷം

ട്രംപ് ചതിച്ചാശാനേ എന്ന് ഉറക്കെ പറായതെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ്

Update: 2025-08-02 15:19 GMT

ബേണ്‍: ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. പക്ഷെ അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ അന്തംവിട്ട അവസ്ഥയിലാണ്. അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും അധികം നികുതി ഈടാക്കുന്ന രാജ്യമായി ഇവിടം മാറുകയാണ്. ഇവിടെ 39 ശതമാനം തീരുവയാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍, സിറിയ, ലാവോസ്, മ്യാന്‍മര്‍ എന്നിവയ്ക്ക് ശേഷം ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമായി സ്വിറ്റ്സര്‍ലന്‍ഡ് മാറുകയാണ്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ പരാജയമാണ് ഇതെന്നാണ് അവിടുത്തെ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ്, സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്ത രാജ്യം സ്വിറ്റ്സര്‍ലന്‍ഡാണ്. സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ് കാരിന്‍ കെല്ലര്‍ സെട്ടര്‍ അമേരിക്കയുടെ വ്യാപാര സെക്രട്ടറി സ്‌ക്കോട്ട് ബെസന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പത്ത് ശതമാനമായിരിക്കും തീരുവ എന്നാണ് പ്രസിഡന്റ് വിശ്വാസം പ്രകടിപ്പിച്ചത്.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചിരുന്നത് 31 ശതമാനമായിരിക്കും എന്നാണ്. തീരുവ അന്തിമമായി പ്രഖ്യാപിച്ച ഇന്നലെ ഇരു രാജ്യങ്ങളിലേയും പ്രസിഡന്റുമാര്‍ തമ്മില്‍ ഫോണില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു എങ്കിലും അന്തിമതീരുമാനം ആയില്ല. ഇത് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ പരാജയം എന്നാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ആരോപിക്കുന്നത്.

ട്രംപ് സ്വിറ്റ്സര്‍ലന്‍ഡുമായി വലിയ കരാറുകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ വ്യവസായ പ്രമുഖര്‍ക്ക് അമേരിക്കന്‍ നേതാക്കളുമായി എത്ര തവണ ചര്‍ച്ച നടത്താന്‍ കഴിഞ്ഞു എന്നും അവര്‍ ചോദിക്കുന്നു. യുഎസുമായുള്ള വ്യാപാര കമ്മിയാണ് ഇപ്പോള്‍ സ്വിസ് സര്‍ക്കാര്‍ പറയുന്ന ന്യായം. 2024 ല്‍ അമേരിക്കയുമായുള്ള സ്വിസ് വ്യാപാര കമ്മി 47.4 ബില്യണ്‍ ഡോളറായിരുന്നു.

എന്നാല്‍ സേവന വ്യവസായങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍, കമ്മി 22 ബില്യണ്‍ ഡോളറായി ചുരുങ്ങും. സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിനകം തന്നെ യുഎസിലെ ആറാമത്തെ വലിയ നിക്ഷേപകരാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസംഖ്യ വെറും 9 ദശലക്ഷമാണ്, അവരില്‍ പലരും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിന് താരിഫുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഓഗസ്റ്റ് 7 വരെ ഒരു ചെറിയ അവസരമുണ്ട്.

അതുവരെ, സ്വിസ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് ശക്തമായി ശ്രമിക്കും. 39% കുറയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആയിരക്കണക്കിന് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് സ്വിസ് വ്യവസായികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ നിലപാടിനെതിരെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉള്ളത്.

Tags:    

Similar News