ഐ എസിന്റെ കൊടുംക്രൂരത; 2014 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളെ കുഴിച്ചുമൂടി; ഖഫ്‌സയിലെ ഭീമാകാരമായ ശ്മശാനം കുഴിച്ച് പരിശോധന; തിരിച്ചറിയല്‍ നടപടിക്കായി അവധി പ്രഖ്യാപിച്ച് ഇറാഖ് സര്‍ക്കാര്‍
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 2014 മുതല്‍ മൂന്ന് വര്‍ഷക്കാലത്തിനിടെ കൂട്ടക്കൊല നടത്തി മൃതദേഹം കുഴച്ചിട്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് കുഴിച്ച് പരിശോധന നടത്തി ഇറാഖ് സര്‍ക്കാര്‍. വടക്കന്‍ ഇറാഖ് നഗരമായ മൊസ്യൂളിന് സമീപത്തെ ഖഫ്സ എന്ന പ്രദേശത്ത് പരിശോധന ആരംഭിച്ചത് ഓഗസ്റ്റ് ഒന്‍പതിനാണ്. പത്ത് വര്‍ഷം മുന്‍പ് നടന്ന കൂട്ടക്കൊലയില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്.
നിയമസംവിധാനങ്ങള്‍, ഫോറന്‍സിക് വിഭാഗം, ഇറാഖിലെ രക്തസാക്ഷികള്‍ക്കായുള്ള ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഖഫ്സയിലെ കുഴിയില്‍ അടക്കിയവരുടെ 70 ശതമാനവും ഇറാഖ് സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഇറാഖിലെ പുരാതന മതന്യൂനപക്ഷമായ യസീദി വിഭാഗക്കാര്‍ എന്നിവരാണെന്നാണ് സൂചന. ഇരകളെ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ഇറാക്ക് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു. പരിശോധന തുടങ്ങി ഒരു ദിവസത്തിന് ശേഷമാണ് ഇറാക്ക് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇരകളെ തിരിച്ചറിയുന്നതിനും അവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അവകാശങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നിയമപരവും സാങ്കേതികപരവുമായ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബാസെം അല്‍-അവാദി പ്രസ്താവനയില്‍ അറിയിച്ചു.
വടക്കന്‍ നിനവെ പ്രവിശ്യയിലെ അല്‍-ഖസ്ഫ കൂട്ടക്കുഴിമാടത്തില്‍ നിരപരാധികളായ ആയിരക്കണക്കിന് ഇറാക്കി ഇരകളുടെ മൃതദേഹങ്ങള്‍ ഉള്ളതായി കരുതുന്നുവെന്ന് അല്‍-അവാദി പറഞ്ഞു. ഞായറാഴ്ചയാണ് ശ്മശാനം തുറന്ന് പരിശോധന ആരംഭിച്ചതതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. 2014നും 2017നും ഇടയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് വടക്കന്‍ ഇറാക്കിലെ വലിയൊരു ഭാഗം നിയന്ത്രിച്ചിരുന്നത്. ഇക്കാലയളവില്‍ അവര്‍ കൊലപ്പെടുത്തിയ 20,000 പേരുടെ മൃതദേഹങ്ങള്‍ ഈ ശ്മശാനത്തില്‍ ഉണ്ടെന്ന് കരുതുന്നതായി നിനവെ ഗവര്‍ണര്‍ അബ്ദുള്‍ ഖാദിര്‍ അല്‍ ദഖില്‍ പറഞ്ഞു.
പ്രാഥമികമായി മനുഷ്യാവശിഷ്ടങ്ങളും പ്രാഥമിക തെളിവുകളുമാണ് ശേഖരിക്കുന്നത്. ഇതിനുശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. 15 ദിവസത്തെ പരിശോധനയ്ക്ക് ശേഷം ശേഖരിച്ച വിവരങ്ങള്‍ക്കനുസൃതമായി ഒരു ഡാറ്റാബേസ് നിര്‍മിക്കും. ഇരകളെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങളില്‍നിന്ന് ഡിഎന്‍എ സാംപിള്‍ ശേഖരിക്കും. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ഡാറ്റാബേസ് ഉണ്ടെങ്കിലെ കൊല്ലപ്പെട്ടവരെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
നാലായിരത്തോളം ശവശരീരങ്ങള്‍ ഖഫ്സയില്‍ അടക്കിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഇവിടത്തെ സള്‍ഫര്‍ കലര്‍ന്ന ഭൂഗര്‍ഭജലം പരിശോധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇറാഖില്‍ ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവുംകൂടുതല്‍ പേരെ കുഴിച്ചുമൂടിയ ശവക്കുഴിയായിരിക്കും ഇതെന്നാണ് അധികൃതര്‍ കരുതുന്നത്. 2014-17 വരെയുള്ള കാലയളവില്‍ ഇറാഖിന്റെയും സിറിയയുടെയും ഭൂരിഭാഗംവരുന്ന പ്രദേശങ്ങളും ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. 2017 ജൂലായിലാണ് ഇറാഖ് സേന ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തുകയും ഇറാഖിലെ വടക്കന്‍ നഗരമായ മൊസ്യൂള്‍ വീണ്ടെടുക്കുകയും ചെയ്തത്.