പുട്ടിനെ വിളിച്ച് വരുത്തി ട്രംപ് വച്ച് നീട്ടിയത് യുക്രൈന്‍ എന്ന രാജ്യത്തിന്റെ പ്രവിശ്യകള്‍; വൈറ്റ് ഹൗസിലെത്തി കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കിക്ക് അമേരിക്കയുടെ സമന്‍സ്; യുദ്ധം അവസാനിപ്പിക്കാതെ ചോദിച്ചതെല്ലാം കിട്ടിയതിന്റെ ആവേശത്തില്‍ റഷ്യ: ട്രംപിന്റെ സമാധാന ശ്രമത്തില്‍ യുക്രൈന് നഷ്ടമാവുക അനേകം പ്രവിശ്യകള്‍; എന്ത് ചെയ്യണമെന്നറിയാതെ ഒരു ജനത

Update: 2025-08-17 01:46 GMT

അലാസ്‌ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെയും 'പിടിയില്‍' അകപ്പെട്ട യുക്രെയിന്‍ ഭരണാധികാരി സെലെന്‍സ്‌കിക്ക്, കിഴക്കന്‍ യുക്രൈനിലെ നിര്‍ണ്ണായകമായ ഡോണ്‍ബാസ് മേഖലയുടെ വലിയൊരു ഭാഗം കൈവിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അലാസ്‌കയില്‍ നടന്ന ട്രംപ്-പുടിന്‍ ഉച്ചകോടിയാണ് ഈ നിര്‍ണായക നീക്കങ്ങള്‍ക്ക് വഴിവെച്ചത്. യുക്രയിന്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ, ഡോണ്‍ബാസിന്റെ വലിയൊരു ഭാഗം റഷ്യക്ക് വിട്ടുകൊടുക്കുന്നതിന് പകരമായി, യുക്രൈന് അവരുടെ ശേഷിക്കുന്ന പ്രദേശങ്ങളില്‍ 'നാറ്റോ-ശൈലിയിലുള്ള' സംരക്ഷണം വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഇതിന് യുക്രെയിന് വഴണ്ടേണ്ടി വരും. കരാര്‍ ഒപ്പിടാന്‍ സെലന്‍സ്‌കിയില്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തും. കരാര്‍ ആകും വരെ യുദ്ധം തുടരുകയും ചെയ്യും.

അലാസ്‌കരയിലേക്ക് പുട്ടിനെ വിളിച്ച് വരുത്തി ട്രംപ് വച്ച് നീട്ടിയത് യുക്രൈന്‍ എന്ന രാജ്യത്തിന്റെ പ്രവിശ്യകള്‍ എന്ന സൂചനകളാണ് പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ വൈറ്റ് ഹൗസിലെത്തി കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കിക്ക് അമേരിക്കയുടെ സമന്‍സിന് സമാനമായ അന്ത്യശാസനം എത്തി കഴിഞ്ഞു. യുദ്ധം അവസാനിപ്പിക്കാതെ ചോദിച്ചതെല്ലാം കിട്ടിയതിന്റെ ആവേശത്തില്‍ റഷ്യ ആഘോഷത്തിലേക്കും പോകുന്നു. ട്രംപിന്റെ സമാദാന ശ്രമത്തില്‍ യുക്രൈന് നഷ്ടമാവുക അനേകം പ്രവിശ്യകള്‍ എന്നാണ് സൂചന. എന്ത് ചെയ്യണമെന്നറിയാതെ ഒരു ജനത യുക്രെയിനില്‍ പ്രതിസന്ധിയിലാണ്. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ സെലന്‍സ്‌കി അനുസരിക്കുമോ എന്നതാണ് ഇനി നിര്‍ണ്ണായകം.

സെലെന്‍സ്‌കി വാഷിംഗ്ടണിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്. 2014 മുതല്‍ സംഘര്‍ഷത്തിന്റെ ഹൃദയഭാഗമായ ഡോണെറ്റ്‌സ്‌ക് വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് സെലെന്‍സ്‌കി നിലപാടെടുത്തതായും എന്നാല്‍ 'പ്രദേശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് താന്‍ ഒരുക്കമാണെന്നും' സെലന്‍സ്‌കി നല്‍കിയതായി സൂചനയുണ്ട്. വന്‍ശക്തികളുടെ തന്ത്രപരമായ നീക്കങ്ങള്‍ക്കിടയില്‍, യുക്രൈന്റെ പരമാധികാരം ഒരു നിര്‍ണ്ണായക ചോദ്യചിഹ്നമായി മാറുകയാണ്. പ്രതിരോധിക്കാനുള്ള പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങളും, അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യവും പോലും ഈ വന്‍ശക്തികളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട സമ്മര്‍ദ്ദത്തിന് മുന്നില്‍ നിസ്സഹായമായി നില്‍ക്കുന്ന കാഴ്ചയാണ് ആഗോള സമൂഹം കാണുന്നത്. യുക്രൈന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നതാണ് പുടിന്‍-ട്രംപ് ചര്‍ച്ച.

ട്രംപിന് മുന്നില്‍ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കടുത്ത നിലപാട് എടുക്കുകയായിരുന്നു. അലാസ്‌കയില്‍ നടന്ന ഉന്നതതല ഉച്ചകോടിയില്‍ യുദ്ധവിരാമമോ റഷ്യക്കെതിരെ ഉപരോധമോ ഏര്‍പ്പെടുത്താന്‍ ഡൊണാള്‍ഡ് ട്രംപിന് സാധിക്കാതെ വന്നതോടെ മോസ്‌കോയില്‍ ആവേശമാണ്. തങ്ങള്‍ക്ക് വ്യക്തമായ മേല്‍ക്കൈ ലഭിച്ചതായി റഷ്യ കരുതുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭാഷണങ്ങള്‍ക്കൊടുവില്‍ യുദ്ധവിരാമമില്ലാതെയും ഉപരോധങ്ങളില്ലാതെയും മടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മുന്നില്‍ റഷ്യ വച്ച ആവശ്യങ്ങള്‍ യുക്രെയിന്റെ മനോവീര്യം തകര്‍ക്കുന്നതാണ്. ഇതെല്ലാം ട്രംപ് അംഗീകരിച്ചുവെന്നാണ് സൂചന. 'മുന്‍വ്യവസ്ഥകളില്ലാതെ ചര്‍ച്ചകള്‍ സാധ്യമാണെന്ന് ഈ കൂടിക്കാഴ്ച തെളിയിച്ചു,' മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് ടെലിഗ്രാമില്‍ കുറിച്ചു. യുക്രൈനില്‍ യുദ്ധം തുടരുമ്പോഴും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് ഉച്ചകോടി തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'യുദ്ധവിരാമമില്ലാതെ ഞാന്‍ മടങ്ങിയാല്‍ എനിക്ക് സന്തോഷമുണ്ടാകില്ല', 'മോസ്‌കോ സഹകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും' എന്നിങ്ങനെയുള്ള കടുത്ത മുന്നറിയിപ്പുകളുമായാണ് ട്രംപ് ഉച്ചകോടിക്ക് എത്തിയത്. എന്നാല്‍, മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം വ്യക്തമായ ഫലങ്ങളൊന്നുമില്ലാതെ, ട്രംപ് തന്റെ ഭീഷണികള്‍ മാറ്റിവെച്ച് കൂടിക്കാഴ്ച 'അതീവ ഗുണകരം' എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുടിന്‍ തന്റെ പരമാവധി ആവശ്യങ്ങളില്‍ ഉറച്ചുനിന്നു. യുദ്ധക്കളത്തില്‍ റഷ്യന്‍ സൈന്യം കിഴക്കന്‍ യുക്രൈനില്‍ തന്ത്രപ്രധാനമായ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് റഷ്യയുടെ ഈ നിലപാട്. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന്‍ ഡൊനെറ്റ്‌സ്‌കില്‍ നിന്നും ലുഹാന്‍സ്‌കില്‍ നിന്നും പിന്‍വാങ്ങണമെന്ന് പുടിന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി ചര്‍ച്ചകളുമായി നേരിട്ട് ബന്ധമുള്ള രണ്ട് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ലുഹാന്‍സ്‌ക് പൂര്‍ണ്ണമായും റഷ്യന്‍ നിയന്ത്രണത്തിലാണെങ്കിലും, ക്രാമറ്റോര്‍സ്‌ക്, സ്ലോവിയന്‍സ്‌ക് തുടങ്ങിയ നഗരങ്ങളും ശക്തമായ പ്രതിരോധ മേഖലകളും ഉള്‍പ്പെടെയുള്ള ഡൊനെറ്റ്‌സ്‌കിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും യുക്രൈന്റെ കൈവശമാണ്.

ഡൊനെറ്റ്‌സ്‌കും ലുഹാന്‍സ്‌കും വിട്ടുനല്‍കുകയാണെങ്കില്‍, തെക്കന്‍ യുക്രൈനിലെ ഖേര്‍സണ്‍, സപ്പോരിജിയ മേഖലകളില്‍ റഷ്യന്‍ സൈന്യം കൈവശം വെക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നിര്‍ത്താന്‍ റഷ്യ തയ്യാറാകും. അതേസമയം, തങ്ങളുടെ ഒരു പ്രദേശവും വിട്ടുനല്‍കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ സഖ്യകക്ഷികളും യുക്രൈന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപ് ഉറച്ചു നിന്നാല്‍ സെലന്‍സ്‌കി പ്രതിരോധത്തിലാകും.

Tags:    

Similar News